തിരുവനന്തപുരം : പ്രളയദുരന്തത്തെ അതിജീവിക്കുന്ന കേരളത്തിലെ കുട്ടികൾക്കായി ലോകമെമ്പാടുമുള്ള മലയാളം മിഷന്റെ വിദ്യാർത്ഥികൾ ചങ്ങാതിക്കുടുക്ക ഒരുക്കുന്നു.

പ്രളയത്തിൽ കേരളത്തിലെ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് വീടും പുസ്തകങ്ങളും മറ്റും നശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസിമലയാളി കുട്ടികൾ അവരുടെ കേരളത്തിലെ കൂട്ടുകാരെ സഹായിക്കാൻ ഒരു വഴിയെക്കുറിച്ച് ആലോചിച്ചതെന്ന് മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് പറഞ്ഞു.

ഓരോ മലയാളം മിഷൻ വിദ്യാർത്ഥിയും അവരവരുടെ വീടുകളിൽ സ്വന്തമായി ശേഖരിക്കുന്ന സഹായനിധിയാണ് ചങ്ങാതിക്കുടുക്ക. മൺകുടുക്ക, വഞ്ചി, അടപ്പുള്ള പാത്രങ്ങൾ എന്നിവ പണം ശേഖരിക്കുന്നതിന് ഉപയോഗിക്കാം. ഇതിൽ ചങ്ങാതിക്കുടുക്ക എന്ന വാക്കും, വിദ്യാർത്ഥിയുടെ പേരും മലയാളം മിഷൻ പഠനകേന്ദ്രത്തിന്റെ പേരും എഴുതി ഒട്ടിക്കണം. ഇതിനുശേഷം കുടുക്കയിൽ നാണയങ്ങൾ, ചെറിയ തുകകൾ എന്നിവ ശേഖരിച്ചുതുടങ്ങാം. മലയാളം മിഷൻ വിദ്യാർത്ഥികളല്ലാത്ത കൂട്ടുകാരോടും സ്വന്തമായി കുടുക്ക തുടങ്ങുന്നതിന് വിദ്യാർത്ഥികൾക്ക് ആവശ്യപ്പെടാം.

ഡിസംബർ 31വരെ ശേഖരിച്ച പണം വിദ്യാർത്ഥികൾ ഡിസംബർ അവസാനത്തോടെ അവരവരുടെ പഠനകേന്ദ്രത്തിൽ എത്തിക്കണം. ഇങ്ങനെ ശേഖരിച്ച തുകകൾ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്ന് മേഖല അടിസ്ഥാനത്തിൽ സമാഹരിച്ച ശേഷം മലയാളം മിഷൻ മേഖലാ ഭാരവാഹികൾ മലയാളം മിഷനിൽ ഏൽപ്പിക്കും. ഈ തുക പിന്നീട് മലയാളം മിഷൻ വിദ്യാർത്ഥികളുടെ സ്നേഹോപഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.

ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന എല്ലാ പഠനകേന്ദ്രങ്ങളും വിദ്യാർത്ഥികളും ചങ്ങാതിക്കുടുക്ക എന്ന സംരംഭത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ പറഞ്ഞു