മനാമ: ജോലി സ്ഥലത്ത് ബൾബ് മാറ്റിയിടുന്നതിനിടെ ഏണി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിയായ യുവാവ് മരിച്ചു. പത്തനംതിട്ട പ്രക്കാനം ചെറുകുന്നത്ത് (പൂജാഭവനം) വിജയൻ നായരുടെ മകൻ മനോജ് (35) ആണു മരിച്ചത്.

ബഹ്‌റൈനിലെ മനാമ ബുദ്ധയ്യയിലെ അൽക്കോമാ കൺസ്ട്രക്ഷൻ കമ്പനിയിലെ ഇലക്ട്രീഷ്യനായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ജോലിക്കിടെയാണ് അപകടത്തിൽപ്പെട്ടത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ബൾബ് മാറ്റിയിടുകയായിരുന്നു മനോജ്. സംഭവം നടക്കുമ്പോൾ മനോജ് തന്നെയായതിനാൽ മണിക്കൂറുകൾക്കു ശേഷമാണ് ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മനോജിനെ ഏറെ രക്തം വാർന്ന നിലയിലാണ് ആശുപത്രിയിലെത്തിക്കുന്നത്.

ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിഞ്ഞതിനു ശേഷം വ്യാഴാഴ്ച പുലർച്ചെ 5.20ന് ആണ് മരിച്ചത്. ഇലക്ട്രീഷ്യൻ കോഴ്‌സ് കഴിഞ്ഞ മനോജ് 10 വർഷം മുൻപാണ് ഗൾഫിൽ പോയത്. എട്ടു മാസം മുൻപു നാട്ടിൽ വന്നു പോയതാണ്. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ വിജിതയാണു ഭാര്യ. മകൾ: ദേവിക. നർവിളാകം ആക്കനാട്ട് പൊന്നമ്മയാണ് അമ്മ. മൂത്ത സഹോദരൻ ഗിരീഷ് ഗുജറാത്തിലാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു ശ്രമങ്ങൾ ആരംഭിച്ചു.