- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലിസത്തിന്റെ വർഷം! ന്യൂജൻ തരംഗത്തെ പിന്തള്ളി വീണ്ടും താരോൽസവം; മമ്മൂട്ടിക്ക് നിരാശ, അടിത്തറയിളകി ദിലീപ്, ഇളകാതെ നിവിനും ദുൽഖറും, തിരിച്ചുവന്ന് ഫഹദ്, പിറകോട്ടടിച്ച് പൃഥ്വിരാജ്: വാർഷിക കണക്കു പുസ്തകത്തിൽ മലയാള ചലച്ചിത്ര വിപണി മുന്നോട്ടു തന്നെ
'ലാലും ലാലും പിന്നെ കാക്കത്തൊള്ളായിരം പേരും'! ഇപ്പോഴത്തെ ഹിറ്റായ പൂമരപ്പാട്ട് തിരിച്ചിട്ടാൽ ഈ വർഷത്തെ മലയാള സിനിമയുടെ ബാലൻസ്ഷീറ്റായി. അതിൽ മോഹൻ ലാൽ കഴിഞ്ഞാൽ നാൽപ്പതുപേരിൽ ഒരാളാവാനായിരിക്കും ബാക്കിയുള്ളവരുടെ മൽസരം. കാരണം മൊത്തം അഞ്ചൂറുകോടിയുടെ നിക്ഷേപമുള്ള പോയ വർഷത്തെ മലയാള സിനിമയിൽ 200കോടിയിലേറെ റിട്ടേൺ ഒറ്റയിടിക്ക് വന്നത് പുലിമുരുകൻ,ഒപ്പം എന്നീ രണ്ട് ലാൽ ചിത്രങ്ങളിലൂടെ മാത്രമാണ്. അതായത് മലയാള സിനിമാ വ്യവസായത്തിന്റെ പാതി ലാൽ ഒറ്റക്ക് താങ്ങുകയാൺമലയാളത്തിൽ ആദ്യമായി നൂറുകോടി ക്‌ളബിലത്തെിയ പുലിമുരുകനും, തെലുങ്കിൽ നൂറുകോടി ക്‌ളബിലത്തെിയ ജനാതാഗാരേജുമുള്ളപ്പോൾ ഓർക്കുക, എത്രലക്ഷം പേരായിരിക്കും ഈ വർഷം ലാൽ സിനിമകൾ കണ്ടത്. ബോളിവുഡ്,കോളിവുഡ് സിനിമകൾക്ക് മാത്രമുള്ള നൂറുകോടി ക്‌ളബ് മല്ലുവുഡ്ഡിലും എത്തിയത് നമ്മുടെ ചലച്ചിത്ര വ്യവസായത്തിന് ഉണ്ടാക്കിയ ഉണർവ് ചില്ലറയല്ല. ഷാർജയിലും,ബഹറൈനിലും മാത്രമല്ല യു.എസിലും യു.കെയിലും ഒരു മലയാള പടത്തിന് വിദേശികൾവരെ ക്യൂ നിൽക്കുന്ന കാലം മുമ്പ് സങ്കൽപ്പിക്കാൻ കഴിയുമായിരുന്
'ലാലും ലാലും പിന്നെ കാക്കത്തൊള്ളായിരം പേരും'! ഇപ്പോഴത്തെ ഹിറ്റായ പൂമരപ്പാട്ട് തിരിച്ചിട്ടാൽ ഈ വർഷത്തെ മലയാള സിനിമയുടെ ബാലൻസ്ഷീറ്റായി. അതിൽ മോഹൻ ലാൽ കഴിഞ്ഞാൽ നാൽപ്പതുപേരിൽ ഒരാളാവാനായിരിക്കും ബാക്കിയുള്ളവരുടെ മൽസരം. കാരണം മൊത്തം അഞ്ചൂറുകോടിയുടെ നിക്ഷേപമുള്ള പോയ വർഷത്തെ മലയാള സിനിമയിൽ 200കോടിയിലേറെ റിട്ടേൺ ഒറ്റയിടിക്ക് വന്നത് പുലിമുരുകൻ,ഒപ്പം എന്നീ രണ്ട് ലാൽ ചിത്രങ്ങളിലൂടെ മാത്രമാണ്. അതായത് മലയാള സിനിമാ വ്യവസായത്തിന്റെ പാതി ലാൽ ഒറ്റക്ക് താങ്ങുകയാൺമലയാളത്തിൽ ആദ്യമായി നൂറുകോടി ക്‌ളബിലത്തെിയ പുലിമുരുകനും, തെലുങ്കിൽ നൂറുകോടി ക്‌ളബിലത്തെിയ ജനാതാഗാരേജുമുള്ളപ്പോൾ ഓർക്കുക, എത്രലക്ഷം പേരായിരിക്കും ഈ വർഷം ലാൽ സിനിമകൾ കണ്ടത്.
ബോളിവുഡ്,കോളിവുഡ് സിനിമകൾക്ക് മാത്രമുള്ള നൂറുകോടി ക്‌ളബ് മല്ലുവുഡ്ഡിലും എത്തിയത് നമ്മുടെ ചലച്ചിത്ര വ്യവസായത്തിന് ഉണ്ടാക്കിയ ഉണർവ് ചില്ലറയല്ല. ഷാർജയിലും,ബഹറൈനിലും മാത്രമല്ല യു.എസിലും യു.കെയിലും ഒരു മലയാള പടത്തിന് വിദേശികൾവരെ ക്യൂ നിൽക്കുന്ന കാലം മുമ്പ് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ? ഒപ്പം മറ്റ് 15 മലയാള ചിത്രങ്ങളും ഇത്തവണ തീയേറ്റുകളിൽ പ്രദർശിപ്പിച്ചുതന്നെ വിജയിച്ചിട്ടുണ്ട്.തീർച്ചയായും ഇത് മലയാള സിനിമയിലെ ഉണർവിന്റെ വർഷമാണ്.ഇടക്കാലത്തുണ്ടായ ന്യൂജൻ തരംഗം മങ്ങിയതും വീണ്ടും താരപുരുഷകേന്ദ്രീകൃതമായ അതിമാനുഷ വിഷയങ്ങൾ പ്രമേയമാവുന്നതുമെല്ലാം ഈ ഉണർവിന്റെ പാർശ്വഫലങ്ങളും.
17 വിജയ ചിത്രങ്ങൾ; ഒരാഴ്ച തികക്കാത്തവ നാൽപ്പതിലേറെ
നിർമ്മാതാക്കൾ അറിയിച്ച കണക്കുപ്രകാരം ഈവർഷത്തെ വിജയ ചിത്രങ്ങളും അവനേടിയ ഗ്രോസ് തീയേറ്റർ കലക്ഷനും ഇങ്ങനെയാണ്.
1.പുലിമരുകൻ140 കോടി, 2.ഒപ്പം61കോടി, 3.ആക്ഷൻ ഹീറോ ബിജു30കോടി,4.ജേക്കബിന്റെ സ്വർഗരാജ്യം25കോടി, 5.തോപ്പിൽ ജോപ്പൻ22കോടി, 6. കിങ് ലയർ20കോടി, 7.കട്ടപ്പനയിലെ ഋത്വിക് റോഷൻ 18കോടി, 8.മഹേഷിന്റെ പ്രതികാരം17കോടി, 9.കലി16കോടി, 10.പവാട16കോടി, 11.കമ്മട്ടിപ്പാടം15 കോടി,12.ഊഴം15കോടി,13.കസബ 14കോടി, 14.ഹാപ്പി വെഡിങ്ങ്13കോടി, 15.ആനന്ദം13കോടി,16.അനുരാഗ കരിക്കിൻവെള്ളം12കോടി,17.പ്രേതം 12കോടി.
ആന്മരിയ കലിപ്പിലാണ്, കിസ്മത്ത്, ആടുപുലിയാട്ടം,കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ, കരിങ്കുന്നം സിക്‌സസ് എന്നിവ സാറ്റലൈറ്റ് റൈറ്റുകളും മറ്റുകൂട്ടുമ്പോൾ നഷ്ടമില്ലാതെ തടിയെടുക്കുമെന്നാണ് നിർമ്മാതാക്കൾ കരുതുന്നത്.
അതായത് ആകെയിറങ്ങിയ 118 ചിത്രങ്ങളിൽ 23എണ്ണം മാത്രമാണ് മുടക്കുമുതൽ തിരച്ചുപിടക്കാൻ സാധ്യതയുള്ളതെന്ന് ചുരുക്കം.ബാക്കിയുള്ള തൊണ്ണൂറോളം സിനിമകൾ പകുതിക്കുപോലും ഒരാഴ്ച തീയേറ്റിൽ പിടിച്ചുനിൽക്കാനുള്ള ശേഷിയുണ്ടായിരുന്നില്‌ളെന്നും ഓർക്കണം.
പുലിക്ക് ഒപ്പം വീണ്ടും ലാൽ നമ്പർ വൺ!
മോഹൻലാൽ വലുതായൊന്നും ഓർക്കനാഗ്രഹിക്കാത്ത വർഷമായിരുന്നു 2015. ചായമിട്ട ചിത്രങ്ങളൊക്കെ പൊട്ടിയെന്ന് മാത്രമല്ല, ദേശീയഗെയിംസിന്റെ ഭാഗമായി നടന്ന ലാലിസമെന്ന കൂതറ പരിപാടിയും, സരിതാ ഡയറിയിൽ പേരുവന്ന വിവാദവുമൊക്കെയായി വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ബ്രാൻഡ് മോഹൻലാലിന്റെ കട്ടയും പടവും മടക്കിയകാലമായിരുന്ന അത്.എന്നാൽ ചാരത്തിൽനിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ലാൽ ഉയർത്തെഴുൽക്കുന്നതാണ് 2016ൽ കാണാൻ കഴിയുന്നത്.'പുലിമുരുകനും', 'ഒപ്പവും' സൃഷ്ടിച്ച തരംഗത്തിന്റെ ആരവങ്ങൾ ഇപ്പോഴും ഒടുങ്ങിയിട്ടില്ല. പുലിമരുകനിലെ പഞ്ച് ഡയലോഗ്‌പോലെ , അറിഞ്ഞതിനും അപ്പുറത്താണ് ലാൽ എന്ന ചെരിഞ്ഞ നടക്കുന്ന ഈ മലയാളത്തിന്റെ അഹങ്കാരം. തെലുങ്കിൽ ജനതാഗാരോജ് നൂറകോടിയിലത്തെിയത് ഈ വർഷത്തെ ഇരട്ടി മധുരവും.( കലാപരമായി വിലയിരുത്തുമ്പോൾ 'ജനതാഗാരോജ' വെറും പീറ തെലുങ്കുമസാല മാത്രമാണ്) ലാലിന്റെ മറ്റൊരു തെലുങ്ക് ചിത്രാമായ 'മനമന്ദ' വിസ്മയം എന്നപേരിലിറങ്ങി മലയാളത്തിലും വെന്നിക്കൊടി നാട്ടി.[BLURB#1-H]
പ്രസിദ്ധ സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയിനിനെപ്പോലും അത്ഭുദപ്പെടുത്തുന്നതായിരുന്ന പുലിമുരുകനിൽ ലാലിന്റെ അർപ്പണബോധം.56ാം വയസ്സിലും ഡ്യൂപ്പില്ലാതെ തകർപ്പൻ ഫൈറ്റുകൾ ചെയ്യുന്ന അതിശയൻ!.എന്നാൽ 'പുലിയേക്കാൾ'നടൻ എന്ന നിലയിൽ ലാലിനെ വെല്ലുവിളിച്ചതും അദ്ദേഹം ഭംഗിയാക്കിയതും 'ഒപ്പത്തിലെ' അന്ധനായ ജയരാമനെയാണ്. ഈ ചിത്രത്തിൽ ഇടവേളയോടനുബന്ധിച്ച് മണംപിടിച്ച് വില്ലനെ കണ്ടത്തൊനുള്ള ജയരാമന്റെ ശ്രമമുള്ള ആ സീനൊന്ന് കണ്ടാലറിയാം ഈ നടന്റെ വേൾഡ് ക്‌ളാസ്.
ലാലിന്റെ പ്രതിഫലമാകട്ടെ കുത്തനെ ഉയർന്ന്,ഒരുകാലത്തും ഒരു മലയാളതാരത്തിന് സ്വപ്നം കാണാൻ കഴിയാതിരുന്നു മൂന്നുകോടിയെന്ന സംഖ്യയിൽ എത്തിയിരിക്കയുമാണ്. നോട്ടുനിരോധനത്തെ അനുകൂലിച്ച് ബ്‌ളോഗെഴുതി ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങിയത് മാത്രമാണ് ഈ വർഷം ലാലിന്റെ അക്കൗണ്ടിൽ നെഗറ്റീവായി ഉണ്ടാകാനിടയുള്ളത്!
ഈ വയസ്സുകാലത്ത് മമ്മൂട്ടിയെ ജനം വീട്ടിലിരുത്തുമോ?
മെഗാ സ്റ്റാർ മമ്മൂട്ടിക്ക് തന്റെ വിശേഷണം അന്വർഥമാക്കുന്ന ഒരു മെഗാഹിറ്റുപോലും ഉണ്ടാക്കാനായില്ല എന്നുമാത്രമല്ല, അദ്ദേഹത്തിന്റെ പോയവർഷത്തെ രണ്ടു ചിത്രങ്ങൾ ( പുതിയ നിയമവും, വൈറ്റും) എട്ടുനിലയിലല്ല പതിനാറുനിലയിലാണ് പൊട്ടിയത്.അറുവഷളൻ സംഭാഷണങ്ങൾകൊണ്ട് വ്യാപകമായി വിമർശിക്കപ്പെട്ടെങ്കിലും, ഇനീഷ്യൻ കളക്ഷന്റെ ബലത്തിൽ നിധിൻ രഞ്ജിപ്പണിക്കർ ഒരുക്കിയ 'കസബ' വിജയചിത്രമായി.
അതുപോയെതന്നെ കലാപരമായി വട്ടപൂജ്യമാണെങ്കിലും 'തോപ്പിൽ ജോപ്പനും', പുലി തകർത്താടുന്ന സമയത്തും മോശമില്ലാതെ ഓടിയെന്നാണ് സംവിധായകൻ ജോണി ആന്റണി അടക്കമുള്ളവർ പറയുന്നത്.( ഇവരുടെ കണക്കിൽ എത്ര സത്യമുണ്ടെന്നത് വേറെ കാര്യം).പക്ഷേ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും, പുതിയ കഥകളും ആഖ്യാനരീതികളുമൊക്കെ സിനിമയിൽ കൊണ്ടുവരുന്നതിനും ശ്രമിച്ചില്‌ളെങ്കിൽ, ഈ വയസ്സുകാലത്ത് ജനം മമ്മൂട്ടിയെ വീട്ടിലിരുത്തും എന്നതിന്റെ ശക്തമായ സൂചനയാണ് 'വൈറ്റ്' എന്ന തറ പടത്തിനൊക്കെ കിട്ടിയ കുറക്കനെ തോൽപ്പിക്കുന്ന ഓരിയിടലുകൾ. ഫാൻസുകാർ എന്ന അർധമന്ദബുദ്ധിക്കൂട്ടങ്ങളെ കെട്ടഴിച്ചുവിട്ടുള്ള സ്റ്റാർഡം, ഇനി അധികകാലം ഉണ്ടാവില്‌ളെന്ന് മമ്മൂട്ടിയെപ്പോലുള്ള ബുദ്ധിമാനായ നടൻ ഓർത്താൽ നന്ന്.
അടിത്തറയിളകി ദിലീപ്; നേട്ടം കാവ്യമാത്രം!
തുടർച്ചയായ പരാജയങ്ങൾക്കിടയിൽ ദിലീപിന് ഒരു ലൈഫ് കിട്ടിയ പടമായിരുന്നു 2015 ഒടുവിൽ ഇറങ്ങിയ 'ഷാഫി'യുടെ 'ടു കൺട്രീസ്'.അമ്പതുകോടിക്കടുത്ത് കളക്റ്റ് ചെയ്തുകൊണ്ട് മെഗാഹിറ്റായി മാറിയ ഈ ചിത്രത്തിനുശേഷം വീണ്ടും ദിലീപിന്റെ ഗ്രാഫ ് മരിച്ചവന്റെ ഇ.സി.ജിപോലെയാണ്. അഭിനയിച്ച മൂന്നുപടങ്ങിൽ രണ്ടും തലയും കുത്തിവീണു. ഹിറ്റ്‌മേക്കർ ലാലിന്റെ 'കിംങ് ലയർ' എന്ന പടം പലയിടത്തും അസഹനീയവും, അസഭ്യ കോമഡികൾകൊണ്ടുള്ള അഭിഷേകവും അയിരുന്നെങ്കിലും, എങ്ങനെയാക്കെയോ വിജയമായി.( കുട്ടികളാണ് ദിലീപിന്റെ ഏറ്റവും വലിയ പ്രേക്ഷകർ എന്നത് നാം ഞെട്ടലോടെ കാണണം. ഈ അസഭ്യവും ദ്വയാർഥപ്രയോഗവും നിറഞ്ഞ സെക്‌സ് കോമഡികൾ കേട്ടാണ് കുട്ടികൾ ചിരിക്കുന്നത്.വിദേശരാജ്യങ്ങളിലൊക്കെയായിരുന്നെങ്കിൽ ഇത്തരം പടങ്ങൾക്ക് എ സർട്ടിഫിക്കേറ്റ് ഉറപ്പായിരുന്നു) തുടർന്നുവന്ന അടൂരിന്റെ 'പിന്നെയും' ദിലീപിന് ഇരട്ടി നഷ്ടമാണ് ഉണ്ടാക്കിയത്.
[BLURB#2-VL]അവാർഡിനുപകരം ചീത്തപ്പേരിന് ഇതും മാറ്റുകൂട്ടി.ഒപ്പം പ്രതിഫലം കുറച്ച് അഭിനയിക്കേണ്ടിവന്നതിന്റെ സാമ്പത്തിക നഷ്ടവും. അവസാനമിറങ്ങിയ സുന്ദർദാസിന്റെ 'വെൽക്കം ടു സെൻട്രൽ ജയിലാണ്' മധ്യതിരുവിതാംകൂറുകാരുടെ ഭാഷയിൽ പറഞ്ഞാൽ അക്ഷരാർഥത്തിൽ 'ഫീകരം'.മനോവൈകല്യമുള്ള മനുഷ്യർക്ക് മാത്രമേ ഈ തറയൊക്കെ വലിയ കോമഡിയാണെന്ന് പറഞ്ഞ് എഴുന്നള്ളിക്കാനാവൂ.പോയവർഷത്തിന്റെ ദിലീപിന്റെ പ്രധാനനേട്ടം വ്യക്തി ജീവിതത്തിലാണ്.നടി കാവ്യമാധവനെ, തന്റെ പേരിൽ പഴികേട്ട പെണ്ണെന്ന പേരുദോഷം മാറ്റായി അദ്ദേഹം വിവാഹം കഴിച്ച് ത്യാഗിച്ചിരിക്കുന്നു! സിനിമയെ വിലയിരുത്തുന്നിടത്ത് വ്യക്തി ജീവിതത്തിന് എന്തുകാര്യമെന്ന് പറയാൻ വരട്ടെ.അയലത്തെ വീട്ടിലെ നന്മയുള്ള പയ്യൻ എന്ന ഇമേജായിരുന്നു കുട്ടികൾക്കും സ്ത്രീകൾക്കുമിടയിൽ ദിലീപിനെ പ്രിയങ്കരനാക്കിയത്.ആ ഇമേജ് കരണക്കുത്തം മറിയുന്നത് ദിലീപിന്റെ ചലച്ചിത്ര ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണാം.
പൃഥ്വിയുടെ പരാജയ പരീക്ഷണങ്ങൾ
കഴിഞ്ഞവർഷത്തെ തൊട്ടതെല്ലാം പൊന്നാക്കിയ താരം പ്രഥ്വീരാജിന് ഇത്തവണ തിരിച്ചടിയേറ്റു. ഇറങ്ങിയ നാലുചിത്രങ്ങിൽ മാർത്താണ്ഡൻ സംവിധാനം ചെയ്ത 'പാവാട' മാത്രമാണ് വൻതോതിൽ ആളെക്കൂട്ടിയത്. ഹിറ്റ് മേക്കർ ജിത്തുജോസഫിന്റെ 'ഊഴം', ഇനീഷ്യൽ കലക്ഷന്റെയും സാറ്റലൈറ്റുകളുടെയും പിൻബലത്തിൽ പിടിച്ചുനിന്നു. (എത്രയോ പോരായ്മകൾ ഉള്ള ചിത്രമായിട്ടും 'ഊഴ'ത്തിന്റെ ഞെട്ടിക്കുന്ന ആദ്യവാര കലക്ഷൻ ഈ നടന്റെ ഇടിയാത്ത താരപദവി തന്നെയാണ് സൂചിപ്പിക്കുന്നത്) 'ജെയിംസ് ആൻഡ് അലീസ്', 'ഡാർവിന്റെ പരിണാമം' എന്നീചിത്രങ്ങൾ തീയേറ്റുകാർക്ക് സമ്മാനിച്ചത് ആളില്ലാ കസേരകൾ മാത്രമാണ്. അപ്പോഴും പ്രഥ്വീരാജ് എന്ന നടനോടുള്ള സ്‌നേഹം പ്രേക്ഷകർക്ക് കുറയാത്തത് ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തമായ ചിത്രങ്ങൾ എടുക്കണമെന്നുള്ള അദ്ദേഹത്തിന്റെ വാശിയാണ്.ഇത് പലപ്പോഴും പരീക്ഷണത്തിനുവേണ്ടി പരീക്ഷണം നടത്തുന്നതുപോലെയായിപ്പോവുന്നുണ്ട്.
ഇളകാതെ നിവിനും ദുൽഖറും
കഴിഞ്ഞവർഷം തിളങ്ങിനിന്ന നിവിൽപോളിയും ദുൽഖർ സൽമാനും ഇത്തവണയും പ്രതീക്ഷ കാത്തു.എബ്രിഡ് ഷൈനിന്റെ ആക്ഷൻ ഹീറോ ബിജു, വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വർഗരാജ്യം എന്നീ രണ്ടു ചിത്രങ്ങളാണ് നിവിന്റെ പേരിൽ ഇത്തവണയുണ്ടായത്.അത്രമികച്ചതൊന്നുമല്ലാഞ്ഞിട്ടും രണ്ടും വൻ വിജയം നേടിയതിന് പിന്നിൽ പ്രേക്ഷകരെ കാന്തക്കല്ലുപോലെ ആകർഷിക്കുന്ന ഈ യുവനടന്റെ കരിസ്മ തന്നെയാണ്.സമീർ താഹിറിന്റെ കലി, രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്നീ രണ്ടുസിനിമകളും വിജയിപ്പിച്ചുകൊണ്ട് ദുൽഖർ സൽമാനും താരപദവി കാത്തു. ഐ.എഫ്.എഫ്.കെയിൽ വരെ പുരസ്‌ക്കാരം കിട്ടിയ രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലെ അഭിനയം ദുൽഖറിന് അവാർഡ് സാധ്യതകളും വർധിപ്പിച്ചിട്ടുണ്ട്. ഇക്കണക്കിന് പോവുകയാണെങ്കിൽ എങ്ങനെ സെലക്ടീവ് ആകണമെന്നും കഥാപാത്രങ്ങളെ തെരെഞ്ഞെടുക്കണമെന്നും മമ്മൂട്ടി മകനിൽനിന്ന് പഠിക്കേണ്ട കാലം വരികയാണെന്നും തോനുന്നു.
ഫഹദിന്റെത് മനോഹര പ്രതികാരം
ന്യൂജൻ ടൈപ്പ് വേഷയങ്ങളിൽപെട്ട് തുടർച്ചയായി പടങ്ങൾ പൊട്ടി ഔട്ടാകലിന്റെ വക്കത്തുനിന്ന്, സമകാലീന മലയാള സിനിമകണ്ട ഏറ്റവും പ്രതിഭാശാലിയായ നടൻ ഫഹദ്ഫാസിൽ തിരച്ചുവന്ന വർഷംകൂടിയാണിത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'മഹേഷിന്റെ പ്രതികാരം' ഫലത്തിൽ വ്യാവസായിക സിനിമയോടുള്ള ഫഹദിന്റെ പ്രതികാരം കൂടിയായി. ലോ ബജറ്റിൽ എടുത്ത ഈ പടം 17കോടിയിലധികം ഗ്രോസ് കലക്ഷൻ നേടുകയും ചെയ്തു.ഈ വർഷം ആദ്യം ആദ്യം ഇറങ്ങിയ ഫഹദ് ചിത്രമായ അബിവർഗീസിന്റെ 'മൺസൂൺ മാംഗോംസ്' തരക്കേടില്ലാത്ത ചിത്രമായിരുന്നെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. മഹേഷിനുശേഷം, തുടരെതുടരെ സിനിമചെയ്യുന്ന രീതിവിട്ട് ഫഹദ് സെലക്ടീവായിരക്കയുമാണ്.
പ്രേതത്തിൽ പിടിച്ച് ജയസൂര്യ; വെടിതീർന്ന് കുഞ്ചോക്കോയും ജയറാമും
ഷാജഹാനും പരീക്കുട്ടിയും, ഇടി തുടങ്ങിയ അസാധാരണ ബോറടികളിലൂടെ പ്രേക്ഷകരെ എങ്ങനെ തീയേറ്റിൽ സ്വസ്ഥമായി സ്മാർട്ട് ഫോൺ ഉപയോഗിപ്പിക്കാം എന്ന് പഠിപ്പിച്ച ജയസൂര്യക്ക്, രഞ്ജിത്ത് ശങ്കറിന്റെ 'പ്രേതമാണ'് ആശ്വാസമായത്.ജയസൂര്യവും രഞ്ജിത്തും ചേർന്ന് ഡ്രീം ആൻഡ് ബിയോണ്ടിന്റെ ലേബലിലാണ് ചിത്രം നിർമ്മിച്ചത്. ഹൊറർ കോമഡിയെന്ന അത്രക്കൊന്നും പരിചിതമില്ലാത്ത ആഖ്യാന ലോകത്തേക്കാണ് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോയത്.'സ്‌കൂൾ ബസ്' എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പം ജയസൂര്യയും നായകപാതിയായി എത്തിയിരുന്നെങ്കിലും ഈ പടവും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ബോക്‌സോഫീസിൽ വെടിതീർന്ന് നിൽക്കയാണ് നമ്മുടെ കുഞ്ചാക്കോ ബോബനും.വേട്ട, വള്ളീം തെറ്റി പുള്ളീം തെറ്റി,സ്‌കൂൾബസ്,ഷാജഹാനും പരീക്കുട്ടിയും,കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്നീ ചിത്രങ്ങൾ സാമ്പത്തികമായി വിജയിച്ചില്ല. ഇതിൽ രാജേഷ് പിള്ളയുടെ 'വേട്ടയിൽ' കുഞ്ചക്കോ ബോബന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. സിദ്ധാർഥ ശിവയുടെ 'കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' കലാപരമായ മികവുകൊണ്ട് നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. ഉദയായുടെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചതും കുഞ്ചക്കോ ബോബൻ തന്നെയാണ്.സാറ്റലൈറ്റ് അവകാശങ്ങളും മറ്റും കൂട്ടുമ്പോൾ അയ്യപ്പ കൊയ്‌ലോ മുടക്കുമുതൽ തിരച്ചുപിടിക്കാനും സാധ്യതയുണ്ട്.
ചെണ്ടക്കൊട്ടും ആനപ്രേമവുമായൊക്കെ നടക്കുന്ന നമ്മുടെ ജയാറം മലയാള സിനിമ ഏതാണ്ട് ഉപേക്ഷിച്ചമട്ടാണ്. 'ആടുപുലിയാട്ടം' എന്ന നായകനായ ഈ വർഷത്തെ ഒറ്റ സിനിമ ശരാശരി വിജയമായതിൽ ജയറാമിന് ആശ്വാസമാണ്. പൂമരപ്പാട്ടുമൊക്കെയായി അദ്ദേഹത്തിന്റെ മകൻ കാളിദാസൻ കയറിവരുന്നതും വർഷാന്ത്യത്തിൽ കണ്ടു. [BLURB#3-H]
ന്യൂജൻ ജഗതിയായി സൗബിൻ ഷാഹിർ
കരുത്തുറ്റ ചില സ്വഭാവ നടന്മാരും ഈ വർഷം ശ്രദ്ധപിടിച്ചുപറ്റി.അതിൽ ന്യൂജൻ ജഗതീശ്രീകുമാറെന്ന് പേരെടുത്തിരക്കുന്നത് സൗബിൻ ഷാഹിറാണ്.കമ്മട്ടിപ്പാടത്തിലെ രണ്ടുസീനിൽ വരുന്ന ഇറച്ചിവെട്ടുകാരൻ കരാട്ടക്കാരനെയും, മഹേഷിന്റെ പ്രതികാരത്തിലെ തമാശക്കാരനെയും താരതമ്യം ചെയ്താലറിയാം സൗബിന്റെ റേഞ്ച്.
പ്രേമത്തിലെ 'ഗിരിരാജകോഴി' ഫെയിം ഷറഫുദ്ദീൻ പാവാടയിലും പ്രേതത്തിലും ഹാപ്പിവെഡ്ഡിങ്ങിലുമെല്ലാം തിമർത്ത് ചിരിപ്പിക്കയാണ്.കമ്മട്ടിപ്പാടത്തിലെ ബാലേട്ടനെ അനശ്വരനാക്കിയ മണികണ്ഠൻ, നൂറ്റൊന്ന് ആവർത്തിച്ച വള്ളുവനാടൻ ടൈപ്പ് കഥാപാത്രങ്ങൾക്കിടയിൽ വേറിട്ട് നിൽക്കുന്ന ബീജഗുണമുള്ള നടനാണ്.കലിയിലെയും, കമ്മട്ടിപ്പാടത്തെയും വിനായകന്റെ പ്രകടനവും അനിതസാധാരണം തന്നെയാണ്.
നടിമാർ പൊടിപോലുമില്ല
ഷീലാമ്മ തൊട്ട് കാവ്യവരെയുള്ള വലിയൊരു നായിക ശൃംഖലയുണ്ടായിരുന്ന മലയാള സിനിമയിൽ നിന്ന് നായികമാർ പൊടിപോലുമില്ലാത്ത അവസ്ഥയാണ്. ഒരു സിനിമയിൽ മുഖം തിളങ്ങുന്ന നായികയെ അടുത്ത പടത്തിൽ കാണില്ല. നടികളുടെ പേരിൽ അനൗണസ് ചെയ്ത ഒറ്റപ്പടംപോലും ഇക്കുറിയുണ്ടായില്ല. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ എന്ന് പേരെടുത്ത മഞ്ജുവാരിയർപോലും മലർന്നടിച്ചുവീണു. കരിങ്കുന്നം സിക്‌സസ്, വേട്ട എന്നീ മഞ്ജുവിന്റെ രണ്ടു ചിത്രങ്ങളും പരാജയമായി.ഇതിൽ കരിങ്കുന്നത്തിൽ മഞ്ജുവിന്റെ അഭിനയം പ്രേക്ഷക ശ്രദ്ധ പടിച്ചുപറ്റിയിരുന്നു.
മഞ്ജുവിന്റെ താരപദവി വഴികിട്ടുന്ന സാറ്റലൈറ്റ്ഓവർസീസ് റൈറ്റുകൾ കൂടി കൂട്ടിനോക്കുമ്പോൾ ഈ പടം വലിയ നഷ്ടമില്ലാതെ തടിയെടുക്കാനും സാധ്യതയുണ്ട്.'മഹേഷിന്റെ പ്രതികാരത്തിൽ' 'ചേട്ടൻ സൂപ്പറാ'ണെന്ന് പറഞ്ഞുകൊണ്ടത്തെിയ അപർണ ബാലമുരളി,'കലി'യിലെ സായിപല്ലവിയുടെ വേഷം, 'കസബ'യിലെ വരലക്ഷ്മിയുടെ കഥാപാത്രം, 'അനുരാഗകരിക്കിൻവെള്ളത്തിലെ' എലീനയെ അവതരിപ്പിച്ച രജിഷ വിജയൻ തുടങ്ങിയവർ മാത്രമാണ് ഒറ്റനോട്ടത്തിൽ പ്രേക്ഷകരുടെ മനസ്സിലുള്ളത്.ചുരുക്കിപ്പറഞ്ഞാൽ തിരമലയാളം വീണ്ടും പൂർണമായും പുരുഷകേന്ദ്രീകൃതമാറിയെന്ന് ചുരുക്കം.
ചെറുചിത്രങ്ങളുടെ വലിയ വിജയങ്ങൾ
[BLURB#5-VR]ഇതിനിടയിലും ചില ചെറിയ ചിത്രങ്ങൾ നേടിയ വലിയ വിജയങ്ങൾ അത്ഭുദകരമാണ്.ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ച 'അനുരാഗ കരിക്കിൻവെള്ളം' എന്ന ചെറിയ ബജറ്റിലൊരുക്കിയ ചിത്രം കുടുംബപ്രേക്ഷകരെ വീണ്ടും തീയേറ്ററിൽ നിറച്ചു. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തത്. 'പ്രേമം' ടീമിലെ ഷറഫുദ്ദീൻ, ഷിജു വിൽസൺ, സൗബിൻ സാഹിർ, ജസ്റ്റിൻ ജോൺ എന്നിവർ ഒന്നിച്ച ചിത്രമായിരുന്നു ഹാപ്പി വെഡിങ്. വലിയ താരമില്ലാത്ത ചിത്രം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു. നവാഗതനായ ഒമർ ആണ് സംവിധായകൻ. നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത 'ആനന്ദം' വിനീത് ശ്രീനിവാസനാണ് നിർമ്മിച്ചത്.പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴും പലേടത്തും യുവജനങ്ങളുടെ വൻ പിന്തുണയിൽ ചിത്രം മുന്നേറുന്നുണ്ട്.
പുലിയായി വൈശാഖും, രാജീവും പിന്നെ പോത്തനും
താരാധിപത്യം അരക്കിട്ട് ഉറപ്പിക്കുന്ന സമകാലീന അവസ്ഥയിലും എല്ലുറപ്പുള്ള ചില സംവിധായകർ കയറിവരുന്നതിന്റെ ലക്ഷണങ്ങളും പോയവർഷം കണ്ടു. പൂർണമായും പുതുമുഖങ്ങളെവച്ച്, നിയതമായൊരു കഥയില്ലാതെ പരീക്ഷണം നടത്തി വിജയിച്ച 'ആനന്ദത്തിന്റെ' സംവിധായകനും രചയിതാവുമായ ഗണേശ് രാജാണ് ഇതിൽ വലിയ പ്രതീക്ഷ നൽകുന്നത്. ലളിതമായ കഥയിലുടെ 'അനുരാഗ കരിക്കിൻവെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാനും, 'ഹാപ്പി വെഡിങ്' എടുത്ത നവാഗതനായ ഒമറും പോയ വർഷത്തിന്റെ താരങ്ങളാണ്.പക്ഷേ പൂർണമായും സംവിധായകന്റെ ചിത്രം എന്ന് വിളിക്കാവുന്നത് ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരമാണ്. അതുപോലെതന്നെ രാജീവ് രവിയുടെ കമ്മട്ടിപ്പാടവും.പക്ഷേ ഈ വർഷത്തെ സംവിധായക പുപ്പുലിക്കുള്ള അവാർഡ് കൊടുക്കേണ്ടത്, സാക്ഷൽ പുലിമുരുകന്റെ സംവിധായകൻ വൈശാഖിന് തന്നെയാണ്.അത്രക്ക് വലിയ റിസ്‌ക്കായിരുന്ന ആ ചെറുപ്പക്കാരന്റെ തോളിലുണ്ടായിരുന്നത്.ഫോർമുലാ കഥകൾ എഴുതി ഹിറ്റാക്കുന്ന പതിവ്, സിബി.കെ തോമസിനെ വേർപിരിഞ്ഞ് എഴുതിയ പുലിമുരകനിലും ഉദയകൃഷ്ണ തെളിയിച്ചു.ഏറെ നാളത്തെ ഇടവേളക്കുശേഷം ഒപ്പത്തിനായി പേനയെടുത്ത പ്രിയദർശനും തന്റെ ആഖ്യാന ചാതുരി കെട്ടിട്ടില്‌ളെന്ന് തെളിയിച്ചു.
താരമായി മുളകുപാടം
[BLURB#4-H] പക്ഷേ 2016ലെ യഥാർഥതാരം ഇവരാരുമല്ല. ഒരു നിർമ്മാതാവാണ്. നൂറുകോടിക്ക് ചില്ലറയുണ്ടോയെന്ന് നമ്മൾ ട്രോളിയ ടോമിച്ചൻ മുളകുപാടം. അദ്ദേഹത്തിന്റെ ക്ഷമയുടെയും പൂർണ്ണതക്കായുള്ള കാത്തിരിപ്പിന്റെയും മാത്രമല്ല, ഒന്നാന്തരം മാർക്കറ്റിങ്ങിന്റെ കൂടി ഉൽപ്പന്നമാണ് ഈ നൂറുകോടി ക്‌ളബ്.25കോടിയലധികം മുടക്കിയെടുത്ത ചിത്രത്തിന്റെ പരസ്യത്തിനും മാർക്കറ്റിങ്ങിനും മറ്റുമായി ടോമിച്ചൻ പിന്നെയും മുടക്കിയത് കോടികളാണ്.മലയാളത്തിലെ പ്രമുഖ പത്രങ്ങളിൽ ഒന്നാംപേജ് മുഴുവനായി പരസ്യം നൽകി ഇതൊരു ബ്രഹ്മാണ്ഡചിത്രം തന്നെയാണെന്ന പ്രതീതിയുണ്ടാക്കാനും ടോമിച്ചന് കഴിഞ്ഞു. പല നല്ല ചിത്രങ്ങളും ആദ്യത്തെ ആഴ്ച തീയേറ്റിൽ നിലനിർത്താൻപോലും തക്ക പരസ്യമില്ലാതെ ഇറങ്ങുന്ന ഇക്കാലത്ത് ( ഈ വർഷം ഇറങ്ങിയ ആന്മരിയ കലിപ്പിലാണ് എന്ന ചിത്രം തന്നെ ഉദാഹരണം) ടോമിച്ചൻ വ്യത്യസ്തനായൊരു പ്രൊഡ്യൂസറാണ്.പോസ്റ്റ് പ്രൊഡക്ഷനിലും മാർക്കറ്റിങ്ങിലുമൊക്കെ കൃത്യമാ പ്രൊഫഷണലിസം ഇനിയും നമ്മുടെ നാട്ടിൽ വന്നിട്ടുമില്ല.
വാൽക്കഷ്ണം: ഇങ്ങനെയാക്കെ അനുകൂല സാഹചര്യമുണ്ടായിട്ടും സിരകളിൽ വറ്റുകുത്തുകയാണ് നമ്മുടെ സിനിമാമേഖലക്ക്.ഏതാണ്ട് 20 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കി, ക്രിസ്മസ്പുതുവൽസര റിലീസുകൾ തടസ്സപ്പെടുത്തി ശീതസമരത്തിലാണ് നമ്മുടെ തീയേറ്ററുകാരും നിർമ്മാതാക്കളും! ഈ സാഹചര്യം മുതലെടുത്ത് അന്യഭാഷാചിത്രങ്ങൾ കോടികൾ കൊയ്യുന്നത് ഇവർക്ക് പ്രശ്‌നമില്ലതാനും.ഇല്ല ഒരു രീതിയിലും സംഘടനകൾ സമ്മതിക്കില്ല, മലയാള സിനിമയെ രക്ഷപ്പെടുത്താൻ.