ദോഹ: വാഹനാപകടത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം പരിയാപുരം പരേതനായ തറയിൽ ഹംസയുടെ മകൻ മുജീബ് (37) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് വാഹനാപകടം ഉണ്ടാകുന്നത്. ഖത്തർ സ്റ്റീലിൽ നിന്നും മിസഈദിലേക്ക് തൊഴിലാളികളെ വിട്ട് മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് മുജീബ് മരിക്കുന്നത്.

മുജീബ് ഓടിച്ചിരുന്ന സിവിലിയൻ ബസ് റോഡിലേക്ക് തള്ളി നിന്ന കമ്പനിയിൽ ഇടിച്ചതിനെ തുടർന്ന് കമ്പനി മുജീബിന്റെ ശരീരത്തിൽ തുളച്ചുകയറിയാണ് അപകടം. മുജീബ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേയാണ് അപകടം ഉണ്ടാകുന്നത്. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: റസിയ. മൂന്ന് മക്കളുമുണ്ട്.

കുവൈത്തിൽ ജോലി ചെയ്തിരുന്ന മുജീബ് നാല് മാസം മുമ്പാണ് ഖത്തറിലെ അൽമില്യൻ കമ്പനിയിൽ ഡ്രൈവർ ജോലിക്കത്തെിയത്.