തിരുവനന്തപുരം: നിർമ്മാതാവിന്റെ പോക്കറ്റ് കാലിയാവാതെ സിനിമ പിടിക്കുന്ന സംവിധാനം സാറ്റ്‌ലൈറ്റ് വിറ്റുകൊണ്ടുള്ള സിനിമാ പിടുത്തം ആരംഭിച്ചത് അടുത്ത കാലത്താണ്. അതേടെ കൂടുതൽ ആളുകൾ സിനിമാ നിർമ്മാണത്തിലേക്ക് കടന്നു വരികയും കൂടുതൽ സിനിമകൾ ഉണ്ടാവുകയും ചെയ്തു. എന്നാൽ ആ ശീലത്തിന് കടിഞ്ഞാൺ വീഴുകയാണ്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമാണ് റിലീസിന് മുമ്പ് സാറ്റലൈറ്റ് അവകാശം വിൽക്കാൻ സാധിക്കുന്നത്.

മൂന്നു വർഷമായി 6 കോടിക്ക് താഴെ നിന്നിരുന്ന സാറ്റലൈറ്റ് തുക ഒന്നര കോടി വർദ്ധിച്ച് 7.5 കോടിയിൽ എത്തിയതാണ് ശ്രദ്ധേയമായ മാറ്റം. മോഹൻ ലാലിന്റെ പുലുമുരുകനാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ചിത്രം റിലീസ് ചെയ്തതിനു ശേഷമാണ് സംപ്രേഷണാവകാശം വിറ്റു പോയതെങ്കിൽ അതിൽ കൂടുതൽ ലഭിക്കുമായിരുന്നു എന്നാണ് ഒരു പക്ഷം ആളുകളുടെ അഭിപ്രായം. തീയറ്ററിൽ കൂടുതൽ ദിവസം ഓടുന്ന പടമാണെങ്കിൽ പറഞ്ഞുറപ്പിക്കുന്ന തുകയ്ക്കു കൂടുതൽ സാറ്റലൈറ്റ് തുക കിട്ടുന്ന പ്രവണതയും പുതുതായി ഉടലെടുത്തു.

2015 ൽ പ്രേമവും ഭാസ്‌കർ ദ റാസ്‌ക്കലുമായിരുന്നു ഏറ്റവും കൂടുതൽ സാറ്റലൈറ്റ് അവകാശം ലഭിച്ച സിമിമകൾ. മമ്മൂട്ടിയുടെ ഭാസകർ ദ റാസ്‌ക്കൽ നേടിയ 5 കോടി മറികടന്നാണ് പുലിമുരുകൻ ഒന്നാമതായത്. പുലിമുകൻ ഒഴിച്ചു നിർത്തിയാൽ പൊതുവേ സാറ്റലൈറ്റ് വിലയിൽ കാര്യമായ മാറ്റം ഒന്നും തന്നെ ഇല്ല എന്നു പറയാം. വലിയ പടങ്ങൾ പോലും പലപ്പോഴും ചാനൽ അധികൃതർ പറയുന്ന വിലയ്ക്ക് നൽകേണ്ടി വരുന്ന അവസ്ഥയാണ് കണ്ടു വരുന്നത്.

മോഹൻ ലാൽ മമ്മൂട്ടി, ദിലീപ് എന്നിവരുടെ പടങ്ങൾ പോലും റിലീസിന് മുമ്പ് സാറ്റലൈററ് അവകാശം വിൽക്കണമെങ്കിൽ വില പേശാൻ കഴിയാത്ത സാഹചര്യമാണ് വിലവിലുള്ളത്. കിട്ടുന്ന വിലയ്ക്ക് നൽകുക എന്നതു മാത്രമാണ് ഇപ്പോൾ നിർമ്മാതാക്കൾക്ക് മുന്നിലുള്ള മാർഗം. ചാനലുകൾ തമ്മിൽ സംപ്രേഷണാവകാശം വാങ്ങുന്നതിൽ മത്സരം അവസാനിപ്പിച്ചതുകൊണ്ടു തന്നെ അവർ പറയുന്നത് മാത്രമാകുന്നു അവസാന വാക്ക്.

സാമ്പത്തിക മാന്ദ്യം കൂടി കടന്നുകൂടിയതോടെ വൻകിട പരസ്യകമ്പനികൾ പോലും പരസ്യം നൽക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ലഭിക്കുന്ന പരസ്യം വളരെ കുറവാണ്. പരസ്യനിരക്കും കുറവാണെന്നാണ് ചാനലുകാർ പറയുന്നത്. അതുകൊണ്ടു തന്നെ സിനിമ തീയറ്ററിൽ കളിച്ചു വിജയിച്ചതിനു ശേഷമാണ് ചാനലുകാർ വിലയിടുന്നത്.

ചാനൽ റേറ്റിങിൽ ഏറഅറവും കൂടുതൽ ഉള്ള മോഹൻ ലാൽ ചിത്രങ്ങൾക്കു പോലും റിലീസിനു മുമ്പ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്ന തുക ലഭിക്കുന്നില്ല. സൂപ്പർ ഹിറ്റ് ചിത്രം ഒപ്പം പോലും റിലീസിന് ശേഷമാണ് ചാനലുകാർ വാങ്ങിയത്. 2016 ൽ 121 ചിത്രങ്ങൾ റിലീസ് ചെയ്തതിൽ 60 ഓളം ചിത്രങ്ങളുടെ സാറ്റലൈറ്റ് ഇനിയും വിറ്റു പോയിട്ടില്ല. സിനിമ വാങ്ങുന്നതിൽ എല്ലാ ചാനലുകാറും ഒരേ മാനദണ്ഡമാണ് നിശ്വയിക്കുന്നത്. അതു കൊണ്ടാണ് ചിത്രങ്ങൾ കെട്ടിക്കിടക്കുന്നത്. മുൻ വർഷം വിൽക്കാതെ വച്ച പല ചിത്രങ്ങളും ഈ വർഷം നിസാര വിലയ്ക്കാണ് ചാനലുകാർ വാങ്ങിയത്.

നല്ല സിനിമകൾക്കു പോലും പരസ്യം കിട്ടുന്നത് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ചാനലുകാർ പറയുന്ന വിലയ്ക്ക് കൊടുക്കാതെ വേറെ വഴിയില്ല. അല്ലെങ്കിൽ അവ പെട്ടിക്കുള്ളിൽ പൂട്ടിക്കിടക്കും. ക്രിസതുമസ് റിലീസായി എത്താൻ തയ്യാറെടുത്ത മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ജോമോന്റെ സുവിശേഷങ്ങളും ഇതിനോടകം സംപ്രേഷണാവകാശം വിറ്റു പോയെങ്കിലും എസ്രയും ഫുക്രിയും ഇനിയും വിറ്റില്ല. ചാനലിൽ നിന്നും തിയറ്ററുകളിൽ നിന്നും അഡ്വാൻസും കിട്ടാത്ത സാഹചര്യത്തിൽ സ്വന്തം കൈയിൽ നിന്നും പണം മുടക്കി ചിത്രം പൂർത്തിയാക്കേണ്ടി വരുന്നു. പണം കൈയിൽ ഇല്ലെങ്കിൽ പലിശക്കെടുത്താൽ തന്നെ റിലീസിന് മുമ്പ് ക്ലീയറൻസ് സർട്ടിഫിക്കറ്റും വാങ്ങേണ്ടതാണ്.

കടപ്പാട്: വെള്ളിനക്ഷത്രം