ഡബ്ലിൻ: കോട്ടയം സ്വദേശിയായ യുവ എൻജിനീയർ ഡബ്ലിനിൽ മരിച്ച നിലയിൽ. ഡബ്ലിൻ ആഡംസ് ടൗണിലെ പാഡോസിലെ (കാസിൽ ഗേറ്റ് മ്യൂസ്) സ്വന്തം വീട്ടിലാണ് നാല്പതുകാരനായ ജോസഫ് ജോർജിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വർഷങ്ങളായി അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തു വരികയായിരുന്ന ജോർജ് ജോസഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കോർക്കിൽ എസിഎസിനു വേണ്ടിയും ഡബ്ലിനിൽ ഗാർഡ ഫോഴ്‌സിനു വേണ്ടിയും കോൺട്രാക്ട് ജോലികൾ ചെയ്തുവരികയായിരുന്നു ജോസഫ് ജോർജ്. രണ്ടു ദിവസം മുമ്പ് മരിച്ചതായാണ് ഗാർഡ കരുതുന്നത്. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ ഗാർഡയെ വിവരമറിയിക്കുകയും ഗാർഡയെത്തി വീടു തുറന്നു നോക്കിയപ്പോൾ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

ഏതാനും ദിവസങ്ങളായി ജോസഫിനെ കാണാനില്ലെന്ന് അയൽവാസികൾ പറയുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും പ്രതികരണം ഇല്ലാതിരുന്നതിനെ തുടർന്നാണ് ഗാർഡയെ വിവരമറിയിച്ചത്. ജോസഫിന്റെ കുടുംബം അഹമ്മദാബാദിലാണ്. മരണവിവരം അറിയിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അയർലണ്ടിലേക്ക് വരുന്നതിന് ക്രമീകരണങ്ങൾ നടന്നുവരുന്നു.
പതിവിനു വിപരീതമായി മലയാളി കുടുംബങ്ങളുമായി ഇയാൽ ഏറെ ബന്ധം പുലർത്തിയിരന്നില്ല. അതിനാൽ തന്നെ ജോസഫിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ മലയാളി സമൂഹത്തിനും അറിയില്ല. മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരുന്നു.