അബൂദബി: സന്ദർശക വിസയിൽ കുടുംബത്തോടൊപ്പം ചിലവെഴിക്കാൻ എത്തിയ മലയാളി ബാലിക വാഹനമിടിച്ച് മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി അബൂബക്കർ സിദ്ദീഖിന്റെയും സുമയ്യയുടെയും മകൾ സദ ഫാത്തിമ (നാല് വയസ്സ്) ആണ് വ്യാഴാഴ്ച വൈകുന്നേരം 5.30 ഓടെ ഷാബിയയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.  

മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൺമുന്നിൽ വച്ചാണ് അപകടം സംഭവിച്ചത്. ഡിസംബർ ഒമ്പതിന് കുടുംബത്തോടൊപ്പം സന്ദർശക വിസയിൽ അബൂദബിയിൽ എത്തിയതായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 2.10നുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് അപകടം.

ഷാബിയയിൽ കുടുംബത്തോടൊപ്പം നിൽക്കുന്നതിനിടെ ബന്ധുക്കളെ കണ്ട് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോൾ വേഗതയിലത്തെിയ വാഹനം ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കഴിഞ്ഞ ഡിസംബർ ഒമ്പതിനാണ് അബൂബക്കർ സിദ്ദീഖിന്റെ കുടുംബം അബൂദബിയിൽ എത്തിയത്.

ബന്ധുക്കളെ കണ്ട സന്തോഷത്തിൽ പെട്ടെന്ന് റോഡ് മുറിച്ചുകടക്കാനുള്ള ശ്രമമാണ് അപകടത്തിന് ഇടയാക്കിയത്. വേഗതയിലത്തെിയ വാഹനത്തിന്റെ ഇടിയിൽ കുട്ടിയുടെ തലക്കും ശരീര ഭാഗങ്ങൾക്കും ഗുരുതര പരിക്കുകൾ സംഭവിക്കുകയായിരുന്നു. അബൂബക്കർ സിദ്ദീഖ് അബൂദബിയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയാണ്. മുഹമ്മദ് നാസിം ബിൻ സിദ്ദീഖ് (മൂന്ന് മാസം) സദ ഫാത്തിമയുടെ സഹോദരനാണ്.നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.