മനാമ: കഴിഞ്ഞ ഒരാഴ്ചയായി സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാറശാല കോട്ടവിള വീട്ടിൽ തങ്കൻ ചെല്ലയ്യൻ (44) സ്വദേശി മരണത്തിന് കീഴടങ്ങി.ബ്ലഡ് പ്രെഷർ കൂടി സൽമാനിയയിൽ ബുധനാഴ്ചയാണ് തങ്കനെ അഡ്‌മിറ്റ് ചെയ്തത്.

ദിവസങ്ങൾക്ക് മുൻപേ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് വക വെക്കാതെ ജോലിക്ക് പോയിരുന്ന അദ്ദേഹം സല്മാനിയയിൽ എത്തുമ്പോൾ ആരോഗ്യ നില വഷളായിരുന്നു.ശരീരത്തിന്റെ ഒരു ഭാഗം തളരുകയും സംസാര ശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു ഉടൻ തന്നെ ഓപ്പറേഷന് വിധേയമാക്കിയെങ്കിലും ഇന്നലെ രാവിലെ മസ്തിഷ്‌ക മരണം സ്ഥിതീകരിക്കുകയായിരുന്നു. പിന്നീട് രാത്രി പത്ത് മണിയോടെ ഹൃദയമിടുപ്പ് നിലക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.തലച്ചോറിൽ രക്തം കട്ട പിടിച്ചതാണ് മരണകാരണം

തങ്കരാജ് ദീർഘ നാളായി സൗദിയിലും,ബഹറിനിലും കൺസ്ട്രക്ഷൻ രംഗത്ത് ജോലിചെയ്യുകയായിരുന്നു. ബഹ്റൈനിലെ അൽ ജമീൽ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനാണ് അദ്ദേഹം.നാല് സഹോദരിമാർ അടങ്ങുന്ന കുടുംബത്തിന്റെ ഭാരം ചുമലിലേറ്റി പ്രവാസ ജീവിതത്തിൽ പ്രവേശിച്ച അദ്ദേഹമായിരുന്നു നിർധന കുടുംബത്തിന്റെ ഏക ആശ്രയം.ഭാര്യയും രണ്ട് പെൺകുട്ടിയും ഒരു ആൺകുട്ടിയും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.മൂത്ത കുട്ടിക്ക് ജന്മനാ ശരീരത്തിന് ശേഷിക്കുറവുണ്ട്.
നടക്കുവാൻ സാധിക്കില്ല . അടച്ചുറപ്പില്ലാത്ത ഒറ്റ മുറി വീട്ടിലാണ് ഇവരുടെ താമസം.ഒരു സാധാരണക്കാരന്റെ സ്വപ്നമായ ഒരു വീട് കുട്ടികളുടെ പഠിത്തം ഇതൊന്നും പൂർത്തിയാക്കുവാൻ സാധിക്കാതെ യാണ് അദ്ദേഹം വിടവാങ്ങിയത്.

ഐ വൈ സി സി ബഹ്‌റിന്റെ മുൻകാല പ്രവർത്തകനാണ് തങ്കരാജ് .മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള ഏർപ്പാടുകൾ കമ്പനി അധികൃതർ ചെയ്ത് വരുന്നു .അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുവാൻ താല്പര്യമുള്ളവർക്ക് ഐവൈസിസി ചാരിറ്റി വിങ് (35057630)കൺവീനറുമായി ബന്ധപ്പെടാവുന്നതാണ്

നിര്യാണത്തിൽ ഐ വൈ സി സി ദേശീയ കമ്മറ്റി പ്രസിഡന്റ ഈപ്പൻ ജോർജ് ,ജനറൽ സെക്രട്ടറി അനസ് റഹീം ,അൽ ജമീൽ കൺസ്ട്രക്ഷൻസ് മാനേജിഗ് ഡയറക്ടർ ശ്രീ തോമസ് ചെറിയാൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി .