മിഴിലെ 'കാക്കാമുട്ടെ' എന്ന ചിത്രം കണ്ടവർക്കാർക്കും അതിലെ ഓരോരംഗങ്ങളും മറന്നുപോവാനിടയില്ല. മലയാളത്തിലെ ന്യൂജൻ ജഗതിയെന്ന വിളിപ്പേരോടെ ഹാസ്യരംഗങ്ങളിൽ തിളങ്ങിനിൽക്കുന്ന നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത പറവയുടെ ആദ്യത്തെ അരമണിക്കൂർ കണ്ടപ്പോൾ ശരിക്കും ത്രില്ലടിച്ചുപോയി. പ്രാവു പറത്തലും പട്ടം പറത്തലുമൊക്കെയായി മലയാളി നാളിതുവരെ കണ്ടിട്ടില്ലാത്ത പ്രമേയ പരിസരത്തിലൂടെ നീങ്ങുന്ന രണ്ടു കുട്ടികൾ നായകരായ ചിത്രം.ഇതാ മലയാളത്തിൽനിന്ന് മറ്റൊരു 'കാക്കാമുട്ടെ' എന്ന് മനസ്സിൽ കരുതി ആഹ്‌ളാദിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ഫ്‌ളാഷ് ബാക്ക് വന്നത്. അതുവരെയുള്ള കുട്ടികളുടെ കളി പിന്നീട് വലിയവർ ഏറ്റെടുക്കുന്നു. ദുൽഖർ വരുന്ന ഗ്രിഗറി വരുന്നു, ഷെയിം നിഗം സിക്‌സറടിക്കുന്നു... പ്രണയവും പകയും പ്രതികാരവുമൊക്കെയായി പതിവ് മട്ടാഞ്ചേരി മസാല!

സാധാരണ ദുൽഖറിനെപ്പോലുള്ള ഫുൾ എനർജി പാക്ക്ഡായിട്ടുള്ള ഒരു നടന്റെ എൻട്രിക്കുശേഷം സിനിമ കൂടുതൽ മെച്ചപ്പെടുകയാണ് ചെയ്യുക.പക്ഷേ ഇവിടെ നേരെ മറിച്ചാണ് സംഭവിക്കുന്നത്.പ്രാവ് പറത്തൽ കമ്പക്കാരായ രണ്ട് 15വയസ്സുള്ള കുട്ടികളുടെ ജീവിതം രസകരമായി പറഞ്ഞുപോയ സിനിമ അപ്പോഴേക്കും പതിവ് പൈങ്കിളികളിലേക്ക് വീഴുന്നു.

ദുൽഖർ സൽമാനെപ്പോലുള്ള ഒരു നടനെയാക്കെ കുത്തിത്തിരുകി കഥ ട്വിസ്റ്റ് ചെയ്യാതെ, ഈ രണ്ടുകുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി,ആദ്യ അരമണിക്കൂറിൽ കണ്ട അതേ ടെമ്പോയിൽ ചിത്രം പോവുകയാണെങ്കിൽ, എന്റെ സൗബിനേ...മലയാളത്തിലെ എക്കാലത്തെയും ക്‌ളാസിക്ക് ചിത്രങ്ങളിൽ ഒന്നാകുമായിരുന്നു ഈ ചിത്രം.പക്ഷേ തുലച്ചല്ലോ. പുകയില വിരുദ്ധ പരസ്യത്തിൽ രാഹുൽ ദ്രാവിഡ് പറയുന്നപോലെ, മികച്ച തുടക്കം കിട്ടിയിട്ടും അവിചാരിതമായ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്!

ടോട്ടാലിറ്റിയിൽ ഈ പോരായ്മകൾ ഉണ്ടെങ്കിലും കൊടുത്ത കാശ് വസൂലാവുന്ന എന്റർ ടെയിനർ തന്നെയാണ് ഈ പടം. ഒരു നിമിഷംപോലും ബോറടിയോ ലാഗോ ഇല്ലാതെ ചിത്രം മുന്നോട്ടുകൊണ്ടുപോവാൻ സൗബിന് കഴിയുന്നു.ആകാശത്ത പാറിപ്പറക്കുന്ന ഒരു പറവ താഴേക്ക് നോക്കിയാൽ എങ്ങനെയിരിക്കും എന്നപോലൊയണ് പല ഷോട്ടുകളും സൗബി നി വിന്യസിച്ചിരിക്കുന്നത്. മട്ടാഞ്ചേരിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യ പരിസരം ഇവിടെ കാണാം.

പക്ഷേ അമൽ നീരദിനെപ്പോലൊരു നിർമ്മാതാവിന്റെ പിന്തുണയും, ദൂൽഖർ സൽമാൻ അടക്കമുള്ള വലിാെയരു ടീമും ഉണ്ടായിട്ടും ഇത്രയേ ഉള്ളൂവെന്ന് മനസ്സിൽ തികട്ടി വരുന്നു.നമ്മൾ ഒരുപാട് പ്രതീക്ഷിച്ചുപോയി സൗബിൻ ഭായ്!

പറവ കണ്ട മട്ടാഞ്ചേരി

വരിക്കാശ്ശേരി മനപോലെ സിനിമാക്കാരുടെ മറ്റൊരു ക്‌ളീഷെയാണ് മട്ടാഞ്ചേിരി. ഇവിടുത്തെ ക്വട്ടേഷൻ കഥയും യഹൂദത്തെവരും പ്രണയവും വിരഹവും സംഗീതപാരമ്പര്യവുമൊക്കെ നാം കാക്കത്തൊള്ളായിരം വട്ടം കണ്ടതുമാണ്. പക്ഷേ മട്ടാഞ്ചേരിയുടെ ഇതുവരെയില്ലാത്ത സൗന്ദര്യമാണ് സൗബിൻ തന്റെ പ്രത്യേക കാമറയിലുടെ കാണിച്ചുതരുന്നത്.അതാണ് സംവിധായകന്റെ മിടുക്ക്. പടം തുടങ്ങുമ്പോഴുള്ള മട്ടാഞ്ചേരി നാടൻ പാട്ട് തൊട്ട് ചോക്കുകൊണ്ട് എഴുതുന്ന ടൈറ്റിലുകളും പ്രാവുകളുടെ കുറുകലും എല്ലാം ചേർന്ന് വല്ലാത്തൊരു നൊസ്റ്റാൾജിക്ക് മൂഡ്.കാഴചകൊണ്ടുമാത്രല്ല, സംഗീതംകൊണ്ടും നർമ്മംകൊണ്ടുമൊക്കെ പലയിടത്തും ചിത്രം മനസ്സുനിറക്കുന്നുണ്ട്.മട്ടാഞ്ചേരിയുടെ സവിശേഷമായ ഗലികളിലും, ഒഴിഞ്ഞുകിടക്കുന്ന പീടിക വരാന്തകളിലും, വെളിമ്പുറങ്ങളിലും, വീടുകളിലെ മേൽക്കുരകളിലുമൊക്കെയായി ക്യാമറ തത്തിക്കളിക്കയാണ്.

മട്ടാഞ്ചേരേിയിലെ ഒരു മുസ്ലിം കുടുംബത്തിലെ ഇച്ചാപ്പിയെന്ന് വിളിക്കുന്ന ഇർഷാദ്, ഹസീബ് എന്നീ കുട്ടികളുടെ ജീവിതവും, പ്രാവു വളർത്തൽ എന്ന അവരുടെ കമ്പവും ചേർന്നാണ് ചിത്രം വിസ്മയക്കാഴ്ചകൾ ഒരുക്കി മുന്നേഹുന്നത്. പ്രാവുപറത്തൽ മത്സരങ്ങളും, ബീച്ചിലെ പന്തുകളിയും, സൈക്കിൾ സവാരിയുമൊക്കെയായി അവധിക്കാലം അടിച്ചുപൊളിക്കുന്ന ഇർഷാദിന്റെയും ഹസീബിന്റെയും കഥയിൽനിന്നാണ് പടം സുന്ദരമായി തുടങ്ങുന്നത്.അവരുടെ സ്‌കൂൾ ജീവിതവും പറവക്കമ്പവുമൊക്കെ എത്രമനോഹരമായിട്ടവണ് ചിത്രം ചെയ്തതെന്ന് നോക്കുക.സൗബിന്റെ ഷോട്ടുകളുടെ ഫ്രഷ്‌നസ്സും റിച്ച്‌നെസ്സും എടുത്തുപറയേണ്ടതാണ്.

പക്ഷേ ആദ്യ അരമണിക്കൂർ കഴിയുന്നു കഥമാറുന്നു.കുട്ടികളെ പിന്തള്ളി പിന്നെ ദൂൽഖറിന്റെയും ടീമിന്റെയും വല്‌ള്യേട്ടൻ കളിയാണ്.അതോടെ പടത്തിന്റെ പുതുമ ചോരുന്നു.മട്ടാഞ്ചേരിക്കാരുടെ അതിവൈകാരികത, പ്രണയം, പ്രതികാരം എന്നിങ്ങനെയുള്ള സ്റ്റീരിയോടൈപ്പിൽ കുടുങ്ങിപ്പോയി ഈ മനോഹര പറവയും. പറവയുടെ കഥാകൃത്തും തിരക്കഥാ രചയിതാക്കളിൽ ഒരാളുമായ സൗബിൻ ശ്രദ്ധിക്കേണ്ടിയിരുന്നത് ഇവിടെയായിരുന്നു.

പക്ഷേ ഇടക്ക് ഈ ക്‌ളീഷേകളിയിൽ നിന്ന് കുതറിച്ചാടാനും സൗബിൻ ശ്രമിക്കുന്നുണ്ട്.ഇർഷാദിന്റെ പ്രണയും പൊളിയുന്നതും, ഒരു നായയുടെ മരണത്തിൽ വലിയ വായിൽ കരയുന്ന ഒരു വീട്ടമ്മയുടെ കാഴ്ചയുമൊക്കെയായി പ്രമേയ വൈവിധ്യം ഇടക്ക് കടന്നുവരുന്നുമുണ്ട്. എപ്പോഴൊക്കെ കുട്ടികൾ ഈ പടത്തിന്റെ മുഖ്യഭാഗങ്ങളിൽ എത്തുന്നോ അപ്പോഴൊക്കെ ഈ പടത്തിന് ഒരു പ്രത്യേകം ചന്തം വരുന്നു.ആ നിലക്ക് നോക്കുമ്പോൾ ദുൽഖറും കൂട്ടരും ഈ പടത്തിന് ബാധ്യതയാണെന്ന് പറയാതെ വയ്യ.

ദുൽഖറിന് ഒന്നും ചെയ്യാനില്ല!

സത്യത്തിൽ ഇതുപോലൊരു സംരംഭത്തിന് ഡേറ്റുകൊടുത്തതിന് ദുൽഖർ സൽമാനോട് ഇതിന്റെ അണിയറ പ്രവർത്തകർ അങ്ങേയറ്റം നന്ദി പ്രകടിപ്പിക്കേണ്ടതാണ്.പറവയെന്ന പ്രൊജക്റ്റിനോടും, സൗബിൻ എന്ന സംവിധാകനോടുമുള്ള താൽപ്പര്യം തന്നെയാവണം അദ്ദേഹത്തെ ഈ പ്രോജക്റ്റിൽ എത്തിച്ചത്.കുത്തിച്ചുയരുന്ന തന്റെ താരമൂല്യത്തിന് യാതൊരു വിലയും കൽപ്പിക്കാതെയാണ് ദുൽഖർ തനിക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത ഈ പടത്തിൽ വേഷമിടുന്നത്.പക്ഷേ ഉള്ളത് കുഞ്ഞിക്ക മോശമാക്കിയിട്ടില്ല. എതാണ്ട് 20 മിനിട്ട് മാത്രംവരുന്ന ദുൽഖറിന്റെ സാന്നിധ്യം പക്ഷേ സിനിമയുടെ പ്രമോഷന് വല്ലാതെ ഗുണം ചെയ്തിട്ടുണ്ട്.പുതിയ താരങ്ങൾ ഇമേജിന്റെ തടവുകാരല്ലെന്നതും അങ്ങേയറ്റം പ്രതീക്ഷയുണർത്തുന്നുണ്ട്. പക്ഷേ ഈ പടത്തിലെ സൂപ്പർ താരങ്ങൾ രണ്ടു കുട്ടികളാണ്. ഇർഷാദിനെ അവതരിപ്പിച്ച അമൽഷായെയും, ഹസീബായി ജീവ ിച്ച മാസ്റ്റർ അർജുനും പ്രതീക്ഷകൾ ഏറെ ഉയർത്തുന്നു.

വാൽക്കഷ്ണം: ഈ പടത്തിൽ സംവിധായകൻ ആഷിക്ക് അബുവും ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്.തുറന്നു പറയട്ടെ, ഒട്ടും നന്നായിട്ടില്ല.ആഷിക്കിന് സംവിധാനത്തിൽതന്നെ ശ്രദ്ധിക്കുന്നതാണ് നല്ലത്.നടൻ സംവിധായകനായും സംവിധായകൻ നടനുമൊക്കെയായുള്ള മാറ്റം മറിച്ചിലുകൾ ഏറെ കണ്ടതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.