- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാ വിവരമില്ലാത്തവർക്കായി ഒരു സിനിമ; 'തിങ്കൾ മുതൽ വെള്ളിവരെ' അരോചകമായ കലാഭാസം; കൂതറ അഭിനയവുമായി റിമി ടോമി: മെഗാ സീരിയലുകൾ എത്ര ഭേദം!
എന്റമ്മോ! ഈ മാരണം താങ്ങാനാവുന്നില്ല. വിവരമില്ലാത്തവർക്കു വേണ്ടി പ്രത്യേകമായി നിർമ്മിച്ച സിനിമയാണോ ഇത്? അറുബോറൻ തിരക്കഥ, അരോചകമായ സംവിധാനം, പൊട്ടന്മാരെപ്പോലത്തെ സഹനടന്മാർ, അസംബന്ധങ്ങൾ മാത്രം ചെയ്യുന്ന നായിക, ഉലക്ക വിഴുങ്ങിയതുപോലെ ഒരു നായകൻ... കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത 'തിങ്കൾ മുതൽ വെള്ളിവരെ' എന്ന ജയറാം-റിമി ടോമി ചിത്രത്തിന്റ
എന്റമ്മോ! ഈ മാരണം താങ്ങാനാവുന്നില്ല. വിവരമില്ലാത്തവർക്കു വേണ്ടി പ്രത്യേകമായി നിർമ്മിച്ച സിനിമയാണോ ഇത്? അറുബോറൻ തിരക്കഥ, അരോചകമായ സംവിധാനം, പൊട്ടന്മാരെപ്പോലത്തെ സഹനടന്മാർ, അസംബന്ധങ്ങൾ മാത്രം ചെയ്യുന്ന നായിക, ഉലക്ക വിഴുങ്ങിയതുപോലെ ഒരു നായകൻ... കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത 'തിങ്കൾ മുതൽ വെള്ളിവരെ' എന്ന ജയറാം-റിമി ടോമി ചിത്രത്തിന്റെ വിശേഷങ്ങൾ പറഞ്ഞാൽ മതിയാവില്ല. മെഗാ സീരിയലുകൾ എത്രഭേദമായിരുന്നു. 'വില്ലാളിവീരൻ' എന്ന ഊച്ചാളി സിനിമക്ക് കഥയെഴുതി നിർമ്മാതാവിന്റെ ഊപ്പാടിളക്കിയ ദിനേശ് പള്ളത്ത് രചിച്ച പുതിയ പടപ്പ് കണ്ടാൽ, 'ചന്ദനമഴയിലെ' ഊർമിളാദേവിയും, 'പരസ്പരത്തിലെ' പഠിപ്പുര വീട്ടിൽ പത്മാവതിയുമൊക്കെ നാണിച്ച് തലതാഴ്‌ത്തിപോവും. വെറെതെയല്ല സീരിയലിന് ആളുകൂടുന്നത്. ഈ പരട്ടകളേക്കാളുമൊക്കെ എത്ര ഭേദമാണിത്. (ഇതൊന്നും കാണാതെയാണോ, നമ്മുടെ മമ്മുക്കയൊക്കെ സീരിയലുകാരെ പരിഹസിച്ചത്. ഒന്നുമില്ലേലും ഇക്കയുടെ സ്വന്തം ആന്റോ ജോസഫല്ലേ ഈ മാരണം നിർമ്മിച്ചത്).
കണ്ണൻ താമരക്കുളത്തിന്റെയും, ദിനേശ് പള്ളത്തിന്റെയും, ഈ പടത്തിന് പണംമുടക്കിയ ആന്റോ ജോസഫിന്റെയൊന്നും തല വെയിലുകൊള്ളിക്കരുത്. മഹത്തായ ആശയങ്ങൾ ഇനിയും ഉണ്ടാകേണ്ട മസ്തിഷ്‌ക്കങ്ങളാണത്. ഫേസ്‌ബുക്കിൽ ഒരുത്തൻ കമന്റ്‌ചെയ്തപോലെ ഇവന്റെയൊക്കെ തലയിലെ ചികരിച്ചോറെടുത്ത്, ഫോർമുലിനിൽ ഇട്ട് വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് പഠിപ്പിക്കാനായി സൂക്ഷിച്ചുവെക്കണം. ഇത്രയും വികൃതമായ ബുദ്ധിയും ഭാവനയും എങ്ങനെയുണ്ടാവുന്നെന്ന് ശാസ്ത്രലോകം ഗവേഷണം ചെയ്യട്ടേ!എതായാലും ഒരു റെക്കാർഡ് ഈ പടം തകർത്തു. ഈ വർഷത്തെ ഏറ്റവും മോശം പടമെന്ന ഖ്യാതി 'ലൈ ഓ ലൈലയിൽ' നിന്ന് ഇവർ തട്ടിയെടുത്ത് കളഞ്ഞു.
കൂതറ അഭിനയവുമായി റിമി
റിമി ടോമിയെന്ന ഗായികയെയും അവതാരികയെയും കാണുമ്പോൾ പലപ്പോഴും ഒരു മനുഷ്യനായിട്ടില്ല, ഒരു ആനിമേഷൻ ജീവിയെപ്പോലെയാണ് ഈ ലേഖകന് തോന്നാറ്. കൊച്ചു ടീവിയിൽ കാണുന്ന മണ്ടൻ ശംഭുവിനെയും മിക്കിമൗസിനെയും പോലെ, വീണും ഉരുണ്ടു കളിച്ചും ചിരിച്ചും ആകെയൊരു ആറാട്ടാണ്്. ഇടികൂടി ഒരു വശം പരന്നുപോയാലും പുർവ്വസ്ഥിതി പ്രാപിക്കുന്ന കാർട്ടൂൺ കഥാപാത്രങ്ങളെപ്പോലെ ഒരു ആങ്കർ! എന്തുപൊട്ടത്തരം പറയാനും അവൾക്ക് ലൈസൻസുണ്ട്. ഏത് അബദ്ധത്തിൽപെട്ടാലും അവൾ ഉരുണ്ടുപിരണ്ട് ഏണീക്കും. അതുകൊണ്ടുതന്നെ ഏത്ര മസിലുപിടിച്ച് ഇരിക്കുന്നവനെപ്പോലും ആകർഷിക്കാനുള്ള കഴിവുണ്ട് ഈ പാലാക്കാരിക്ക്.
ആങ്കറിങ്ങിന്റെ പതിവ് രീതികളും ചിട്ടവട്ടങ്ങളുമൊക്കെ റിമി പൊളിച്ചടുക്കി. ഗാനമേളകളിലെന്നപോലെ അസാധാരണമായ ഊർജപ്രവാഹമാണ് റിമിയുടെ ഷോകളും. കണ്ടുനിൽക്കുന്ന നമ്മൾ അന്തംവിടും. എവിടെനിന്നാണ് ഈ കുട്ടിക്ക് ഇത്രയും ഊർജം കിട്ടുന്നതെന്ന് . നാട്ടുഭാാഷയിലുള്ള ചില കോമഡികളും റിമി ഇറക്കും. അതുകണ്ടുനിൽക്കുമ്പോൾ നമ്മുടെ തൊട്ടയൽപ്പക്കത്തുള്ള ഒരു വായാടിക്കുട്ടിയായേ പ്രേക്ഷകർക്ക് റിമിയെ തോന്നൂ. അതുകൊണ്ടുതന്നെ ടെലിവിഷൻ ഷോകളിലൂടെ റിമി പ്രേക്ഷകരുടെ കുടുംബാംഗമായി. (പക്ഷേ ഇതെല്ലാം റിമിയുടെ വെറും തട്ടിപ്പാണെന്നാണ് നിലമ്പൂരുകാരൊക്കെ പറയുന്നത്. വ്യക്തിജീവിതത്തിൽ ഈ കാണുന്ന ആളല്ലത്രേ ഈ പാട്ടുകാരി. അങ്ങേയറ്റം ജാടയും അഹങ്കാരവുമുള്ള, കൊച്ചുകുട്ടികളോടുപോലും അസൂയയുള്ള, ഔചിത്യബോധം ഒട്ടുമില്ലാത്ത ഒരു സ്ത്രീയാണ് അവരെന്നാണ് നിലമ്പൂർ പാട്ടുൽസവത്തെ തുടർന്നുണ്ടായ സംഭവം കണ്ടവർ പറയുന്നത്.)
[BLURB#1-VL] ഇന്ന് മൂന്നുവയസ്സുള്ള കുട്ടിപോലും റിമിയെ അറിയും. ഒരു സൂപ്പർതാരത്തിനോട് കിടപിടിക്കുന്ന ആരാധകവൃന്ദവും ഇന്ന് റിമിക്കുണ്ട്. ആ റിമിടോമി സിനിമയിൽ അഭിനയിച്ചാൽ എങ്ങനെയിരക്കുമെന്ന് കാണാനുള്ള കൗതുകം തന്നെയാണ് ഈ ലേഖകൻ അടക്കമുള്ളവരെ ഈ സിനിമയിലേക്ക് നയിച്ചത്. എന്നാൽ പടം കണ്ട് ഞെട്ടിപ്പോയി. എന്തൊരു ബോറാണ് റിമിയുടെ അഭിനയം. എല്ലാം സീനുകളിലും മുഖഭാവങ്ങൾ എതാണ്ട് ഒരുപോലെ. സ്ഥിരമായി ഒരു മന്ദബുദ്ധിഭാവം മുഖത്ത് ഒട്ടിച്ചാണ് നടിക്കുന്നത്. അഭിനയത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ എന്തൊക്കെയോ വളിപ്പുകൾ കാട്ടിവച്ചിരിക്കുന്നു. ടെലിവിഷൻ ഷോകളിലും, ഗാനമേളകളിലും കാണാറുള്ള കൊതിപ്പിക്കുന്ന ഊർജപ്രവാഹം എവിടെയുമില്ല. ഉയരക്കുറവും വല്ലാതെ ഫീൽ ചെയ്യുന്നുണ്ട്. ഹലുവയും മത്തിക്കറിയും പോലുണ്ട് റിമിയും ജയറാമും തമ്മിലുള്ള കോമ്പിനേഷനുകൾ. ഇനി ഈ പണിക്ക് പോവാതിരക്കുന്നതായിരിക്കും ഈ മികച്ചഗായികയ്ക്ക് നല്ലത്.
ഉലക്ക വിഴുങ്ങിയതുപോലെ ജയറാം
[BLURB#2-VR] റിമിയെ മാത്രം കുറ്റപ്പെടുത്തേണ്ട. ഉലക്ക വിഴുങ്ങിയതുപോലെ മസ്സിലുപിടിച്ചാണ് ഇതിലെ നായകനായ ജയറാം നടക്കുന്നത്. തന്റെ മുൻകാലഹിറ്റുകളിൽ കാണാറുള്ള, ഫ്‌ളക്‌സിബിലിറ്റി ഈ നടന് കൈമോശം വന്നിരിക്കുന്നു. അനിൽബാബുവും, രാജസേനനുമൊക്കെ മുൻകാലങ്ങളിൽ ചെയ്ത ജയറാം സിനിമകളോട് വളരെ സാദ്യശ്യവും ഈ ചിത്രത്തിനുണ്ട്. ('മധുചന്ദ്രലേഖയും', 'കടിഞ്ഞൂൽ കല്യാണവു'മൊക്കെ എത്രഭേദമായിരുന്നു) ഒരു വ്യത്യസ്തതക്കായി ഓടുപൊളിച്ച് വീട്ടിൽനിന്ന് പുറത്തുവരുന്ന സീനിലാണ് ജയറാമിനെ ആദ്യമായി കാണിക്കുന്നത്! നരസിംഹം വെള്ളത്തിൽ മുങ്ങിക്കിടന്ന് പ്രത്യക്ഷമാവുന്നതുപോലെ. പാവം പ്രേക്ഷകർ എന്തൊക്കെ സഹിക്കണം. പ്രായത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ ചായം പൂശുന്നതും ഈ നടന് തിരച്ചടിയാണ്.
ഈ കച്ചറ സ്‌ക്രിപ്റ്റിലെ അസംബന്ധങ്ങളിൽ തലവച്ചുകൊടുത്ത എല്ലാവരും ഒന്നിനൊന്ന് ബോറായിട്ടുണ്ട്. നമ്മുടെ പാഷാണം ഷാജിയുടെ (സാജു നവോദയ) മറുപടികളൊക്കെകേട്ടാൽ നാം ചിരിക്കണോ, കരയണോ എന്ന അവസ്ഥയിലായിപ്പോവും. അനൂപ് ചന്ദ്രനും, ഇടവേള ബാബുവും ചെയ്ത കഥാപാത്രങ്ങളാണ് ഏറ്റവും ഭീകരം. വന്നുവന്ന് സ്പൂഫ് എന്നപേരിൽ ആർക്കും എന്ത് കോപ്പിരാട്ടിയും കാണിക്കാമെന്ന അവസ്ഥ വന്നിരിക്കുന്നു. ( 'പ്രേമം' സിനിമയൊക്കെ മെഗാഹിറ്റായതോടെ ആർക്കും എന്ത് അസംബന്ധവും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാം).
ജയറാമിന്റെ അച്ഛനായിവരുന്ന ജനാർദ്ദനനാവട്ടെ 'ഭാസ്‌ക്കർ ദി റാസ്‌ക്കലി'ലേക്കാളും നന്നായി പ്രേക്ഷകരെ വെറുപ്പിച്ചു. ഇതിലെ ഒരു രംഗം നോക്കുക. പിരിഞ്ഞിരിക്കുന്ന റിമിടോമിയെ കൂട്ടിക്കൊണ്ടു പോവാനായി നായകൻ ജയറാം വരുമ്പോൾ നായികയുടെ ഡിമാന്റുകളിൽ ഒന്ന് ഇങ്ങനെ. 'എത്രയും പെട്ടെന്ന് എന്നെ ഗർഭിണിയാക്കണം.' ഈ ഡിമാന്റ് നായികയുടെ സഹോദരന്മാരും, മുത്തച്ഛനുമൊക്കെ കാൺകെ ജയറാം പരസ്യമായി വായിക്കയാണ്. എത്ര മനോഹരമായ കോമഡികൾ!
മെഗാ സീരിയലുകൾ എത്രഭേദം
ആക്ഷേപഹാസ്യത്തിന്റെ വലിയ സാധ്യതകളുള്ള കഥയായിരുന്നു ഇത്. സിനിമക്കുള്ളിലെ സിനിമ നാം പലതവണ കണ്ണിട്ടുണ്ടെങ്കിലും, ടെലിവിഷൻ സീരിയലുകളിലെ ലോകം നമുക്ക് അത്ര പരിചിതമല്ല. ഒരു നായികയുടെ ഗർഭംപോലും മൂന്നുകൊല്ലം നീണ്ടീനിൽക്കുന്ന രീതിയിൽ മെഗാ സീരിയലുകളുള്ള ഇക്കാലത്ത് തിരക്കഥയിൽ അൽപ്പം ശ്രദ്ധിച്ചിരുന്നെങ്കിൽ മികച്ച കോമഡിയുണ്ടാക്കാമായിരുന്നു. 'ആണുങ്ങളുടെ ലഹരിയായ ബാറുകളൊക്കെ സർക്കാർ നിരോധിച്ചു. ഇനി പെണ്ണുങ്ങളുടെ ലഹരിയായ സീരിയലും നിരോധിച്ചോ' എന്ന് പാഷാണം ഷാജി ചോദിക്കുന്നതുപോലുള്ള ഒന്നുരണ്ട് ഇടത്താണ് പഞ്ച് ഡയലോഗുകൾ ഉള്ളത്.
ജയദേവൻ ചുങ്കത്തറയെന്ന സീരിയൽ എഴുത്തുകാരനാണ് സിനിമയിൽ ജയറാം അവതരിപ്പിക്കുന്ന നായകൻ. കേരളത്തിലെ സ്ത്രീപ്രേക്ഷകരുടെ ഹൃദയതാളം അറിയുന്ന ചുങ്കത്തറ എഴുതിയ സീരിയലുകൾ ഒക്കെ ഹിറ്റാണ്. ഇതിനിടയിലാണ് ചുങ്കത്തറയുടെ ജീവിതത്തിലേക്ക്, സീരിയൽ ഭ്രാന്തിയും അഞ്ചുപൈസ കുറവുള്ളവളുമായ പുഷ്പവല്ലി (റിമി) കടന്നുവരുന്നത്. അതോടെ ചുങ്കത്തറയുടെ സകല സ്വസ്ഥതയും പോവുന്നു. അയാളുടെ സീരിയലുകൾ റേറ്റിങ്ങിൽ കുത്തനെ താഴുന്നു. പതിവുപോലെ നായകനെ തകർച്ചയിൽനിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്വം ആർക്കാണ്. കൂട്ടുകാരനായ സീരിയൽ പ്രൊഡ്യൂസർ അനൂപ് മേനോന് തന്നെ. ഇത്തവണ അനൂപ് ഫിലോസഫി പറയുന്നില്ലെന്ന് മാത്രം. പകരം തിരുവനന്തപുരം സ്‌ളാങ്ങ് കയറ്റിവിട്ടിട്ടുണ്ട്. കുറ്റം പറയരുതല്ലോ, കൂട്ടത്തിൽ ബോറില്ലാത്തത് ഈ മേനോന്റെ കഥാപാത്രം തന്നെയാണ്.
ചുങ്കത്തറയെ എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചുകൊണ്ടുവരാൻ (ഈ പൊട്ട സീരിയലാണ് ഇയാൾ എഴുതുന്നത്. അനൂപ് പറയുന്നതുകേട്ടാൽ തോന്നും ചുങ്കത്തറ എം ടിയാണെന്ന്) സുഹൃത്ത് നടത്തുന്ന തന്ത്രമാണ് ഈ സിനിമയുടെ അതിഭയങ്കരമായ ട്വിസ്റ്റ്. കഥ പറയുന്നില്ല. അത് കാണാനുള്ള ഭാഗ്യദോഷം നിങ്ങൾക്ക് ഉണ്ടാവാതിരിക്കട്ടെ.
[BLURB#3-H] പെട്ടന്ന് കേട്ടാൽ മെഗസ്സീരിയലുകളെ വിമർശിക്കുന്ന ചിത്രമാണിതെന്നാണ് തോന്നുക. എന്നാൽ കഥ അവസാനിക്കുന്നത് സീരിയലുകളുടെ പ്രസക്തി ചൂണ്ടിക്കാട്ടിക്കൊണ്ടാണ്. ഈ ചീഞ്ഞളിഞ്ഞ, അസൂയയും ദുഷ്ടത്തരങ്ങളും പരദൂഷണങ്ങളും മാത്രമുള്ള സീരിയിൽ ലോകത്തെക്കുറിച്ച് ശക്തമായി വിമർശിക്കാനൊന്നും സംവിധായകന് കഴിയുന്നില്ല. ഒരു ടോക്ക്‌ഷോയിൽ പങ്കെടുത്ത് ജയദേവന്റെ സീരിയലുകളെ വിമർശിക്കുന്ന ഒരു സാമൂഹികപ്രവർത്തക ഫ്‌ളോറിൽനിന്ന് ഇറങ്ങിയിട്ട് ഒരു സീരിയൽ കഥാപാത്രത്തെ ഇങ്ങനെ കഷ്ടപ്പെടുത്തരുതെന്ന് അയാളോട് പറയുന്നുണ്ട്. ചുങ്കത്തറയുടെ പൊട്ട, പ്രേത സീരിയലുകൾ വമ്പൻ സംഭവമെന്ന പേരിൽ അഭിനന്ദനങ്ങളും ഏറ്റുവാങ്ങുന്നു.
'ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്' തൊട്ട് 'ഉദയനാണ് താരവും', 'ചിറകൊടിഞ്ഞ കിനാക്കളും' വരെയുള്ള സിനിമക്കുള്ളിലെ സിനിമകൾ എത്ര ശക്തമായാണ് ചലച്ചിത്രലോകത്തെ ആത്മവിമർശനത്തിന് വിധേയമാക്കിയതെന്ന് ഓർക്കുക. എന്തിന് പൈങ്കിളി നോവലിസ്റ്റായ സാഗർ കോട്ടപ്പുറം നടത്തുന്ന സ്വയം വിമർശനത്തിനുപോലും ചുങ്കത്തറക്ക് ആവുന്നില്ല. അതിന് അടിസ്ഥാനപരമായി പ്രതിഭയെന്ന മൂന്നക്ഷരം വേണം. അതില്ലാത്തവൻ സിനിമ പിടിക്കാനിറങ്ങരുത്.
നാദിർഷായുടെ ഗാനരചനയും സാനന്ദ് ജോർജിന്റെ സംഗീതവുമാണ് ഈ കോലാഹലത്തനിടയിൽ എക ആശ്വാസം.
വാൽക്കഷ്ണം: ഈ പടത്തിന്റെ തുടക്കത്തിൽ മമ്മൂട്ടി ഫാൻസിന് നന്ദിപറയുന്നതിന്റെ ഗുട്ടൻസ് എന്താണെന്ന് പ്രേക്ഷകർ സംശയിക്കും. അതാണ് നിർമ്മാതാവ് ആന്റോ ജോസഫിന്റെ ശക്തി. മോഹൻലാലിന് ആന്റണി പെരുമ്പാവൂരെന്നപോലെ, മമ്മൂട്ടിക്ക് പിന്നാലെകൂടിയ എർത്താണിയാളെന്നാണ് സിനിമാ ഫീൽഡിലെ സംസാരം. സ്വതവേ ജാടക്ക് പേരുകേട്ട നമ്മുടെ ഇക്കക്ക് കുബുദ്ധി ഉപദേശിച്ച് കൂടുതൽ അഹങ്കാരിയും പ്രശ്‌നക്കാരനുമാക്കുന്നത് ഈ മഹാനാണത്രേ. ഒരു ഘട്ടത്തിൽ മമ്മൂട്ടിയുടെ ബിനാമിയാണെന്നുപോലും ഇയാൾ അറിയപ്പെട്ടു. ആന്റോ ജോസഫിന് സിനിമയെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നതിന്റെ തെളിവാണല്ലോ ഈ പൊട്ടക്കഥ സിനിമയാക്കാൻ പോയത്. ഇത്തരം കഥകൾ തന്നെയല്ലേ ഇയാൾ മമ്മൂട്ടിക്കും ഉപദേശിക്കുക. വെറുതെയാണോ മമ്മൂട്ടിയുടെയും പരിപ്പ് ഇളകിക്കൊണ്ടിരിക്കുന്നത്.