ഹൂസ്റ്റൺ: ഗ്രിഗോറിയൻ സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയിൽ വച്ചു നടത്തിവരുന്ന സമ്മർ മലയാളം സ്‌കൂളിന്റെ ഒമ്പതാമത് വാർഷിക സമ്മേളനം സെപ്റ്റംബർ മൂന്നാം തീയതി ഹൂസ്റ്റൺ ഐ.പി.സി ഹെബ്രോൺ ഫെല്ലോഷിപ്പ് ഹാളിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു.

ജി.എസ്.സി ഹൂസ്റ്റൺ പ്രസിഡന്റ് സൂസൻ വർഗീസിന്റെ അധ്യക്ഷതയിൽ കൂടുന്ന പ്രസ്തുത യോഗത്തിൽ കെ.പി. ജോർജ് (ഫോർട്ട് ബെന്റ് ഐ.എസ്.ഡി ട്രസ്റ്റി) മുഖ്യാതിഥിയും ഫാ. ഐസക്ക് ബി. പ്രകാശ് (വികാരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് ചർച്ച്) ആശംസാ പ്രസംഗവും നടത്തുന്നതാണ്.

വിദ്യാർത്ഥികൾ ഭാഷാ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കും. തദവസരത്തിൽ ത്യാഗമനോഭാവത്തോടുകൂടി പ്രവർത്തിച്ച വോളണ്ടിയർമാരെ യോഗം ആദരിക്കും.

ഹൂസ്റ്റന്റെ വിവിധ സിറ്റികളിൽ നിന്നുമായി കഴിഞ്ഞ ഒമ്പതു വർഷക്കാലമായി 275-ലേറെ വിദ്യാർത്ഥികളെ മലയാള ഭാഷ പഠിപ്പിക്കുവാൻ ജി.എസ്.സി ഹൂസ്റ്റൺ എന്ന സംഘനടയ്ക്ക് കഴിഞ്ഞതായി കോർഡിനേറ്റർമാരായ വിൽസൺ സ്റ്റയിൻ, ജെസി സാബു എന്നിവർ അറിയിച്ചു.