- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയചിത്രത്തിന് ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ചത് ഒരുകോടിയിലേറെ രൂപ; തന്റെ സിനിമയിൽ അഭിനയിക്കുന്നത് മലയാളത്തിലെ പ്രഗത്ഭരെന്നും സംവിധായകൻ അലി അക്ബർ
'1921 പുഴ മുതൽ പുഴ വരെ' എന്ന തന്റെ പുതിയചിത്രത്തിന് ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ച പണം ഒരുകോടി കവിഞ്ഞെന്ന് സംവിധായകൻ അലി അക്ബർ. ഫേസ്ബുക്ക് ലൈവിൽ എത്തി ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവെക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 1921ന്റെ ആദ്യ ഷെഡ്യൂൾ ഫെബ്രുവരി 20ന് ആരംഭിക്കുമെന്നും അലി അക്ബർ വ്യക്തമാക്കി.
മലയാളത്തിലെ പ്രഗത്ഭരായ അഭിനേതാക്കളാണ് തന്റെ സിനിമയിൽ അഭിനയിക്കുന്നത് അലി അക്ബർ പറഞ്ഞു. ഇവർക്ക് അഡ്വാൻസ് നൽകിയെന്നും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എതിരഭിപ്രായക്കാരുടെ കമന്റുകൾ വരാതിരിക്കാനാണ് ഇപ്പോൾ പേരുകൾ പുറത്തുവിടാത്തതെന്നും അദ്ദേഹം പറഞ്ഞു.
താരങ്ങളെ നിശ്ചയിക്കാനും അവർക്ക് അഡ്വാൻസ് കൊടുക്കാനുമായുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങൾ. ഫെബ്രുവരി 20ന് ഷൂട്ടിങ് ആരംഭിക്കുകയാണ്. ഫെബ്രുവരി 2ന് കോഴിക്കോട് വച്ച് പ്രമുഖർ പങ്കെടുക്കുന്ന സ്വിച്ച് ഓണും സോംഗ് റിലീസും നടക്കും. ലക്ഷ്യത്തിലേക്ക് സാമ്പത്തികമായി എത്തിയിട്ടില്ലെങ്കിലും മൂന്ന് ഷെഡ്യൂളുകളിലായി ഷൂട്ടിങ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. 30 ദിവസത്തെ ആദ്യ ഷെഡ്യൂൾ വയനാട്ടിൽ നടക്കും. പിന്നീട് സെറ്റ് വർക്കിനുശേഷം രണ്ടാമത്തെ ഷെഡ്യൂളും അതിനുശേഷം ഫൈനൽ ഷെഡ്യൂളും നടത്തും. നടീനടന്മാരെ സമീപിച്ചപ്പോൾ ഇരുകൈയും നീട്ടിത്തന്നെയാണ് അവർ സ്വീകരിച്ചത്. ആര്, എങ്ങനെ എന്നൊക്കെ വഴിയേ പറയാം. അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ എതിരഭിപ്രായക്കാരെക്കൊണ്ട് കമൻറുകൾ വരുത്താതിരിക്കാനാണ് ഇപ്പോൾ പേര് പ്രഖ്യാപിക്കാത്തത്. മലയാളത്തിൽ അറിയപ്പെടുന്ന പ്രഗത്ഭരായ ആളുകൾ തന്നെയാണ് സിനിമയിൽ അഭിനയിക്കുക. അവർക്കൊക്കെ അഡ്വാൻസും കൊടുത്തുകഴിഞ്ഞു.- അലി അക്ബർ പറഞ്ഞു.
ആദ്യ ഷെഡ്യൂളിനുള്ള പണമാണ് കൈവശമുള്ളതെന്നും ഇതുവരെ ഒരു കോടിക്ക് മുകളിൽ ക്രൗഡ് ഫണ്ടിങ് വഴി കിട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.'1921 പുഴ മുതൽ പുഴ വരെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലബാർ കലാപത്തെക്കുറിച്ചാണ് പറയുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്.
മറുനാടന് ഡെസ്ക്