ഹ്യൂസ്റ്റൻ: ഗ്രെയ്റ്റർ ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, 'മലയാള ബോധവത്ക്കരണവും ഭാഷയുടെ വളർച്ചയും ഉയർച്ചയും' ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'മലയാളം സൊസൈറ്റി ഓഫ് അമേരിക്ക'യുടെ നവംബർ സമ്മേളനം 12-ഞായർ വൈകീട്ട് 4 ഹ്യൂസ്റ്റനിലെ കേരളാ ഹൗസിൽ സമ്മേളിച്ചു. മൂവാറ്റുപുഴ നിർമ്മല കോളജ് പ്രഫസറായിരുന്ന ഡോ. കെ.യു. ചാക്കൊ ആയിരുന്നു മുഖ്യാതിഥി. അദ്ദേഹം സാഹിത്യം എന്താണെന്നുള്ളതിനെക്കുറിച്ച് പ്രഭാഷണം നടത്തി. കൂടാതെ ജി. പുത്തൻകുരിശിന്റെ 'സൂപ്പർമാൻ' എന്ന കവിതയൊക്കുറിച്ചും ചർച്ച നടത്തി.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാർത്ഥനയോട് ആരംഭിച്ചു. സ്വാഗതപ്രസംഗത്തിൽ കൂടിവന്ന എല്ലാവർക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു. കൂടാതെ കഴിഞ്ഞുപോയ കേരളപ്പിറവി ദിനത്തിന്റെയും വരാൻപോകുന്ന താങ്കസ് ഗിവിങ്ങിന്റെയും ആശംസകൾ അർപ്പിച്ചു. ചർച്ചചെയ്യാൻ പോകുന്ന വിഷയങ്ങളെക്കുറിച്ചും ചുരുക്കമായി സംസാരിച്ചു. നൈനാൻ മാത്തുള്ളയായിരുന്നു മോഡറേറ്റർ.

മൂവാറ്റുപുഴ നിർമ്മല കോളെജിൽ സംസ്‌കൃതാധ്യാപകനായിരുന്ന ഡോ. കെ.യു. ചാക്കൊ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടായുട്ടുള്ള അനുഭവങ്ങൾ ചുരുക്കമായി വിവരിച്ചു. മലയാളത്തെ ഏറെ സ്വാധീനിച്ചിട്ടുള്ള സംസ്‌കൃതം എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന് സാഹിത്യം എന്താണെന്ന് വിശദമായി സംസാരിച്ചു. ശബ്ദവും അർത്ഥവും കൂടിച്ചേരുമ്പോൾ ഭാഷ രൂപപ്പെടുന്നു. അത് സാഹിത്യമാകണമെങ്കിൽ ഹൃദയത്തെ സ്പർശിക്കാനും ആനന്ദിപ്പിക്കാനും കഴിയണം. നിഘണ്ടു അനുസരിച്ച് കാലത്തെ അതിജീവിക്കാൻ കഴിയുന്ന ആശയങ്ങൾ സ്ഥിരമായും സാർവത്രികമായും ആവിഷ്‌ക്കരിക്കുമ്പോൾ സാഹിത്യമായി. അതുപോലെ സാഹിത്യം സഹിതമായിരിക്കണം. 'സഹിതസ്യഭാവം സാഹിത്യം'.

ഹൃദയാവർജകമായ അർത്ഥത്തോടുകൂടിയ വാക്കുകളുടെ അനർഗ്ഗളമായ സമ്മേളനമാണ് കവിത. കവിത്യം ശബ്ദത്തിലാണ്. കവിതയ്ക്ക് രമണീയാർത്ഥപ്രതിപാദമായ ശബ്ദം പുറപ്പെടുവിക്കാൻ കഴിയണം. കവിതയുടെ നിർവ്വചനം വേഡ്സ്വർത്ത് പറഞ്ഞിട്ടുണ്ട്. 'Poetry is the spontaneous overfow of powerful feelings: it takes its origin from emotion recollected in traquility.' ഈ ഗുണമാണ് നല്ല കവികൾക്കെല്ലാം ഉണ്ടായിട്ടുള്ളത്. പ്രതിഭ ജന്മസിദ്ധമാണ്. എന്നാൽ ജ്ഞാനംകൊണ്ടും യത്നംകൊണ്ടും ഒരു പരിധിവരെ അത് നമുക്ക് സ്വായത്തമാക്കാൻ കഴിഞ്ഞേക്കും. ഇതൊന്നുമില്ലെങ്കിൽ കവിത എഴുതാതിരിക്കുന്നതാണ് നല്ലത്. പ്രൊഫസർ വിവരിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണത്തിനുശേഷം സദസ്യരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.

തുടർന്ന് ജി. പുത്തൻകുരിശ് കേക വൃത്തത്തിൽ രചിച്ച തന്റെ 'സൂപ്പർമാൻ' എന്ന കവിത ഈണത്തിൽ ആലപിച്ചു. സൂപ്പർമാനായി സിനിമയിൽ അഭിനയിച്ച ക്രിസ്റ്റഫർ റീവ് അപകടത്തിൽ പെടുകയും അദ്ദേഹത്തിന്റെ നട്ടെല്ലിന് ഗുരുതരമായി ക്ഷതം ഏൽക്കുകയും ചെയ്തു. പിന്നീട് ഭാര്യ ഡാന വളരെ സ്നേഹത്തോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചു. അവർ 'ഫൗണ്ഡേഷൻ ഫോർ സ്പൈനൽ ഇന്ഞ്ചറി' എന്ന സംരംഭം ആരംഭിക്കുകയും അത് അനേകർക്ക് പ്രയോജനപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നതാണ് പുത്തൻകുരിശിന്റെ കവിതയുടെ ഇതിവൃത്തം.

ഈ കവിത ആലാപന സൗകുമാര്യം, ആശയം, വൃത്തഭംഗി, അവതരണത്തിലെ ലാളിത്യം, ഉൾക്കൊണ്ടിരിക്കുന്ന തത്വങ്ങൾ മുതലായ ഗുണങ്ങൾകൊണ്ട് ഒരു ഉത്തമ കവിതയാണെന്ന് പ്രൊഫസർ കെ.യു. ചാക്കൊ അഭിപ്രായപ്പെട്ടു. ഇക്കാലത്ത് കവിത്യമുള്ള കവിതകൾ തുലോം കുറവാണെന്ന് അദ്ദേഹം അറിയിച്ചു. കവിതയുടെയും സാഹിത്യത്തിന്റെ പൊതുവെയും മൂല്യം നശിച്ചുകൊണ്ടിരിക്കുന്നു. സാഹിത്യം ഇന്ന് ഒരുതരം സാഹിത്യ മാഫിയകളുടെ പിടിയിലാണെന്ന് അദ്ദേഹം ദുഃഖത്തോടെ അനുസ്മരിച്ചു. അമേരിക്കയിൽ നല്ല എഴുത്തുകാർ ഉണ്ടെന്നറിയുന്നതിലും മലയാളം സൊസൈറ്റിപോലെ സാഹിത്യ സംഘടനകൾ ഉണ്ടെന്നറിയുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

തുടർന്നുള്ള ചർച്ച തികച്ചും സജീവമായിരുന്നു. സദസ്യരെല്ലാം പൊതുവെയുള്ള ചർച്ചയിൽ സജീവമായി പങ്കെടുത്തു. എ.സി. ജോർജ്, പൊന്നു പിള്ള, ടോം വിരിപ്പൻ, തോമസ് വർഗ്ഗീസ്, നൈനാൻ മാത്തുള്ള, ടി. എൻ. ശാമുവൽ, തോമസ് തയ്യിൽ, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, കെ.ജെ തോമസ്, ഷിജു ജോർജ്, സലിം അറയ്ക്കൽ, ജോയി വെട്ടിക്കനാൽ, ജെയിംസ് ഐക്കരേത്ത്, ഈശോ ജേക്കബ്, ജോൺ കുന്തറ, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലായവർ പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം പര്യവസാനിച്ചു. അടുത്ത സമ്മേളനം ഡിസംബർ 10-നായിരിക്കും.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217