തിരുവനന്തപുരം: മദ്യനിരോധനമല്ല, കേരളത്തിൽ വേണ്ടത് സീരിയൽ നിരോധനമാണെന്ന് വാദിച്ചവർ ഏറെയാണ്. മലയാളം ചാനലുകളിൽ പൈങ്കിളി സീരിയലുകളുടെ പ്രളയം അതുപോലെയായിരുന്നു. ചന്ദനമഴയും, പരസ്പ്പരവും, കറുത്തമുത്തുമൊക്കെ കുടുംബങ്ങളിൽ അസ്വസ്തചത വിതറുന്നു എന്ന ആക്ഷേപം അതിശക്തമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ സീരിയലുകൾക്ക് നിയന്ത്രണം വേണമെന്ന ആവശ്യവും ശക്തമായി ഉയർന്നു. എന്തായാലും സംസ്ഥാന സർക്കാർ ഇപ്പോൾ സീരിയലുകളുടെ പിടുത്തം വിട്ട പോക്കിനെ നിയന്ത്രിക്കാൻ വേണ്ടി രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ ടെലിവിഷൻ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനുവേണ്ടി സെൻസർ ബോർഡ് മാതൃകയിൽ പുതിയ സംവിധാനം രൂപീകരിക്കണം. സീരിയലുകളുടെ സെൻസറിങ് അനുവദിക്കണമെന്ന ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് കത്ത് നൽകി.

നേരത്തെ സമൂഹത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും സീരിയലുകളിലെ ഉള്ളടക്കത്തെ സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. കുട്ടികളെയും യുവാക്കളെയും സീരിയലുകൾ വഴി തെറ്റിക്കുന്നുവെന്ന വിമർശനങ്ങൾ പലപ്പോഴായി ഉയർന്നിരുന്നു. ഉള്ളടക്കത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സിനിമയ്ക്ക് സെൻസർ ബോർഡ് ഉള്ളതുപോലെ സീരിയലുകൾക്കും വേണമെന്നാണ് സംസ്ഥാന സർക്കാർ കത്തിൽ ആവശ്യപ്പെടുന്നത്. സീരിയലുകളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാൻ നിലവിൽ സർക്കാരിന് അധികാരമില്ല.

ഹൈക്കോടതി ജസ്റ്റിസ് ബി കമാൽ പാഷയും ചാനലുകളിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾ സെൻസർ ചെയ്യണമെന്ന് നേരത്തെ പറഞ്ഞിരുന്നു. സീരിയലുകളിലെ പ്രമേയങ്ങൾ വളരെ അപകടം നിറഞ്ഞതാണെന്നും പഴയ പൈങ്കിളി സാഹിത്യത്തിന്റെ ഒന്നുകൂടി കടന്ന രൂപമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.