- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതുക്കെപോവുന്ന ഒരു പാസഞ്ചർ വണ്ടി! നാട്ടിൻപുറത്തെ സുന്ദരവും ലളിതവുമായ കാഴ്ചകൾ കണ്ട് പ്രേക്ഷകർക്ക് ഈ വണ്ടിയിൽ സഞ്ചരിക്കാം; ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ ക്ലൈമാക്‌സോ ഒന്നുമില്ലെങ്കിലും പടം കണ്ടിരിക്കാം; വീണ്ടും വിജയ ചിത്രവുമായി ടൊവീനോ
തീവണ്ടിയെപ്പോലെ നിർത്താതെ സിഗരറ്റ് വലിച്ച് പുക പുറത്തേക്ക് വിടുന്ന നായകൻ ഉണ്ടെന്നതൊഴിച്ചാൽ തീവണ്ടി എന്ന സിനിമയിൽ യഥാർത്ഥ തീവണ്ടിക്ക് സ്ഥാനമൊന്നുമില്ല. എന്നാൽ നാട്ടിൻപുറങ്ങളിലെല്ലാം ഇത്തരത്തിലുള്ള ചെയിൻ സ്‌മോക്കർമാരെ ആളുകൾ തീവണ്ടി എന്ന ഓമനപ്പേരിൽ വിളിക്കുന്നതുകൊണ്ട് തീവണ്ടി എന്ന പേര് ഈ സിനിമയ്ക്ക് ഏറെ യോജിച്ചതുമാണ്. പലപ്പോഴും വൈകിയെത്തുന്നതാണ് തീവണ്ടി. ടൊവീനോ നായകനായ തീവണ്ടിയെന്ന സിനിമയും ചിത്രീകരണം പൂർത്തിയാക്കി ഏറെക്കാലത്തിന് ശേഷമാണ് തിയേറ്ററുകളിലെത്തുന്നത്. വളരെ ദൂരത്തേക്ക് പോകുന്ന എക്സ്‌പ്രസ് ട്രെയിനിനെപ്പോലെ കുതിച്ചുപായേണ്ട കാര്യമൊന്നും ഈ തീവണ്ടിക്കില്ല. സംഭവ ബഹുലമായ കഥാഘടനയോ ട്വിസ്റ്റുകളോ ഒന്നുമില്ലാത്തതിനാൽ ഒരു പാസഞ്ചർ വണ്ടിയെപ്പോലെ തിരക്കില്ലാതെ പുറം കാഴ്ചകളൊക്കെ വിസ്തരിച്ച് കണ്ട് സഞ്ചരിക്കുകയാണ് നവാഗതനായ ടി പി ഫെല്ലിനി സംവിധാനം ചെയ്ത ഈ തീവണ്ടി. പറഞ്ഞു തീർക്കാൻ വലിയ കഥയൊന്നുമില്ലെങ്കിലും ലളിതമായ കഥാമുഹൂർത്തങ്ങളിലൂടെയും നടീനടന്മാരുടെ മികച്ച പ്രകടനത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടു
തീവണ്ടിയെപ്പോലെ നിർത്താതെ സിഗരറ്റ് വലിച്ച് പുക പുറത്തേക്ക് വിടുന്ന നായകൻ ഉണ്ടെന്നതൊഴിച്ചാൽ തീവണ്ടി എന്ന സിനിമയിൽ യഥാർത്ഥ തീവണ്ടിക്ക് സ്ഥാനമൊന്നുമില്ല. എന്നാൽ നാട്ടിൻപുറങ്ങളിലെല്ലാം ഇത്തരത്തിലുള്ള ചെയിൻ സ്‌മോക്കർമാരെ ആളുകൾ തീവണ്ടി എന്ന ഓമനപ്പേരിൽ വിളിക്കുന്നതുകൊണ്ട് തീവണ്ടി എന്ന പേര് ഈ സിനിമയ്ക്ക് ഏറെ യോജിച്ചതുമാണ്.
പലപ്പോഴും വൈകിയെത്തുന്നതാണ് തീവണ്ടി. ടൊവീനോ നായകനായ തീവണ്ടിയെന്ന സിനിമയും ചിത്രീകരണം പൂർത്തിയാക്കി ഏറെക്കാലത്തിന് ശേഷമാണ് തിയേറ്ററുകളിലെത്തുന്നത്. വളരെ ദൂരത്തേക്ക് പോകുന്ന എക്സ്‌പ്രസ് ട്രെയിനിനെപ്പോലെ കുതിച്ചുപായേണ്ട കാര്യമൊന്നും ഈ തീവണ്ടിക്കില്ല. സംഭവ ബഹുലമായ കഥാഘടനയോ ട്വിസ്റ്റുകളോ ഒന്നുമില്ലാത്തതിനാൽ ഒരു പാസഞ്ചർ വണ്ടിയെപ്പോലെ തിരക്കില്ലാതെ പുറം കാഴ്ചകളൊക്കെ വിസ്തരിച്ച് കണ്ട് സഞ്ചരിക്കുകയാണ് നവാഗതനായ ടി പി ഫെല്ലിനി സംവിധാനം ചെയ്ത ഈ തീവണ്ടി. പറഞ്ഞു തീർക്കാൻ വലിയ കഥയൊന്നുമില്ലെങ്കിലും ലളിതമായ കഥാമുഹൂർത്തങ്ങളിലൂടെയും നടീനടന്മാരുടെ മികച്ച പ്രകടനത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടുന്നുണ്ട് ഈ സിനിമ.
ചെയിൻ സ്‌മോക്കറായ ബിനീഷ് ദാമോദരൻ എന്ന യുവാവിന്റെ ജീവിതമാണ് തീവണ്ടി. വളരെ കുട്ടിക്കാലത്ത് തന്നെ സിഗരറ്റിന്റെ മണമറിഞ്ഞ ബിനീഷിനെ പിന്നീടുള്ള കാലത്തും സിഗരറ്റ് വിടാതെ പിന്തുടരുന്നു. നിർത്തണമെന്ന് ആലോചിക്കുമ്പോഴും ആ ലഹരി അവനെ വിട്ടുപിരിയാതെ ഒട്ടിച്ചേർന്നു നിൽക്കുകയാണ്. ഈ ശീലം ഏതെല്ലാം തരത്തിൽ ബിനീഷിന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വളരെ രസകരവും സുന്ദരവുമായി വരച്ചുകാട്ടുകയാണ് സിനിമ. പ്രണയവും രാഷ്ട്രീയവും ആക്ഷേപ ഹാസ്യവുമെല്ലാമുണ്ടെങ്കിലും പ്രധാനമായും സിഗരറ്റിനെയും സിഗരറ്റ് വലിയെയും ചുറ്റിപ്പറ്റി നിൽക്കുകയാണ് സിനിമ.
ശ്രദ്ധിച്ചിരുന്നില്ലെങ്കിൽ തീർത്തും ഉപദേശരൂപത്തിലുള്ള ഡോക്യുമെന്ററിയായിപ്പോകാവുന്ന കഥാഘടന. കുറച്ചുകാലം മുമ്പ് പുറത്തിറങ്ങിയ രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന സിനിമ നോക്കുക. രസകരമായി കഥ പറഞ്ഞു തുടങ്ങിയ ചിത്രം പിന്നീട് മദ്യത്തിനെതിരെയുള്ള ഉപദേശങ്ങളാൽ മുഖരിതമായി. അതോടെ സിനിമയുടെ രസച്ചരടും മുറിഞ്ഞു. എന്നാൽ മദ്യത്തിനടിമയായ സ്പിരിറ്റിലെ രഘുനന്ദനെപ്പോലെ ബുദ്ധിജീവിയൊന്നുമല്ല തീവണ്ടിയിലെ ചെയിൻ സ്‌മോക്കറായ ബിനീഷ് ദാമോദരൻ. അതുകൊണ്ട് തന്നെ ഉപദേശമോ സ്‌പോഞ്ചുപോലെയാകുന്ന ശ്വാസകോശത്തിന്റെ വിവരണമോ പുകവലിക്കെതിരായ മുദ്രാവാക്യങ്ങളോ ഒന്നുമില്ലാതെ പ്രധാന പ്രമേയത്തെ കൈകാര്യം ചെയ്യാൻ ഇവിടെ സാധിക്കുന്നുണ്ട്.
പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ ഫെഡറിക്കോ ഫെല്ലിനിയുടെ പേരാണ് തീവണ്ടിയുടെ സംവിധായകനും. എന്നാൽ ഒരു ക്ലാസിക് ചിത്രമൊരുക്കുകയല്ല. നാട്ടിൻ പുറത്തെ കാഴ്ചകളിലൂടെ തരക്കേടില്ലാത്ത ഒരു കാഴ്ചാനുഭവം പങ്കുവെയ്ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഭാര്യയുടെ പ്രസവ സമയം വീട്ടുവരാന്തയിൽ അസ്വസ്ഥനായി കാത്തിരിക്കുന്ന ഭർത്താവിന്റെ പതിവ് കാഴ്ചകളിൽ തുടങ്ങുന്ന സിനിമ പതിയെ രസകരമായ മുഹൂർത്തങ്ങളൊരുക്കി പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ബിനീഷ് ദാമോദരൻ പുകവലിക്കാരനായി മാറുന്ന കാഴ്ചകളൊക്കെ ഏറെ സുന്ദരമായാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സുന്ദരമായ കാഴ്ചകളുമായി പകുതി വരെ സഞ്ചരിക്കുന്ന സിനിമ പകുതിക്ക് ശേഷം പൊളിറ്റിക്കൽ ആക്ഷേപ ഹാസ്യവുമൊക്കെ ചേർത്ത് അൽപ്പം ബ്രേക്ക് ഡൗൺ ആകുന്നുണ്ട്. എം എൽ എയുടെ അപകടവും വിമാനത്താവള മാലിന്യത്തിനെതിരായ മനുഷ്യച്ചങ്ങലയും നായകന്റെ ദ്വീപ് വാസവുമെല്ലാമായി കാടുകയറിപ്പോവുന്നു എന്ന് തോന്നുമെങ്കിലും പ്രധാന കഥയുമായി അതിനെ കൂട്ടിയിണക്കിയാണ് സിനിമ അവസാനിപ്പിക്കുന്നത്.
ഒരു സാധാ നാട്ടിൻ പുറത്തെ കാഴ്ചകളാണ് സിനിമയിലുള്ളത്. സാധാരണക്കാരായ നാട്ടുകാരാണ് കഥാപാത്രങ്ങളെല്ലാം. തികച്ചും റിയലിസ്റ്റിക് മൂഡിൽ നീങ്ങുന്ന സിനിമ പിന്നീടാണ് ഒരു പൊളിറ്റിക്കൽ ആക്ഷേപ ഹാസ്യത്തിന്റെ ട്രാക്കിലേക്ക് മാറുന്നത്. സാങ്കൽപ്പികമായ ഒരു രാഷ്ട്രീയ പാർട്ടിയും സാങ്കൽപ്പികമായ അവരുടെ പാർട്ടി പരിപാടികളുമെല്ലാമായി കോമഡി തീർക്കാനാണ് കുറച്ചു നേരത്തെ ശ്രമം. കുറച്ച് മുഷിപ്പിക്കുമെങ്കിലും പിന്നീട് ഇതുമായി കൂട്ടിയിണക്കി പ്രധാന കഥയെ നല്ല രീതിയിൽ അവസാനിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും സാധിക്കുന്നു.
ബിനീഷിന്റെ പുകവലിയും അതു കാരണം ഉണ്ടാകുന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് കാമുകി അവനിൽ നിന്നും അകലുന്നതുമാണ് സിനിമയുടെ പ്രമേയം. ഇതിനിടയിലുണ്ടാകുന്ന ചില രാഷ്ട്രീയ സംഭവ വികാസങ്ങൾ ബിനീഷിന്റെ പുകവലിയെയും അവന്റെ പ്രണയത്തെയും ഏതെല്ലാം രീതിയിൽ മാറ്റിമറിക്കുന്നു എന്ന് സിനിമ വ്യക്തമാക്കുന്നു. പുകവലി നിർത്താൻ കാര്യമായ ഉപദേശങ്ങളൊന്നും സിനിമ നൽകുന്നില്ല. ചില സംഭവങ്ങളുടെ ഭാഗമായി പുകവലി നിർത്തേണ്ടിവരുന്ന ബിനീഷിന് ഒടുവിൽ അതിലും സുന്ദരാണ് കാമുകിയുടെ ചുംബനം എന്ന തിരച്ചറിവ് സിഗരറ്റിനെ പൂർണ്ണമായി ഉപേക്ഷിക്കാവുന്ന മാനസിക കരുത്ത് പ്രധാനം ചെയ്യുകയാണ്.
ബിനീഷിനെപ്പോലുള്ള ചെയിൻ സ്‌മോക്കറായ ചെറുപ്പക്കാരെ ഓരോ പ്രേക്ഷകനും ഏറെ പരിചയമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ കഥാപാത്രത്തിന്റെ മാനസിക ഘടനയോട് ഓരോ പ്രേക്ഷകനും എളുപ്പം താദാത്മ്യം പ്രാപിക്കാനും സാധിക്കും. സിഗരറ്റ് കിട്ടാതെ വരുമ്പോഴുള്ള അസ്വസ്ഥതയും അത് നിർത്താനുള്ള കഠിന ശ്രമവുമെല്ലാ പലരും ജീവിതത്തിൽ അനുഭവിച്ചതുമായിരിക്കും.
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ നല്ലൊരു തുടക്കം കാഴ്ച വെച്ച വിനി വിശ്വലാലാണ് ചിത്രത്തിന്റെ തിരക്കഥ. കൂതറ എന്ന സിനിമയിലൂടെ വൻ പരാജയം ഏറ്റുവാങ്ങിയ ഈ തിരക്കഥാകൃത്ത് വളരെ മികച്ച രീതിയിലാണ് തീവണ്ടിക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. മായാനദി, മറഡോണ എന്നീ ചിത്രങ്ങൾക്ക് ശേഷം മികച്ചൊരു വേഷമാണ് ടൊവീനോയ്ക്ക് ലഭിച്ചിരിക്കുന്നത്. സാധാരണക്കാരനായ കഥാപാത്രം. സ്‌കൂൾ കാലഘട്ടം മുതൽ യൗവ്വനം വരെയുള്ള നായകന്റെ കഥാപാത്രം അദ്ഭുതകരമായാണ് ടൊവീനോ ആവിഷ്‌ക്കരിക്കുന്നത്. സിഗരറ്റ് വലിക്കുമ്പോഴും അത് കിട്ടാതാവുമ്പോഴും അതിനെ ഉപേക്ഷിക്കുമ്പോഴുമെല്ലാമുള്ള ടൊവീനോയുടെ പ്രകടനെത്തെ അസാധ്യം എന്ന് തന്നെ വിശേഷിപ്പിക്കാം. നായികയായ ദേവിയായെത്തുന്ന സംയുക്ത മേനോൻ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചു. എങ്കിലും ഒന്നോ രണ്ടോ സീനുകളിൽ അവരുടെ അഭിനയം വല്ലാതെ ബോറടിപ്പിക്കുകയും ചെയ്തു. സൈജുകുറുപ്പ് ബിജിത്ത് എന്ന കഥാപാത്രമായി രസകരമായ പ്രകടനം കാഴ്ച വെച്ചു. ഗൗരവക്കാരനായ രാഷ്ട്രീയക്കാരനായി സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനം മികച്ചു നിന്നു. കുട്ടിക്കളിയുള്ള കഥാപാത്രങ്ങളിൽ തളച്ചിടപ്പെട്ട സുധീഷിന് മികച്ചൊരു വേഷമാണ് ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്. പുകവലിക്കാരനായ അമ്മാവന്റെ വേഷത്തിൽ തകർപ്പൻ പ്രകടനം തന്നെയാണ് സുധീഷ് കാഴ്ച വെക്കുന്നത്.
സിനിമയുടെ ലാളിത്യത്തിനൊപ്പം നിൽക്കുന്നതാണ് പാട്ടുകളും ഗാന ചിത്രീകരണങ്ങളും. തുടക്കക്കാരന്റെ പിഴവുകൾ ഉണ്ടെങ്കിലും ആദ്യചിത്രത്തെ തരക്കേടില്ലാത്തൊരു കാഴ്ചാനുഭവം ആക്കി മാറ്റാൻ സംവിധായകന് തീർച്ചയായും കഴിഞ്ഞിട്ടുണ്ട്. തീവണ്ടി മെല്ലെപ്പോകുന്ന ഒരു പാസഞ്ചർ വണ്ടിയാണ്. സംഭവ ബഹുലമായ കാഴ്ചകളൊന്നും അതിലില്ല. ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ ഇന്റർവെൽ പഞ്ചോ ക്ലൈമാക്‌സോ ഒന്നുമില്ല. പുറത്തെ നാട്ടിൻപുറത്തെ സുന്ദരവും ലളിതവുമായ കാഴ്ചകൾ കണ്ട് പ്രേക്ഷകർക്ക് ഈ വണ്ടിയിൽ സഞ്ചരിക്കാം.