സിനിമയിൽ ജീവിച്ച് സിനിമ ശ്വസിച്ച്,സിനിമക്കായി ജീവിതം സമർപ്പിച്ച ഒരാളുടെ ചോരയുടെ മണമുണ്ട് വേട്ടയെന്ന ചിത്രത്തിന്.രാജേഷ് പിള്ളയെന്ന അകാലത്തിൽ പൊലിഞ്ഞ പ്രതിഭയൊരുക്കിയ ആ ചിത്രം കണ്ടിരിക്കുന്നതുതന്നെ ഒരു ചോരപൊടിയുന്ന അനുഭവമായിരുന്നു. സിനിമയായിരുന്നു രാജേഷ് പിള്ള എന്ന സംവിധായകന്റെ ഒരേയൊരു ലഹരി. ഏറെ പ്രതീക്ഷയോടെ ചെയ്ത 'ഹൃദയത്തിൽ സൂക്ഷിക്കാൻ' എന്ന ആദ്യ ചിത്രത്തിന്റെ പരാജയം ഈ യുവാവിനെ തളർത്തിയില്ല. 'ട്രാഫിക്ക്'എന്ന ചിത്രത്തിലൂടെ രാജേഷ് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടികയിലേക്ക് ഉയർന്നു. ട്രാഫിക്കിലെ ആംബുലൻസിന് കടന്നുപോകാനായി രാജേഷ് വെട്ടിത്തുറന്ന വഴിയിലൂടെയാണ് ഇന്നും മലയാള നവതരംഗ സിനിമ മുന്നോട്ട് പോകുന്നത്. മോട്ടോർ സൈക്കിൾ ഡയറീസ്, ലൂസിഫർ തുടങ്ങിയ ശ്രദ്ധേയമായ ചില സിനിമാ സ്വപ്നങ്ങൾ രാജേഷിനുണ്ടായിരുന്നെങ്കിലും അതൊന്നും പൂർത്തീകരിക്കാൻ കാലം അനുവദിച്ചില്ല. ട്രാഫിക്കിന് ശേഷം ചെയ്ത മിലി ഒരു സാധാരണ ചിത്രമായി മാത്രമായി ഒതുങ്ങി. എന്നാൽ മറ്റൊരു വ്യത്യസ്ത സിനിമ എന്ന ആഗ്രഹത്തിൽ നിന്നാണ് 'വേട്ട' പിറന്നത്. പക്ഷെ സിനിമയിലെ കഥാപാത്രങ്ങളെ വേട്ടയാടിയ മരണം സംവിധായകനെയും വേട്ടയാടുകയായിരുന്നു. മരണത്തെ വെല്ലുവിളിച്ച് പൂർത്തിയാക്കി സിനിമ പുറത്തിറങ്ങിയതിന്റെ പിറ്റന്നേ് തന്നെയാണ് രാജേഷ് പിള്ളയുടെ വിയോഗവും.

പക്ഷേ സംവിധായകനോടുള്ള വൈകാരികതകൾ ഒക്കെ മാറ്റിനിർത്തി വിലയിരുത്തുമ്പോൾ ശരാശരി നിലവാരം മാത്രമേ ഈ പടത്തിനുള്ളൂ. പക്ഷേ വ്യത്യസ്തമായൊരു ത്രില്ലർ ഒരുക്കുകയെന്ന രാജേഷ് പിള്ളയുടെ ശ്രമം എക്കാലത്തും സ്മരിക്കപ്പെടും. നാം ഇതുവരെ കണ്ടുശീലിച്ച പൊലീസ് കഥകളുടെ ഫോർമാറ്റിലല്ല, ഈ പടം നീങ്ങുന്നത്.ആദ്യ പകുതി ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന നിലയിൽ വൻ പ്രതീക്ഷ ഉണർത്തുന്നു.ഇവിടെ അസാധാരണവും ഞെട്ടിപ്പിക്കുന്നതുമായ ഫ്രെയിമിലുടെയാണ് രാജേഷ്പിള്ള കഥപറയുന്നത്. അവതരണത്തിലെ ഈ കുഴമറിച്ചിൽ എതാണ് സത്യം ഏതാണ് മിഥ്യ എന്ന സങ്കീർണ്ണതകളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നു. ഇത് സാധാരണപ്രേക്ഷകന് എത്രതന്നെ ദഹിച്ചിട്ടുണ്ടെന്ന് കണ്ടറിയണം. ആദ്യപകുതിയിലെ പ്രതീക്ഷകൾ പക്ഷേ രണ്ടാപകുതിയിൽ അട്ടിമറിയുകയാണ്. തിരക്കഥയുടെ ദുർബലതതന്നെയാണ് ഇവിടെ വിനയാകുന്നത്.സൈക്കോളജിക്കൽ ത്രില്ലർ എന്ന ടാഗിലത്തെിയ ഈ പടം കൈ്‌ളമാക്‌സിൽ എത്തുമ്പോൾ വെറുമൊരു പ്രതികാര കഥയായും ചുരുങ്ങുന്നുണ്ട്്.

ആശയക്കുഴപ്പങ്ങളും ഉത്തരംകിട്ടാ ചോദ്യങ്ങളും

സസ്‌പെൻസ് ചിത്രങ്ങൾ ധാരാളം മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. കെ ജി ജോർജ്ജിന്റെ യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് തെതാട്ട് കെ മധുവിന്റെ സി ബി ഐ സീരീസും ജീത്തു ജോസഫ്ചിത്രങ്ങളുമൊക്കെയായി നിരവധി പടങ്ങൾ. എന്നാൽ കഥാഘടനയിൽ ഈ ചിത്രങ്ങളേക്കാളെല്ലാം സങ്കീർണ്ണമാണ് രാജേഷ് പിള്ളയുടെ വേട്ട. വ്യത്യസ്തമായ കഥകളും ഉപകഥകളുമെല്ലാം ഒന്നു ചേരുന്നിടം. ചിത്രത്തിന്റെ പകുതിവരെ പ്രേക്ഷകരിൽ പൂർണ്ണമായും ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. പകുതിക്ക് ശേഷം കുരുക്കുകൾ അഴിച്ചടെുക്കാനുള്ള ശ്രമങ്ങളാണ്. എന്നാൽ ഈ കുരുക്കഴിക്കൽ സമർത്ഥമായി നിർവ്വഹിക്കപ്പെട്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം. ദുരൂഹതകളൊക്കെ അഴിച്ചെടുക്കുമ്പോഴും സംശയങ്ങൾ ഏറെ ബാക്കിയായിട്ടാവും പ്രേക്ഷകർ തിയേറ്റർ വിട്ടിറങ്ങുക. തിരക്കഥയിലെ ആശയക്കുഴപ്പം കാരണം ട്രാഫിക്ക് എന്ന ചിത്രം പോലെ ചടുലവും വ്യക്തവുമായി വേട്ട അവതരിപ്പിക്കാൻ സംവിധായകന് സാധിക്കുന്നില്ല. പലപ്പോഴും വിദേശ ഫെസ്റ്റിവൽ സിനിമകളുടെ സാമ്യവും ഈ പടത്തിനുണ്ട്.കുറസോവയുടെ റഷോമോണിലെയൊക്കെ പോലെ ഒരേ കാര്യം വ്യത്യസ്തമായ കഥകളിലൂടെ അവതിരിപ്പിക്കുമ്പോഴുള്ള കാര്യങ്ങൾ ഇവിടെയും കാണാം.പക്ഷേ അതൊന്നും പ്രേക്ഷകന്റെ സാമാന്യയുക്തിക്ക് ബോധിക്കുന്ന രീതിയിലല്ല എടുത്തിട്ടുള്ളത്.[BLURB#1-H] 

പ്രശസ്തയായ ഒരു സിനിമാനടിയുടെയും സുഹൃത്തിന്റെയും തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം ചെന്നത്തെുന്നത് മെൽബിൻ ജോസഫ് (കുഞ്ചാക്കൊ ബോബൻ) എന്ന വ്യക്തിയിലേക്കാണ്. അന്വേഷണ ഉദ്യോഗസ്ഥരായ ശ്രീബാല ഐ പി എസിനോടും (മഞ്ജു വാര്യർ) എ.സി. പി സൈലക്‌സ് എബ്രഹാമിനോടും (ഇന്ദ്രജിത്ത്) അയാൾ വെളിപ്പെടുത്തുന്നത് രണ്ടുപേരെയും താൻ വധിച്ചുവെന്നാണ്. പ്രതി കുറ്റം ഏറ്റുപറഞ്ഞെങ്കിലും മൃതദേഹങ്ങൾ കണ്ടെടുക്കാൻ സാധിക്കുന്നില്ല. ഒടുവിൽ മെൽബിന്റെ ലക്ഷ്യമെന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞപ്പോഴേക്കും അയാളുടെ ലക്ഷ്യപ്രാപ്തിക്ക് അവർ ഇരുവരും ഉപയോഗപ്പെടുത്തപ്പെട്ടിരുന്നു.

രണ്ട് കുറ്റകൃത്യങ്ങൾ കാട്ടിക്കോണ്ടാണ് സിനിമയുടെ തുടക്കം. ഇതിനെക്കുറിച്ചുള്ള അന്വേഷണമാണ് സിനിമയുടെ പ്രമേയം. എന്നാൽ അന്വേഷണം, പ്രതിയെ പിടികൂടൽ തുടങ്ങിയ പതിവ് വഴിയിൽ നിന്ന് മാറിയാണ് വേട്ടയുടെ സഞ്ചാരം. അത് തന്നെയാണ് തുടക്കം മുതൽ അവസാനം വരെ നിഗൂഡത നിറഞ്ഞു നിൽക്കുന്ന ഈ പടത്തിന്റെ പ്രത്യേകതയും. പ്രതിയും അന്വേഷണ സംഘവും തമ്മിലുള്ള മനസ്സുകൊണ്ടുള്ള ഏറ്റുമുട്ടലാണ് സിനിമ. ആരാണ് വേട്ടക്കാരൻ, ആരാണ് വേട്ടയാടപ്പെടുന്നത്. ആര് വിജയം നേടും.. തുടങ്ങിയ ചോദ്യങ്ങൾ സിനിമയുടെ അവസാന നിമിഷം വരെ നിലനിർത്തിക്കോണ്ടുപോകാൻ സംവിധായകൻ രാജേഷ് പിള്ളയ്ക്ക് സാധിച്ചിട്ടുണ്ട്.

ജീവിതമൊരു വേട്ടയാണ്. അവിടെ വേട്ടയാടണോ അതോ വേട്ടയാടപ്പെടണോ എന്നു തീരുമാനിക്കേണ്ടത് നമ്മളാണ്. ഇത്തരം നിരവധി കിടിലൻ വാചകങ്ങളൊക്കെ പലരും പറയുന്നുണ്ടെങ്കിലും അതിന് യോജിക്കുന്ന രീതിയിലുള്ള വളർച്ചയൊന്നും സിനിമയ്ക്കുണ്ടായിട്ടില്ല എന്നും ഖേദത്തോടെ പറയേണ്ടി വരും. ഒരു ത്രില്ലറിന് ചേരാത്ത വേഗതക്കുറവും ചില ആശയക്കുഴപ്പങ്ങളും ഉത്തരം കിട്ടാതെ ചോദ്യങ്ങളുമെല്ലാം വേട്ടയുടെ പോരായ്മകളാണ്. കഥയുടെ സ്വഭാവികമായ ഒഴുക്കിന്റെ ഭാഗമായി സുഖകരമായ ഒഴുക്കിലൂടെ വേണം ആശയക്കുഴപ്പങ്ങളിലേക്ക് പ്രേക്ഷകരെ തള്ളിയിടാൻ. ലളിതമായ ആഖ്യാനത്തിലൂടെ വേണം ആ കുരുക്കുകൾ അഴിച്ചടെുക്കാൻ. പക്ഷെ വേട്ടയിൽ പലപ്പോഴും മനഃപൂർവ്വം പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമം നടത്തുന്നതായി കാഴ്ചക്കാരന് അനുഭവപ്പെടും. അതോടെ പ്രമേയത്തിന്റെ ആത്മാവ് പലപ്പോഴും ചോർന്നു പോകുന്നു. അത് തന്നെയാണ് ഒരു ത്രില്ലർ സിനിമയുടെ ത്രില്ലിങ് സിനിമയ്ക്ക് ഇല്ലാതെ പോകുന്നത്.[BLURB#2-H] 

മഞ്ജുഭാവം മങ്ങുന്നു; കുഞ്ചാക്കോയുടേത് വ്യത്യസ്ത വേഷം

ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിൽ മഞ്ജുവാര്യർ വേണ്ടത്ര തിളങ്ങിയിട്ടില്ല. തനിക്ക് ഒട്ടും വഴങ്ങാത്ത ഒരു വേഷത്തിൽ അഭിനയിക്കുന്നതിന്റെ ഫീലിങ് മഞ്ജുവിന്റെ ശരീരഭാഷയിൽ വ്യക്തമാണ്. ഇന്ദ്രജിത്ത് മുമ്പ് ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ പൊലീസ് കഥാപാത്രങ്ങളുമായി താരതമ്യം ചെയ്താൽ എ സി പി സൈലക്‌സ് എബ്രഹം അത്ര മികവുറ്റതായി എന്ന് പറയാനാവില്ല. എന്നാലും അദ്ദേഹമത് മോശമാക്കിയിട്ടുമില്ല.നിഗൂഡതകൾ നിറയുന്ന മെൽബിൻ ജോസഫ് എന്ന കഥാപാത്രത്തെ കുഞ്ചാക്കൊ ബോബൻ തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.

ചാക്കോച്ചനെ ഇതുവരെ കാണാത്ത റോളിലാണ് ഈ പടത്തിൽ പ്രേക്ഷകർ കാണുന്നത്.ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതം പലപ്പോഴും സിനിമയ്ക്ക് ഗുണമാകുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ അത് അരോചകമാവുന്നുമുണ്ട്. ഈ ത്രില്ലറിൽ പാട്ടുകൾക്കൊന്നും യാതൊരു പ്രസക്തിയുമില്ല. സങ്കീർണ്ണമായ പ്രമേയത്തെ സമർത്ഥമായി എഴുതി ഫലിപ്പിക്കാൻ തിരക്കഥാകൃത്ത് അരുൺലാൽ രാമചന്ദ്രന് സാധിച്ചിട്ടില്ല. കഥയുടെ ഒഴുക്കിനിടെ പലപ്പോഴും യുക്തി കൈമോശം വരുന്നത് തിരക്കഥാകൃത്ത് തിരിച്ചറിഞ്ഞിട്ടില്ല. ഇത് തന്നെയാണ് അസാധാരണമായ ഒരു ചിത്രമാവേണ്ട വേട്ടയെ ഒരു സാധാരണ ചിത്രമായി മാറ്റിയത്. എന്നിരുന്നാലും വേറിട്ട സിനിമയ്ക്കായുള്ള നല്‌ളൊരു ശ്രമമെന്ന നിലയിൽ വേട്ടയെ നമുക്ക് സ്വീകരിക്കാം.

വാൽക്കഷ്ണം: ചില പത്രമാദ്ധ്യമങ്ങളുടെ പൊക്കിവിടലിൽ അഭിരമിച്ച് കഴിയുകയാണ് മഞ്ജുവാര്യർ ഇപ്പോഴുമെന്ന് തോനുന്നു.ലാലിസത്തിൽ സാക്ഷാൽ മോഹൻലാലിന് പറ്റിയപോലെ, ഈ പൊക്കിവിടൽമൂലം താൻ എന്തുചെയ്താലും പ്രേക്ഷകർ സ്വീകരിക്കുമെന്ന ഒരു തെറ്റിദ്ധാരണ ഈ അനുഗൃഹീത നടിക്കും പിടിപെട്ടിരിക്കുന്നെന്ന് തോനുന്നു.സിനിമയുടെ പ്രമോഷൻ ശ്രദ്ധിച്ചാൽ അറിയാം മഞ്ജുവാര്യരെ ചുറ്റിപ്പറ്റിയാണ് അത് മുഴുവൻ നീങ്ങിയത്. ഒരു പൊലീസ് വേഷത്തിനുള്ള ഉയരമോ, ശാരീരിക സവിശേഷതകളോ ഇല്‌ളെങ്കിലും കമ്മീഷണറായിക്കളയാമെന്ന് മഞ്ജു കരുതിയത് ഈ കൃത്രിമമായ മീഡിയാ ഹൈപ്പിന്റെ ഉപോൽപ്പന്നമായി കാണാം.ശരീഭാഷകൊണ്ടുപോലും പൊലീസാണെന്ന് തോന്നിപ്പിക്കാൻ മഞ്ജുവിന് ആവുന്നില്ല.പലയിടത്തും മേക്കപ്പ് അമിതമായി തോനുന്നു.ഡബ്ബിങ്ങിനുമുണ്ട് വല്ലാത്തൊരു ചവർപ്പ്.തന്നെക്കൊണ്ട് എടുത്താൽ പൊങ്ങുന്ന, എച്ചുകെട്ടില്ലാത്ത കഥാപാത്രങ്ങളിലുടെയാണ് മഞ്ജു നമ്മുടെ മനസ്സിൽ കുടിയേറിയതെന്നത് അവർ തന്നെ മറന്നുപോവരുത്.