സബ ഒരു സൂപ്പർ സ്റ്റാർ സിനിമയാണ്. അതിന്റെ ലക്ഷ്യം ഫാൻസിനെ തൃപ്തിപ്പെടുത്തുക മാത്രമാണ്. ഹീറോയിസമാണ് കസബയുടെ പ്രമേയം. അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന അമാനുഷികനാണ് രാജൻ സഖറിയ. വീശി പറന്നടിക്കുന്ന പൊലീസ് സർക്കിൾ ഇൻസ്പെക്ടർ. തോക്കുകൾക്കും കത്തികൾക്കും മുൻപിൽ ചങ്കുറപ്പോടെ നിവർന്നു നിന്നു വിജയം നേടുന്ന തന്റേടിയായ ഉദ്യോഗസ്ഥൻ. വനിത എസ്‌പിയോടു പോലും അശ്ലീലം പറയുകയും കയ്യിട്ടും പിടിക്കുകയും ചെയ്യുന്ന നിഷേധി. ഐജിയെ പോലും സല്യൂട്ട് ചെയ്യാത്ത നന്മ നിറഞ്ഞ അഹങ്കാരി. അഴിമതിയും അനീതിയും ഒന്നും ഒരു വിഷയമല്ലെങ്കിലും അൽപ്പം മാനുഷികത കൊണ്ട് നടക്കുന്ന പൊലീസുകാരൻ. എല്ലാം തികഞ്ഞ ഒരു അടിപൊളി തട്ടുപൊളിപ്പൻ സിനിമയാണ് കസബ.

സിനിമയെ കലയായി മാത്രം കാണുന്നവർക്ക് കലി വരും. ഇല്ല അത്തരക്കാർ എന്തായാലും കസബ കാണാൻ തീയേറ്ററിൽ കയറില്ല. ജീവിതത്തിന്റെ ഗന്ധമുള്ള കൊമേഴ്സ്യൽ സിനിമ ഇഷ്ടപ്പെടുന്നവർക്കും അത്രയങ്ങ് പിടിച്ചെന്ന് വരില്ല. എന്നാൽ സിനിമ ഒരു നേരമ്പോക്കായി കാണുന്നവർക്ക് നന്നേ ഇഷ്ടപ്പെടും. ടെൻഷൻ പിടിച്ച ജീവിതത്തിനിടയിൽ ചുമ്മാ കുറച്ച് നേരം കളയാൻ പോയാൽ രാജൻ സഖറിയയെ ഇഷ്ടപ്പെടും. അടിയും ഇടിയും കൊലപാതകവും ബലാത്സംഗ ശ്രമവും വേശ്യാവൃത്തിയുമൊക്കെ ഭാവനകൾ കൂട്ടി ചേർത്തു തമാശ സ്‌റ്റൈൽ ആക്കിയിട്ടുണ്ടെങ്കിലും പരസ്പര ബന്ധമില്ലാത്ത ഒരു അറുബോറൻ ഇടിപടമായി തോന്നുകയില്ല. രാജൻ സഖറിയയെ ആക്രമിക്കുമ്പോൾ അതിനുള്ള യോഗ്യത അയാൾക്കുണ്ട് എന്നു പ്രേക്ഷകനെ കൊണ്ടു തോന്നിപ്പിക്കുന്നതുകൊണ്ട് തന്നെ ആർക്കും ബോറടിക്കുകയില്ല. സിനിമ കഴിഞ്ഞു ഇറങ്ങുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നുകയില്ലെങ്കിലും വെറുതെ സമയം കളഞ്ഞല്ലോ എന്നും ആരും കരുതുകയില്ല.

ട്രെയ്ലറും ടീസറും ഒക്കെയായി മുൻപ് പറഞ്ഞു നിന്ന കസബ എന്താണോ കാണിക്കുന്നത് അതിനേക്കാൾ ഭേദമാണ് ഈ സിനിമയെന്ന് പറയാം. മമ്മൂട്ടി ചിത്രം ആയതുകൊണ്ട് ന്യുഡൽഹി പോലെ നല്ലൊരു കഥ ഉണ്ടാവും എന്നു കരുതി ആരും ഈ സിനിമയ്ക്ക് പോവില്ല എന്നോർക്കുക. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ പഴയകാല സിനിമകളുടെ പ്രൗഢിയും ഗാംഭീര്യവും ആലോചിച്ച് അതുമായി താരതമ്യം ചെയ്തു ആർക്കും വേവലാതിപ്പെടേണ്ട കാര്യമില്ല. വാസ്തവത്തിൽ ട്രെയ്ലറുകളിൽ കണ്ട പേടിപ്പിക്കുന്ന മാനറിസത്തിന്റെ വൃത്തികേടുകൾ ഈ സിനിമയിൽ ഇല്ല എന്നതാണ് സത്യം. ചുവന്ന ഉടുപ്പ് ധരിച്ചു മുണ്ടു പൊക്കി ആൾക്കൂട്ടത്തിന്റെ ഇടയിൽ വൃത്തികെട്ട രീതിയിൽ ചുവടു വയ്ക്കുന്ന ഒരു കാഴ്ച ട്രെയ്ലറിൽ ഉണ്ട് എന്നാൽ അത്രയും മാത്രമേ സിനിമയിലുള്ളൂ എന്നത് ആശ്വാസകരമാണ്. അതിന് പകരം ഒരു പാട്ടു സീനിൽ മുഴുവൻ മമ്മൂട്ടി ഇങ്ങനെ ചുവട് വച്ചിരുന്നെങ്കിൽ ഈ പടം പൊളിയാൻ മറ്റൊരു കാരണവും വേണ്ടിയിരുന്നില്ല.

മാനറിസത്തിന്റെ കാര്യം പറയുമ്പോൾ രാജൻ സഖറിയായുടെ കുണുങ്ങി കുണുങ്ങിയുള്ള ആ നടത്തെത്തെക്കുറിച്ചു പറയാതിരിക്കാൻ വയ്യ. ആക്ഷൻ സിനിമകൾക്കിടയിലെ സൂപ്പർ ഹിറ്റായ സ്ലോ മോഷൻ ആണ് ഇവിടെ വ്യത്യസ്തമായി പരീക്ഷിക്കുന്നത്. സ്ലോമോഷന് പകരം നായകൻ തന്നെ അങ്ങ് കുനിഞ്ഞു കൂടുകയാണ്. തന്റേടത്തിന്റെ പ്രതീകമായ ആ മാനറിസം പക്ഷെ ഭംഗിയില്ലാത്ത വിധം കൂടി പോകുന്നു. അൽപ്പം കൂടി കുനിവ് കുറച്ചിരുന്നെങ്കിൽ കുറച്ചു കൂടി ഭംഗിയായേനെ എന്നും പറയാതെ വയ്യ. എങ്കിലും ഈ സിനിമയെ വ്യത്യസ്തമാക്കുന്ന മാനറിസങ്ങളിൽ ഒന്നായി ഇതു മാറിയിട്ടുണ്ട്.[BLURB#1-H]

മമ്മൂട്ടി ഫാൻസുകാരേയും നേരം പോക്കിന് സിനിമ കാണുന്ന ചെറുപ്പക്കാരെയും രജനീകാന്ത് - വിജയ് ആരാധകരെയും ഇഷ്ടപ്പെടുത്തും എന്നതുകൊണ്ട് തന്നെ ഈ സിനിമ ബോക്സ്ഓഫീസിൽ ഒരു വൻ വിജയം ആയിരിക്കുമെന്ന് നിസംശയം പറയാം. തമിഴ് സിനിമകൾ മലയാളം സിനിമകളേക്കാൾ കൂടുതൽ ഓടുന്ന കേരളത്തിൽ ഈ സിനിമ കസറുമെന്ന് തീർച്ച. ആദ്യ ദിവസം തന്നെ ഏതാണ്ട് രണ്ട് കോടിയോളം കളക്റ്റ് ചെയ്തു എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഏതാണ്ട് എട്ടുകോടി രൂപ മുടക്കുള്ള കസബ ഒരാഴ്ച ഓടിയാൽ മുടക്ക് മുതൽ തിരിച്ചു കിട്ടും എന്ന ആശ്വാസമാണുള്ളത്. ബോക്സ് ഓഫീസിൽ വിജയം ആയാൽ സാറ്റ്ലൈറ്റ് റൈറ്റ് ആയി മൂന്നോ നാലോ കോടി അനായാസം ലഭിക്കും. ആ പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ ഇതുവരെ സാറ്റലൈറ്റ് അവകാശം നൽകാതിരുന്നത്.

ഫാൻസിനെ രാജൻ സഖറിയയിലേക്ക് അടുപ്പിക്കുന്ന ഒട്ടേറെ ഡയലോഗുകൾ ഈ സിനമിമയിൽ ഉണ്ട്. അതിൽ ചിലത് ആരാധകർ ഇപ്പോൾ തന്നെ പാടി നടക്കുന്നു. ''ഇനി ഈ കൈ എന്റെ നേരെ പൊങ്ങിയാൽ, അത് ഇടത്തേ കൈ കൊണ്ട് ചോറ് തിന്നാൻ പഠിച്ചിട്ടാകണം'' ''എനിക്ക് ഇടി അല്ല അടിയാണ് ഇഷ്ടം. പക്ഷേ അത് അങ്ങനെ എല്ലാരേയും കാണിക്കാൻ പറ്റില്ലലോ'' ''പന്തയം വെക്കുമ്പോൾ വല്ല കോഴിയുടെയോ കഴുതയുടെയോ മുകളിൽ വക്കു കടുവയുടെ മുകളിൽ വക്കല്ലേ'' തുടങ്ങിയ ഡയലോഗുകൾ ആണ് സോഷ്യൽ മീഡിയായിൽ ഇന്നലെ തന്നെ ഇടം പിടിച്ചത്. ഇപി ജയരാജനെ ട്രോൾ ചെയ്യാൻ ഉപയോഗിച്ച ചിത്രങ്ങൾ പോലെ സോഷ്യൽ മീഡിയ ഈ ഡയലോഗുകൾ കൂടി ഏറ്റെടുത്താൽ കസബക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല.

[BLURB#2-VL]അതേ സമയം സംഭാഷണങ്ങളും ദ്വയാർത്ത പ്രയോഗങ്ങളും അശ്ലീലത്തോടെ ചേർന്നു നിൽക്കുന്ന സീനുകളും ഈ സിനിമയിൽ ധാരളമുണ്ട്. തുടക്കത്തിൽ തന്നെ ഒരു വേശ്യയുടെ ജീവിതം കാണിച്ചാണ് ആരംഭിക്കുന്നത്. നായകനെ അവതരിപ്പിക്കാനായി ഇങ്ങനെ ഒരു വേശ്യയെ അവതരിപ്പിക്കേണ്ടി ഇരുന്നോ എന്ന ചോദ്യം അവശേഷിക്കുകയാണ്. കുടുംബ പ്രേക്ഷകരെ സംബന്ധിച്ചടുത്തോളം അസ്വാരസ്യം ഉണ്ടാക്കുന്ന സീനുകൾ ആണ് ഇതൊക്കെ. വേശ്യാലയം നടത്തിപ്പ് ഈ സിനിമയുടെ പ്രധാന പ്രമേയമാണ്. ഇങ്ങനെ പരസ്യമായി വേശ്യാലയം നടത്താമോ അല്ലെങ്കിൽ ഇങ്ങനെ പരസ്യമായി വേശ്യാലയ നടത്തിപ്പുകാരുടെ ഭാഗമായി നിന്നു കൊള്ളയും കൊലയും ഒക്കെ നടത്തിയാലും എന്തുമാവാമോ എന്നുള്ള ഒരുപാട് ചോദ്യങ്ങൾ ബാക്കിയുണ്ട്. എന്തായാലും പതിവ് തമിഴ് തെലുങ്ക് മലയാളം ആക്ഷൻ സിനകളുടേത് പോലെ വേശ്യകളും വില്ലന്മാരും അവരുടെ ജീവിതങ്ങളും അവർക്ക് ഓശാന പാടുന്ന പാവപ്പെട്ട തൊഴിലാളികളും ഒക്കെ കസബയിലും ഉണ്ട്.

ഇത്തരം കാഴ്ചകൾ വർണ്ണശബളമായി ഒപ്പി എടുക്കാൻ ക്യാമറമാന് സാധിച്ചിട്ടുണ്ട്. നിറങ്ങളുടെ ഒരു ആർട്ടാണ് കസബ. ആ നിറങ്ങൾ പകർത്തുമ്പോൾ കാണിക്കേണ്ട സൂക്ഷ്മത എന്തായാലും കാണിച്ചിട്ടുണ്ട്. ഒട്ടേറെ സിനിമകളിൽ സഹായായി പ്രവർത്തിച്ച നിധിൻ രഞ്ജി പണിക്കരുടെ ആദ്യ സിനിമ ഒരർത്ഥത്തിൽ വിജയമാണ്. എന്നാൽ അടുത്ത കാലത്ത് മലയാളത്തിന് ലഭിച്ച പുതുമഖ സംവിധായകരെ ഒക്കെ വച്ച് നോക്കുമ്പോൾ നിധിൻ ഒരു വിജയം ആണ് എന്ന് പറയാതെ വയ്യ. മികച്ച സംവിധായകന്റെ കയ്യൊപ്പൊന്നും ഈ ചിത്രത്തിൽ ഇല്ല. ദ്വയാർത്ത പ്രയോഗങ്ങളുടെ അന്യായമായ സമ്മേളനം മാത്രമല്ല കുറഞ്ഞത് 15 മിനിറ്റ് കൂടിയെങ്കിലും എഡിറ്റ് ചെയ്തു വൃത്തിയാക്കാവുന്ന രീതിയിലാണ് പടം പൂർത്തിയാക്കിയിരിക്കുന്നത്. ഈ പടം വിജയക്കുന്നത് മമ്മൂട്ടി എന്ന ഒരൊറ്റ നടന്റെ മിടുക്ക് കൊണ്ട് മാത്രമാണ്. ധീരനായ ഒരു പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടിയുടെ രാജൻ സഖറിയ നിറഞ്ഞോടുകയാണ്. ആ പ്രകടനം മാത്രമാണ് ഈ സിനിമയുടെ വിജയത്തിന് കാരണം.

[BLURB#3-VR]ശാരീരിക ഭാഷയും കഥാപാത്രങ്ങളുടെ പ്രായവും തമ്മിൽ ബന്ധം ഉണ്ടാവുക എന്നതാണ് ഒരു നടന്റെ അഭിനയത്തിന്റെ വിജയ പരാജയങ്ങൾക്ക് കാരണമാകുന്നത്. പ്രായത്തെ അതിജീവിച്ച് കൊണ്ട് ശരീര ഭാഷ നിലനിർത്താൻ സാധിക്കുന്നതാണ് മെഗാ സ്റ്റാറുകളുടെ നിലനിൽപ്പ്. നായകന്മാരും നായികമാരും 35 വയസ്സിൽ താഴെ ഉള്ളവരായതുകൊണ്ട് തന്നെ ഇതു അൻപത് കഴിഞ്ഞ മമ്മൂട്ടിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെയാണ്. ഇരുവരുടെയും നിരവധി ചിത്രങ്ങൾ പൊട്ടിപ്പൊളിഞ്ഞു പോയത് പ്രായത്തോട് നീതി പുലർത്താൻ കഴിയാതെ വന്നപ്പോഴാണ്. തന്മാത്ര, ദൃശ്യം, പ്രണയം തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാൽ തിളങ്ങിയത് പ്രായത്തിന് അനുയോജ്യമാ കഥാപാത്രങ്ങൾ ലഭിച്ചതുകൊണ്ടാണ്. കാസിനോവ പോലെയുള്ള ചിത്രങ്ങൾ പൊട്ടിപ്പൊളിഞ്ഞ് പാളീഷായതും പ്രായത്തെ ചെറുത്ത് കഥാപാത്രത്തിനെ സ്വീകരിച്ചതുകൊണ്ടാണ്.

ഇതേ ദുരന്തം മമ്മൂട്ടിക്കും പറ്റിയിരുന്നു. എന്നാൽ അത്തരം ഒരു കഥാപാത്രത്തിന്റെ പ്രായത്തിന്റെ കുഴപ്പങ്ങൾ ഇല്ലാതെ അവതരിപ്പിച്ചു വിജയിപ്പിച്ചു എന്നതാണ് കസബയുടെ വിജയ രഹസ്യം. ഇടക്ക് ചെറിയ തോതിൽ ശരീരഭാഷയുടെ ദൗർബല്ല്യം വന്നുട്ടുണ്ടെങ്കിലും 90 ശതമാനവും പഴയ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്നു എന്നത് അത്ര നിസ്സാര കാര്യമല്ല. മോഹൻലാലിന് സാധിക്കാതെ പോകുന്നതും മമ്മൂട്ടിക്ക് സധിക്കുന്നതുമായ ഒരു വലിയ വെല്ലുവിളിയാണിത്. 63 ാം വയസ്സിലും നാൽപ്പതിൽ താഴെയുള്ള ചുറുചുറുക്കുള്ള ഒരു ഉദ്യോഗസ്ഥനായി മമ്മൂട്ടി ശോഭിക്കുന്നത് കാണുമ്പോൾ ഈ നടന് ഇനിയും ഏറെക്കാലം മലയാളികൾക്കിടയിൽ തുടരാൻ സാധിക്കുമെന്ന് നിസംശയം പറയാം. എന്തായാലും സാമ്പത്തിക വിജയമുള്ള ഒരു സിനമയുടെ അമരക്കാർ എന്ന നിലയിൽ മമ്മൂട്ടി മുതൽ നിധിൻ വരെയുള്ളവർക്കും നിർമ്മാതാവ് ജോബി ജോർജിനും അഭിമാനിക്കാം കസബയിലൂടെ.