- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ; ലൂസിഫറെ മറികടന്ന് കുറുപ്പിന്റെ തേരോട്ടം; ഇനി തിയേറ്ററിന് കരുത്താകാൻ കാവൽ; അതു കഴിഞ്ഞാൽ റിക്കോർഡ് ഭേദിക്കാൻ അറബിക്കടലിന്റെ സിംഹവും; ദുൽഖറിന്റെ നേട്ടങ്ങളെ വെട്ടാൻ ലാലിന്റെ മരയ്ക്കാറിന് കഴിയുമോ? കോവിഡിനെ മലയാള സിനിമ അതിജീവിക്കുമ്പോൾ
കൊച്ചി: കോവിഡിനെ മലയാള സിനിമ പിടിച്ചു കെട്ടി. ദുൽഖർ സൽമാൻ നായകനായി എത്തിയ 'കുറുപ്പ്' അൻപത് കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ഇനി മരയ്ക്കാറുടെ വരവ്. മോഹൻലാലിന്റെ അറബിക്കടലിന്റെ സിംഹവും നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തലുകൾ. ഇതിനിടെ സുരേഷ് ഗോപിയുടെ കാവലും എത്തും. എല്ലാം കൂടിയാകുമ്പോൾ ക്രിസ്മസിൽ മലയാള സിനിമ പുത്തൻ ഉണർവ്വിലാകും.
മലയാള സിനിമ ഒടിടിയിലേക്ക് കൂടുമാറുമെന്ന ആശങ്കയും ഇതോടെ മാറുകയാണ്. 'കുറുപ്പി'നെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുൽഖർ സൽമാൻ കുറിച്ചു. കേരളത്തിൽ 505 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ നേടിയത് ആറരക്കോടി രൂപയാണെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ വെളിപ്പെടുത്തിയിരുന്നു. 50 ശതമാനം സീറ്റുകളിൽ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും 'കുറുപ്പി'ന്റെ പ്രദർശനങ്ങളെല്ലാം ഹൗസ്ഫുൾ ആയിരുന്നു.
ലോകമാകെ 1500 സ്ക്രീനുകളിലായിരുന്നു റിലീസ്. കേരളത്തിൽ മാത്രം ആദ്യദിനം രണ്ടായിരത്തി അറുനൂറിലധികം ഷോ നടന്നു. ഏഴും എട്ടും ഷോകൾ നടന്ന തിയറ്ററുകളുണ്ട്. ചെന്നൈ സിറ്റിയിൽ നിന്നും മാത്രം ആദ്യദിനം പത്ത് ലക്ഷം രൂപയാണ് ചിത്രം കലക്ട് ചെയ്തത്. ഇതും റിക്കോർഡാണ്. മലയാള സിനിമയുടെ പ്രതാപകാലത്തിനും അപ്പുറത്തേക്കും കളക്ഷൻ റിക്കോർഡുകൾ എത്തി. കോവിഡിനെ പ്രേക്ഷകർ മറന്നു തുടങ്ങി. ലൂസിഫറിന്റെ റിക്കോർഡുകളാണ് കുറുപ്പ് മറികടക്കുന്നത്.
എല്ലാ അർത്ഥത്തിലും കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമെത്തിയ 'കുറുപ്പി'നു കഴിഞ്ഞു. മലയാളത്തിൽ എന്നത് പോലെ തന്നെ തമിഴിലും തെലുങ്കിലും റെക്കോർഡ് ഓപ്പണിങ്ങാണ് കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തമിഴിൽ ദീപാവലി റിലീസായെത്തിയ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടാത്തത് കുറുപ്പിലേക്ക് പ്രേക്ഷകരെ കൂടുതൽ അടുപ്പിച്ചു. ഇത് ചെറിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇത് അസ്ഥാനത്താക്കുന്നതാണ് കുറുപ്പിന്റെ നേട്ടം. പുലിമുരുകനും ലൂസിഫറിനും അപ്പുറത്തേക്കുള്ള സ്വീകാര്യതയാണ് കുറുപ്പ് തിയേറ്ററിൽ നേടിയത്.
ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ന്മെന്റ്സും ചേർന്നാണ് നിർമ്മാണം. മുടക്കമുതൽ നിർമ്മാതാക്കൾ നേടുമെന്ന് ഉറപ്പായിട്ടുണ്ട്. തിയേറ്റർ വിഹിതം കൂടി കൊടുത്താൽ രണ്ട് ദിവസത്തിനുള്ളിൽ നിർമ്മാതാവിന്റെ മുഖത്ത് ചിരിയെത്തും. ടെലിവിഷൻ റൈറ്റും ഒടിടി പ്രദർശനവും കൂടിയാകുമ്പോൾ വലിയ നേട്ടത്തിലേക്ക് കാര്യങ്ങളെത്തും.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് സിനിമ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇന്നലെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, തിയേറ്റർ ഭാരവാഹികൾ. ഫിലിം ചേംബർ പ്രസിഡന്റ് സുരേഷ് കുമാർ,? ഷാജി എൻ.കരുൺ,? വിജയകുമാർ എന്നിവരുമായി മന്ത്രി സജി ചെറിയാൻ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
മലയാള സിനിമയുടെയും ഈമേഖലയിലെ വലിയൊരു വിഭാഗം ജനങ്ങളുടെയും നിലനിൽപിന് വേണ്ടി വലിയ വിട്ടുവീഴ്ചയാണ് ആന്റണി നടത്തിയത്. മോഹൻലാലും പ്രിയദർശനും സർക്കാരിനോട് നന്നായി സഹകരിച്ചുവെന്നും മന്ത്രി പറഞ്ഞു. ഏറെ നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സിനിമയാണ് 'കാവൽ'. നിഥിൻ രൺജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 25 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പോസ്റ്റർ ചെയ്തുകൊണ്ട് നിർമ്മാതാവ് ജോബി ജോർജ് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. 'ഇത് തമ്പാൻ...സ്നേഹിക്കുന്നവർക്ക് കാവലാകുന്ന തമ്പാൻ നവംബർ 25 മുതൽ കാവൽ,' എന്നായിരുന്നു പോസ്റ്റിലെ വാചകം.
മറുനാടന് മലയാളി ബ്യൂറോ