മസ്‌ക്കറ്റ്: ആലപ്പുഴ സ്വദേശി അൽ ഹെയ്‌ലിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചു. മുപ്പത്തേഴുകാരനായ റെജിമോൻ ഭാസ്‌കരനെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും നാളുകളായി റെജിമോൻ അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.

ഒരു ക്ലീനിങ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന റെജിമോൻ. പത്തു വർഷത്തിലധികമായി ഒമാനിൽ ജോലി ചെയ്യുന്നു. ഞായറാഴ്ച ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് സഹപ്രവർത്തകർ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.

അഞ്ചു വർഷം മുമ്പാണ് ഇയാൽ നാട്ടിൽ വന്നു പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. അതേസമയം പത്തു ദിവസത്തിനുള്ളിൽ ഒമാനിൽ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് റെജിമോൻ.

കഴിഞ്ഞ വെള്ളിയാഴ്ച മുംബൈ സ്വദേശിനി അൽ ഖുവൈറിലെ താമസസ്ഥലത്തും മെയ്‌ എട്ടിന് മറ്റൊരു ഇന്ത്യക്കാരനായ സനീഷ് മണിയത്തും താമസസ്ഥലത്ത് തൂങ്ങിമരിച്ചിരുന്നു. കൂടാതെ മലയാളി സൂപ്പർവൈസറായിരുന്ന ഹരീഷ് സുങ്കടഖാട്ടെയും നിസ്വയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചിരുന്നു. പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യ പ്രവണതയെ തുടർന്ന് അധികൃതരും ആശങ്കയിലാണിപ്പോൾ. പ്രശ്‌നങ്ങൾ നേരിടുന്ന പ്രവാസികൾ ആത്മഹത്യയിൽ അഭയം തേടാതിരിക്കാനുള്ള സാഹചര്യം സോഷ്യൽ ഓർഗനൈസേഷനുകൾ ചെയ്തുകൊടുക്കണമെന്ന് ഒമാനിലെ ഇന്ത്യൻ സോഷ്യൽ വർക്കറായ ഷാജി സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.

സാമ്പത്തിക ബാധ്യതയുൾപ്പെടെ പ്രശ്‌നങ്ങളിൽ അകപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കായി ഇന്ത്യൻ എംബസി 24 മണിക്കൂർ ഹെൽപ് ലൈൻ സർവീസ് ആരംഭിച്ചിട്ടുമുണ്ട്.