തിരുവനന്തപുരം: മലയാളം മിഷന്റെ ഭാഷാപഠനപ്രചരണ ക്യാംപെയ്നായ ഭൂമിമലയാളത്തിന് ലഭിക്കുന്നത് ബെൽജിയം മുതൽ ലൈബീരിയ വരെയുള്ള മലയാളി പങ്കാളിത്തം. വിദൂരവും വ്യത്യസ്തവുമായ രാജ്യങ്ങളിലെ മലയാളി സാന്നിധ്യം വരച്ചുകാട്ടുന്ന ക്യാംപെയ്നിൽ ഇതുവരെ പങ്കെടുത്തത് രണ്ടുലക്ഷത്തിലേറെ മലയാളികൾ. നാൽപ്പത്തൊന്നു രാജ്യങ്ങളിൽ ഇതുവരെയായി ഭൂമിമലയാളത്തിന്റെ ആദ്യ ഘട്ടമായ ലോകമലയാളദിനാചരണ പരിപാടികൾ നടന്നു. ഇതുകൂടാതെ, വരുംദിവസങ്ങളിലും ഭൂമിമലയാളത്തിനോട് അനുബന്ധിച്ച പരിപാടികളിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷനും പുരോഗമിക്കുന്നു. കേരളപ്പിറവിയോടനുബന്ധിച്ച് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത ക്യാംപെയ്നിന് ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലും സാന്നിധ്യമുറപ്പിക്കാനായി.

വലിയ തോതിൽ ഉണ്ടായ മലയാളി പങ്കാളിത്തം മാത്രമല്ല, പങ്കെടുത്ത രാജ്യങ്ങളുടെ വൈവിധ്യവും ഭൂമിമലയാളം ക്യാംപെയ്നിന്റെ പ്രത്യേകതയാണെന്ന് മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് പറഞ്ഞു. ഗൾഫ്, അമേരിക്ക എന്നീ മേഖലകളിൽനിന്നാണ് സാധാരണനിലയിൽ മലയാളി സാന്നിധ്യം ആഗോളതല പ്രചരണ പരിപാടികൾക്കു ലഭിക്കാറുള്ളത്. ഭൂമിമലയാളത്തിനു പക്ഷേ ലൈബീരിയയും ബെൽജിയവും ജോർജ്ജിയയും പോലെയുള്ള രാജ്യങ്ങളിൽനിന്നുപോലും പങ്കാളിത്തം ലഭിച്ചു.

ഭൂമിമലയാളം ക്യാംപെയ്നിന്റെ ഭാഗമായ നിരവധി വ്യക്തികളും സംഘടനകളും മലയാളഭാഷാപഠനകേന്ദ്രങ്ങൾ തുറക്കുന്നതിനും മലയാളം മിഷന്റെ മറ്റ് ഭാഷാ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്നതിനും താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഇതിനോടകം മലയാളം മിഷനെ സമീപിച്ചുകഴിഞ്ഞു. മലയാളം എന്ന ഭാഷയോടുള്ള മലയാളിയുടെ മമതയും, ഭാഷയിലൂടെ സാധ്യമാകുന്ന ഐക്യപ്പെടലുമാണ് ഇത് സൂചിപ്പിക്കുന്നത്. ഭാഷാപഠനത്തിനും, വരും തലമുറയ്ക്കായി ഈ ഭാഷ കാത്തുസൂക്ഷിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്കും ഈ ഐക്യവികാരം വഴിതെളിക്കുമെന്ന് കരുതുന്നതായും സുജ സൂസൻ ജോർജ്ജ് പ്രതീക്ഷ പ്രകടിപ്പിച്ചു.