- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി മലയാളികളുടെ പുതു തലമുറയ്ക്ക് മലയാളം പകർന്നു കൊടുക്കാനുള്ള ദൗത്യത്തിൽ ഒന്നാമതെത്തിയത് യുകെ ചാപ്റ്റർ; സി എ ജോസഫും എബ്രഹാം കുര്യനും മുഖ്യമന്ത്രിയിൽ നിന്നേറ്റു വാങ്ങിയത് മികവിന്റെ കണിക്കൊന്ന പുരസ്‌കാരം
ലണ്ടൻ: ജീവിത മാർഗം തേടി നാടു വിടുമ്പോൾ പ്രവാസികൾ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന മക്കളുടെ നാടിനോടും നാട്ടുകാരോടുമുള്ള കൂറു നഷ്ടപ്പെടുന്നതാണ്. ആകപ്പാടെ മൂന്നരക്കോടി ജനങ്ങൾ മാത്രം സംസാരിക്കുന്ന മലയാളം പുതിയ തലമുറയ്ക്ക് അറിയാതെ പോകുന്നു. മലയാളം അറിയാത്ത മലയാളികളെ സൃഷ്ടിക്കുമ്പോൾ ഏറ്റവും അധികം വേദനിക്കുന്നത് ആ മാതാപിതാക്കൾ തന്നെയാണ്. പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറ്റുന്നവരുടെ മക്കൾ നാട്ടിലേക്ക് വരാൻ പോലും മടിക്കുമ്പോൾ ആരു മലയാളം പഠിക്കാൻ? ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിലാണ് പുതിയ തലമുറയെ ഭാഷ പഠിപ്പിക്കാൻ സർക്കാറിന്റെ മലയാളം മിഷൻ രംഗത്തെത്തിയത്. ആ ദൗത്യം ഏറ്റെടുത്ത് വിജയിച്ചവരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചപ്പോൾ ഒന്നാമതെത്തിയത് യുകെ മലയാളികളുടെ പ്രതിനിധികളും.
യുകെയിലെ മലയാളം പഠിക്കാൻ കുട്ടികളെ പോലും ലഭിക്കാത്ത സാഹചര്യത്തിൽ യുകെ ചാപ്റ്റർ നേടിയത് സമാനതകൾ ഇല്ലാത്ത വിജയമാണ്. ഗൾഫ് അടക്കമുള്ള രാജ്യങ്ങളെ മറികടന്ന് പുതിയ തലമുറയ്ക്ക് ഭാഷയും സംസ്‌കാരവും പകർന്നു കൊടുത്തതിന് പുരസ്‌കാരം നേടാൻ മലയാളം മിഷൻ യുകെ ചാപ്റ്ററിനായി. അതിനു നേതൃത്വം കൊടുത്ത സി എ ജോസഫും എബ്രഹാം കുര്യനും അതുകൊണ്ടു തന്നെ അഭിമാനത്തിന്റെ നിറവിലാണ്.
കേരള ഗവൺമെന്റിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ചാപ്റ്ററുകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച ചാപ്റ്ററിന് നൽകുന്ന പ്രഥമ കണിക്കൊന്ന പുരസ്‌കാരം മുഖ്യമന്ത്രി മലയാളം മിഷൻ യുകെ ചാപ്റ്ററിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു പുരസ്‌കാരം. പുരസ്‌കാര തുകയായ ഒരു ലക്ഷം രൂപ പിറന്ന നാട്ടിൽ നിരാലംബരായ ദുരിതമനുഭവിക്കുന്നവർക്ക് ഉപകരിക്കുന്നതിനുവേണ്ടി മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി എബ്രഹാം കുര്യനും ചേർന്ന് പ്രവർത്തക സമിതിയുടെ അംഗീകാരത്തോടുകൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകാൻ തയ്യാറാണെന്ന് ഇന്നലെ രാവിലെ മലയാളം മിഷൻ ഓഫീസിൽ അറിയിച്ചിരുന്നു. ഈ വിവരം മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട പുരസ്‌കാര വേദിയിൽ അറിയിച്ചത് എല്ലാ യുകെ മലയാളികൾക്കും അഭിമാനമായി
മലയാളഭാഷയെ കാലത്തിനൊത്ത് നവീകരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര സമ്മാന വേളയിൽ പറഞ്ഞു. അത്തരം ശ്രമങ്ങൾക്ക് മലയാളം മിഷൻ കരുത്ത് പകരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഇന്നലെ തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ മലയാളം മിഷൻ സംഘടിപ്പിച്ച മലയാൺമ 2020 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ഇന്നത്തെ സുദിനം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് വളരെയധികം സന്തോഷം പകരുന്നതാണെന്നും ലോകത്ത് എവിടെയെല്ലാം മലയാളികളുണ്ടോ അവിടെയെല്ലാം മലയാളം ഉണ്ടാവണമെന്നാണ് ഇടതുപക്ഷ ഗവൺമെന്റ് ലക്ഷ്യമിടുന്നതെന്നും തന്റെ അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ സൂചിപ്പിച്ചു.
കണിക്കൊന്ന പുരസ്‌കാരത്തിന് പുറമേ മലയാളഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനുള്ള നൂതന ആശയം ആവിഷ്‌കരിച്ച് അവതരിപ്പിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകുന്ന പുരസ്‌കാരമായ ഭാഷാ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായ അദ്ധ്യാപകൻ പ്രവീൺ വർമ്മ എംകെ ക്ക് ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആന്റണി രാജു പുരസ്‌കാരം നൽകി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ഭാഷാ പ്രതിഭാ പുരസ്‌കാരവും.
ഭാഷയുടെ പ്രചരണത്തിനും വളർച്ചയ്ക്കും മികച്ച സംഭാവന നൽകിയ പ്രവാസ സംഘടനയ്ക്കു നൽകുന്ന പ്രഥമ സുഗതാഞ്ജലി പ്രവാസി പുരസ്‌ക്കാരത്തിന് ബറോഡ കേരള സമാജം അർഹമായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ഈ പുരസ്‌കാരം ബറോഡ കേരള സമാജം ഭാരവാഹികൾക്ക് നൽകിയത് ധനമന്ത്രി കെ എം ബാലഗോപാലാണ്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും കൃഷി വകുപ്പ് മന്ത്രി ജി ആർ അനിലും ചടങ്ങിൽ സന്നിഹിതരായിരുന്നു. സാംസ്‌കാരിക കാര്യ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ് , ഐ എം ജി ഡയറക്ടറും പുരസ്‌ക്കാര നിർണയ കമ്മിറ്റി ചെയർമാനുമായ കെ ജയകുമാർ ഐഎഎസ് എന്നിവർ ആശംസകളർപ്പിച്ചു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട സ്വാഗതവും രജിസ്ട്രാർ ഇൻചാർജ് സ്വാലിഹ എം വി നന്ദിയും പറഞ്ഞു. ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള നേതാക്കളും സന്നിഹിതരായിരുന്നു.
മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലറും മുൻ കേരള ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ഐ എ എസ്, പ്രമുഖ സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂർ, കഥാകൃത്തും നോവലിസ്റ്റും മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ വി മോഹൻകുമാർ ഐ എ എസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരങ്ങൾ നിർണ്ണയിച്ചത്.
മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ച കണിക്കൊന്ന പുരസ്‌കാരം യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിൽ നിസ്വാർത്ഥമായ സേവനം ചെയ്യുന്ന അദ്ധ്യാപകർക്കും, ചാപ്റ്റർ ഭാരവാഹികൾക്കും, പഠിതാക്കൾക്കും അവരുടെ മാതാപിതാക്കളുമുൾപ്പെടെയുള്ള യുകെയിലെ മുഴുവൻ ഭാഷാസ്‌നേഹികൾക്കുമായി സമർപ്പിക്കുന്നുവെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡെന്റ് സി. എ.ജോസഫ് അറിയിച്ചു.
മലയാളം മിഷന്റെ ചാപ്റ്ററുകളിലെ മികച്ച മാതൃഭാഷാ പ്രചാരണ പരിപാടികൾക്കുള്ള പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രഥമ കണിക്കൊന്ന പുരസ്‌കാരത്തിന് അർഹമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ മുഴുവൻ ഭാരവാഹികളെയും തന്റെ ഫേസ് ബുക്ക് പേജിലൂടെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി അഭിനന്ദിച്ചു. പുരസ്‌കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുവാനായുള്ള മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫിന്റെയും സെക്രട്ടറി എബ്രഹാം കുര്യന്റെയും തീരുമാനം അങ്ങേയറ്റം പ്രശംസനീയമാണെന്നും അഭിപ്രായപ്പെട്ട ജോസ് കെ മാണി എം പി മലയാള ഭാഷയ്ക്കായി വിദേശത്തും ഇതര സംസ്ഥാനങ്ങളിലും സമർപ്പിത സേവനം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ആശംസകളും നേർന്നു.
കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പുരസ്‌കാരങ്ങൾ ലഭിച്ച എല്ലാവർക്കും ഹൃദയാശംസകൾ നേർന്നു. കണിക്കൊന്ന പുരസ്‌കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുവാനുള്ള മാതൃകാപരമായ തീരുമാനമെടുത്ത മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫിന്റെയും സെക്രട്ടറി ഏബ്രഹാം കുര്യന്റെയും നേതൃത്വത്തിലുള്ള ചാപ്റ്റർ ഭാരവാഹികളെ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ മന്ത്രി റോഷി അഗസ്റ്റിൻ ഹാർദ്ദമായി അഭിനന്ദിക്കുകയും ചെയ്തു.
പ്രവാസി കേരളാ കോൺഗ്രസ് യുകെ നാഷണൽ കമ്മിറ്റിയും മലയാളം മിഷൻ യുകെ ചാപ്റ്ററിനെയും സി എ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളെയും അനുമോദിച്ചു. യുകെയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലുള്ള നിരവധി ആളുകളാണ് കേരള ഗവൺമെന്റിന്റെ പ്രഥമ കണിക്കൊന്ന പുരസ്‌കാരം ലഭിച്ച മലയാളം മിഷൻ യു കെ ചാപ്റ്ററിനെയും സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനായി ചാപ്റ്റർ ഭാരവാഹികൾ എടുത്ത തീരുമാനത്തെയും അഭിനന്ദിക്കുന്നത്.
മലയാൺമ 2022 ന്റെ ഭാഗമായി മലയാളം മിഷൻ പ്രവാസി മലയാളികൾക്കായി ഫെബ്രുവരി 20, 21, 22 തീയതികളിലായി തിരുവനന്തപുരം മരിയ റാണി സെന്ററിൽ ഭാഷാപരമായ ശില്പശാലയും സംഘടിപ്പിക്കുന്നുണ്ട്. മലയാളം മിഷന്റെ വിവിധ ചാപ്റ്ററുകളിൽ നിന്നുമെത്തിയിട്ടുള്ള ഭാരവാഹികളും അദ്ധ്യാപകരുമാണ് ഭാഷാസംബന്ധിയായ നേതൃത്വ പരിശീലന കളരിയിൽ പങ്കെടുക്കുന്നത്. ക്യാമ്പിലെ വിവിധ സെഷനുകളിലായി കവി പ്രൊഫ. വി മധുസൂദനൻ നായർ, കഥാകൃത്ത് അശോകൻ ചരുവിൽ, ഭാഷാവിദഗ്ധൻ എം സേതുമാധവൻ, കവി വിനോദ് വൈശാഖി, കവി വി എസ് ബിന്ദു, ഭാഷാധ്യാപകൻ ഡോ. ബി ബാലചന്ദ്രൻ, നാടൻപാട്ട് ഗായകൻ ജയചന്ദ്രൻ കടമ്പനാട്, കവി ഗിരീഷ് പുലിയൂർ തുടങ്ങിയവർ ക്ളാസുകൾ നയിക്കുന്നുമുണ്ട്. സമാപന സമ്മേളനം സാംസ്‌കാരിക കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കവി പ്രൊഫ. വി മധുസൂദനൻ നായർ മുഖ്യാതിഥിയായിരിക്കും.
തുടർന്ന് തിരുവിതാംകൂർ ചരിത്ര സ്മാരകങ്ങളും സാംസ്‌കാരിക ശേഷിപ്പുകളും ക്യാമ്പ് അംഗങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള വിജ്ഞാന യാത്രയും ഇന്ന് നടത്തുന്നതോടെയാണ് മലയാളം മിഷൻ സംഘടിപ്പിച്ച മലയാൺമ -2022 ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്നത്.
മറുനാടന് ഡെസ്ക്