- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒടിടിയിൽ മിന്നലായ മുരളി; കുറുപ്പ് നൽകിയത് മികച്ച തിയേറ്റർ ഓപ്പണിങ്; ഒടിടിയും ടിവി റൈറ്റും തിയേറ്ററും സമന്വയിപ്പിച്ച് പണം തിരിച്ചു പിടിച്ച മരയ്ക്കാർ; ജാൻ എ മനും ഭീമന്റെ വഴിയും കാവലും നേടിയത് ഉഗ്രൻ കളക്ഷൻ; കേശവും ആളുകളെ ചിരിപ്പിച്ച് മുന്നേറുന്നു; മൂന്നു മാസത്തിനുള്ളിൽ എത്തുക 50 ചിത്രങ്ങൾ; കോവിഡ് മലയാള സിനിമയ്ക്ക് നല്ലകാലം എത്തിക്കുമ്പോൾ
കൊച്ചി: ടൊവിനോ തോമസിന്റെ 'മിന്നൽ മുരളി' ചരിത്രമായി. ഒ.ടി.ടി.യിലെ ഏറ്റവും വലിയ മലയാള ഹിറ്റ്. ഒ.ടി.ടി.യിൽ ലോകമെമ്പാടും കണ്ട ഇംഗ്ലീഷ് ഇതര സിനിമകളിൽ നാലാം സ്ഥാനത്താണ് 'മിന്നൽ മുരളി'. ഇതിനൊപ്പം തിയേറ്ററും പ്രതീക്ഷയിലാണ്. കോവിഡ് മലയാള സിനിമയേയും മാറ്റി മറിച്ചു. മിന്നിൽ മുരളിക്കൊപ്പം തിയേറ്ററിലും നിരവധി വിജയ ചിത്രങ്ങൾ. ഒടിടിയുടേയും തിയേറ്ററിന്റേയും സാധ്യതകൾ പരമാവധി ഉപയോഗിച്ച് മരയ്ക്കാർ അറബിക്കടലിന്റെ സിംഹവും സാമ്പത്തിക നേട്ടമുണ്ടാക്കി. അങ്ങനെ വമ്പൻ സിനിമകൾക്ക് മറ്റൊരു സാധ്യത കൂടിയാണ് ഒടിടി.
കോവിഡ് ലോക്ഡൗണിൽ പ്രതിസന്ധിയുടെ അങ്ങേയറ്റത്തെത്തിയ മലയാളസിനിമ സാമ്പത്തിക വിജയങ്ങളിലേക്ക് തിരിച്ചുവരുന്നുവെന്നതാണ് വസ്തുത. തിയേറ്ററുകൾ തുറന്നപ്പോൾ ആദ്യമെത്തിയ ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പാ'ണ് നല്ല കളക്ഷനുമായി തിരിച്ചുവരവിൽ നിർണായകമായത്. ഒ.ടി.ടി.യിൽ റിലീസ് ചെയ്ത സിനിമകളും മികച്ച വിജയം നേടിയതോടെ മലയാളസിനിമ വലിയ സാമ്പത്തികാശ്വാസങ്ങളിലേക്ക് തിരിച്ചെത്തി. തിയേറ്ററിലേക്ക് ആളുകളും എത്തുന്നു. തിയേറ്ററുകളിലെ അമ്പത് ശതമാനം നിയന്ത്രണം മാറ്റിയാൽ ഇനിയും സാമ്പത്തിക നേട്ടം റിലീസിലൂടെ ഉണ്ടാകും.
'കുറുപ്പും' 'മരക്കാറും' പോലെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം വളരെചെറിയ ബജറ്റിൽ വന്ന 'ജാൻ എ മൻ' പോലെയുള്ള ചിത്രങ്ങളും വിജയപ്പട്ടികയിലെത്തിയതായി തിയേറ്റർ ഉടമകളുടെ സംഘടനയായ 'ഫിയോക്'ചൂണ്ടിക്കാട്ടുന്നു. തിയേറ്ററുകളിലേക്ക് കാണികളെത്തുന്നുവെന്ന് ഉറപ്പായതോടെ അടുത്ത മൂന്നുമാസത്തിനുള്ളിൽ 50-ഓളം സിനിമകൾ തിയേറ്ററുകളിലെത്തിക്കാനാണ് 'ഫിയോക്' ഒരുങ്ങുന്നത്. സുരേഷ് ഗോപിയുടെ കാവലും വിജയമായി. ഭീമന്റെ വഴിയും ലാഭം തിരിച്ചു പിടിച്ചു. ഒടിടിയിൽ കേശു ഈ വീടിന്റെ നാഥനും തരംഗമാകുകയാണ്.
തിയേറ്ററുകളിൽ വിജയം നേടാനാവാത്ത സിനിമകൾക്ക് പോലും ഒടിടിയിൽ പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്നു. അതുകൊണ്ട് തന്നെ സിനിമാക്കാർക്ക് നല്ല പ്രതീക്ഷയാണ് ഒടിടിയും നൽകുന്നത്. മോഹൻലാലിന്റെ ബ്രോ ഡാഡിയും എലോണും ട്വൽത്തുമാനും ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇതിൽ ബ്രോ ഡാഡി ഉടൻ എത്തുമെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം തിയേറ്ററിലേക്കും നിരവധി സൂപ്പർ സിനിമകൾ എത്തുന്നുണ്ട്. എല്ലാം കൊണ്ടും മലയാള സിനിമ ആവേശത്തിലാണ്.
ലോക്ഡൗണിലായിരുന്ന മലയാള സിനിമയുടെ അൺലോക്ക് കാലമാണിതെന്നാണ് തിയേറ്ററുകളിൽനിന്നുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത മൂന്നുമാസത്തിനകം റിലീസ് ചെയ്യേണ്ട 50-ഓളം സിനിമകൾക്കു പരമാവധി സ്‌ക്രീൻ നൽകാനാണ് ഫിയോക്കിന്റെ തീരുമാനം. ഓരോ സിനിമയ്ക്കും നിശ്ചിത ദിവസം റിലീസിന് നൽകും. അത്രയും കാലം ആ സിനിമ തിയേറ്ററിൽ. അതിന് ശേഷം ഒടിടിയിലും. തിയേറ്റർ റിലീസ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ഒടിടിയിൽ സിനിമ എത്താനുള്ള സാധ്യത ഏറെയാണ്.
അപ്പോഴും ടിവി സംപ്രേഷണത്തിനും സാധ്യത കുറയുന്നില്ല. ഇപ്പോഴും ഒടിടിയിൽ സിനിമ വന്നാലും ടിവിയിൽ ചിത്രങ്ങൾ കാണാനും നിരവധി പ്രേക്ഷകരുണ്ട്. അതുകൊണ്ട് തന്നെ ടിവി റേറ്റിംഗിലൂടേയും വലിയ തുക നല്ല സിനിമകൾക്ക് കിട്ടും. അതുകൊണ്ട് തന്നെ സിനിമയുടെ നല്ല കാലമാണ് വരാനിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ