അബുദാബി: മകളുടെ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പുറപ്പെട്ട മലയാളി അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റാന്നി ഈട്ടിച്ചുവട് മഴവഞ്ചേരിൽ എം പി ജോർജിന്റെ മകൻ ജോർജ് ഫിലിപ്പ് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ ജെറ്റ് എയർവേസ് വിമാനത്തിൽ യാത്രയ്ക്കുള്ള തയ്യാറെടുപ്പു നടത്തുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടാകുന്നത്. ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോൾ ജോർജ് ഫിലിപ്പിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് മഫ്‌റഖ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തും മുമ്പു തന്നെ മരിച്ചിരുന്നു.

മൈസൂരിലുള്ള കോളേജില്ക്ക് മകളുടെ എൽഎൽബി പ്രവേശനവുമായി ബന്ധപ്പെട്ട് പോകുകയായിരുന്നു ജോർജ് ഫിലിപ്പ്. സംഭവം നടക്കുമ്പോൾ ഭാര്യയും രണ്ടു പെൺമക്കളും ജോർജിനൊപ്പമുണ്ടായിരുന്നു. ദുബായ് അൽ അഖില ജനറൽ ട്രേഡിങ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. പള്ളം തുണ്ടത്തിൽ ഐവിയാണ് ഭാര്യ. മക്കൾ; ക്രിസ്റ്റീൻ, ലെസ്ലി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.