ജിദ്ദ: മഞ്ചേരി വല്ലാഞ്ചിറ മുഹമ്മദ് ശരീഫ് (42) ജിദ്ദയിൽ ഹൃദായാഘാതം മൂലം നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ജിദ്ദ ജാമിയ ആശുപത്രിയിൽ ആൻജിയോപ്‌ളാസ്റ്റിക്ക് വിധേമായതിനാൽ ഒരാഴ്ചയായി വിശ്രമത്തിലായിരുന്നു. ബുധനാഴ്ച പ്രഭാതപ്രാർത്ഥനക്കിടെ നെഞ്ച് വേദനയുണ്ടായതിനെ തുടർന്ന് ആശുപത്രിയിലത്തെിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

ശറഫിയ്യ സുലൈമാൻ മസ്ജിദ് ഏരിയ കെ.എം.സി.സി പ്രസിഡന്റും സ്‌നേഹസ്പർശം ജനറൽ കൺവീനറുമായിരുന്നു മുഹമ്മദ് ശരീഫ്. ഇരുപത് വർഷത്തോളമായി ജിദ്ദയിലുള്ള ശരീഫ് മലയാളികളുടെ സിരാകേന്ദ്രമായ ശറഫിയ്യയിലെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മഞ്ചേരി സി.എച്ച് സെന്റർ ജിദ്ദ ചാപ്റ്റർ ട്രഷററാണ്. മഞ്ചേരി മണ്ഡലം കെ.എം.സി.സി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ശറഫിയ്യയിൽ ഹോട്ടൽ നടത്തുകയായിരുന്നു.

കുടുംബ സമ്മേതം ജിദ്ദയിലാണ്. സബിതയാണ് ഭാര്യ. ജിദ്ദ അൽനൂർ സ്‌കൂൾ വിദ്യാർത്ഥികളായ റാണിയ, മുഹമ്മദ് അമൽ എന്നിവർ മക്കളാണ്. പരേതനായ വല്ലാഞ്ചിറ മുഹമ്മദ് കുട്ടിയുടെ മകനാണ്. ഉമ്മ: ആഇശ. എസ്.ടി.യു സംസ്ഥാന ഭാരവാഹിയും മഞ്ചേരിയിലെ മുസ്ലിം ലീഗ് നേതാവുമായ വല്ലാഞ്ചിറ മജീദ്, അലി മുഹമ്മദ് (കുഞ്ഞിപ്പു), ഷാഹിദ, ഹഫ്‌സത്, ഫാത്തിമ സുഹ്‌റ എന്നിവർ സഹോദരങ്ങളാണ്. ബുധനാഴ്ച രാത്രി മക്കയിലെ മസ്ജിദുൽ ഹറമിൽ മയ്യിത്ത് നമസ്‌കാരം നിർവഹിച്ച ശേഷം മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി.