റിയാദ് : മലയാളം മിഷൻ സൗദി അറേബ്യാ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ച് മത്സരങ്ങൾ നടത്തുന്നു. മലയാളം മിഷൻ വിദ്യാർത്ഥികൾ കൂടാതെ സൗദിയിലെ എല്ലാ പ്രവാസി മലയാളികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം എന്നതാണ് ഓഗസ്റ്റ് മാസത്തിൽ നടക്കുന്ന മത്സരങ്ങളുടെ സവിശേഷത.

ഓണം വിഷയമാക്കി ചിത്രരചനാ മത്സരവും ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ, സംഭവങ്ങൾ എന്നിവ ആസ്പദമാക്കി പ്രച്ഛന്നവേഷമത്സരവുമാണ് കുട്ടികൾക്കായി നടത്തുക. നിലവിൽ സൗദിയിൽ കുടുംബമായി താമസിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിഭാവനം ചെയ്തതാണ് ഫാമിലി ക്വിസ്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രമാണ് ഫാമിലി ക്വിസിന്റെ വിഷയം.

ചിത്രരചനാ, പ്രച്ഛന്നവേഷമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ രണ്ട് വിഭാഗങ്ങളിലാണ് മത്സരിക്കുക. പത്ത് വയസ്സുവരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും 11 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾ സീനിയർ വിഭാഗത്തിലുമായിരിക്കും. സൃഷ്ടികൾ ഓഗസ്റ്റ് 20 നോ അതിനു മുൻപോ മലയാളം മിഷൻ പ്രവർത്തകർ നൽകുന്ന ഓൺലൈൻ ഫോമിൽ സമർപ്പിക്കണം.

വെർച്വൽ സംവിധാനമുപയോഗിച്ച് നടത്തുന്ന ഫാമിലി ക്വിസിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. ഒരു കുടുംബം ഒരു ടീമായാണ് പരിഗണിക്കുക. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 20 ആണ്. ഓഗസ്റ്റ് 27 , 28 തീയതികളിൽ ഫാമിലി ക്വിസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ ചിത്രരചനാ, പ്രച്ഛന്നവേഷമത്സരങ്ങളുടെയും ഫലം പ്രഖ്യാപിക്കും. വിജയികൾക്ക് മലയാളം മിഷൻ സൗദി ചാപ്റ്റർ സമ്മാനങ്ങൾ നൽകും. പങ്കെടുത്ത എല്ലാവര്ക്കും സാക്ഷ്യപത്രം നൽകും.

വിശാദാംശങ്ങൾക്കും അപേക്ഷാ ഫോമിനും 0582503001, 0576481545, 0533175898 എന്നീ വാട്‌സാപ്പ് നമ്പറുകളിലോ mmissionksa@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.