ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ തൃശൂർ സ്വദേശിയായ യുവാവിന് അഞ്ചു ലക്ഷം ദിർഹം (ഏകദേശം 86 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ദുബായിലെ ഒരു പാൽവിതരണ കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഗുരുവായൂർ മുല്ലശേരി മൂത്താണ്ടശേരി വീട്ടിൽ സുനീഷിന് അനുകൂലമായി ദുബായ് പ്രാഥമിക സിവിൽ കോടതിയാണ് വിധിച്ചിരിക്കുന്നത്.

2004- മുതൽ സുനീഷ് പാൽവിതരണ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. 2013-നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. 2013 ജൂലൈ 26ന് ഷാർജയിലെ ഒരു കടയിൽ പാൽവിതരണം നടത്തുന്നതിനിടെ സുനീഷിന്റെ വാഹനത്തിന്റെ മുമ്പിൽ മറ്റൊരു പാൽവിതരണ കമ്പനിയുടെ വാഹനം തട്ടി. ഇടിച്ച വാഹനം മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവർ അലക്ഷ്യമായി വാഹനം പുറകിലോട്ട് എടുക്കുകയായിരുന്നു. അതോടെ ഇരുവാഹനങ്ങളുടേയും ഇടയിൽ പെട്ട സുനീഷിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ സുനീഷിനെ ഷാർജ് അൽഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മാസത്തെ ചികിത്സ നടത്തിയിരുന്നു. അപകടത്തിൽ സുനീഷിന്റെ കണ്ണുകൾക്കും തലയ്ക്കും സാരമായി പരിക്കേറ്റിരുന്നു.

ചികിത്സ കഴിഞ്ഞെത്തിയ സുനീഷ് തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ദുബായ് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. ദുബായ് അൽക്കബ്ബാൻ അഡ്വക്കേറ്റ്‌സിലെ സീനിയർ ലീഗൽ കൾസൾട്ടന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നിർദേശപ്രകാരമാണ് സുനീഷ് കേസ് ഫയൽ ചെയ്തത്. സുനീഷിന്റെ അംഗവൈകല്യം തിട്ടപ്പെടുത്താൻ കോടതി നിയോഗിച്ച ദുബായ് റാശിദ് ആശുപത്രി മെഡിക്കൽ ബോർഡ് ഇയാൾക്ക് 45 ശതമാനം അംഗവൈകല്യമുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്നാണ് അഞ്ചു ലക്ഷം ദിർഹം നഷ്ടപരിഹാരവും ഒമ്പത് ശതമാനം പലിശയും നൽകാൻദുബായ് പ്രാഥമിക സിവിൽ കോടതി വിധിച്ചത്. എന്നാൽ തുക മതിയായ നഷ്ടപരിഹാരമല്ലെന്ന് കാട്ടി അപ്പീൽ ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് സുനീഷ്.