ദോഹ: ഖത്തറിൽ പെരുന്നാൾ തലേന്ന് മലയാളി ബാലൻ അപകടത്തിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പെരിങ്ങൊളം സ്വദേശി പാലക്കോട്ട് പറമ്പത്ത് ബഷീറിന്റെയും റഫാനയുടെയും മകൻ ഇസാൻ അഹ്മദ് ബഷീറാണ്(6) മരിച്ചത്. കുടുംബത്തോടൊപ്പം വുകൈർ ഗ്രാന്റ് ഹൈപ്പർ മാർക്കറ്റിന് സമീപത്തുള്ള റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് വരുമ്പോൾ മകനെ കാണാതാവുകയായിരുന്നു.

തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുകയും വക്റ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പൊലീസും സിവിൽ ഡിഫൻസും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെ 6.30ന് റസ്റ്റോറന്റിന് മുന്നിലുള്ള മാൻഹോളിൽ നിന്ന് മൃതദേഹം കണ്ടെത്തി. ദോഹ ഐഡിയൽ സ്‌കൂൾ ഗ്രേഡ് 1 വിദ്യാർത്ഥിയാണ് മരിച്ച ഇസാൻ. മൃതദേഹം നടപടികൾ പൂർത്തിയാക്കി ഖത്തറിൽ തന്നെ ഖബറടക്കും.