ദോഹ: വെള്ളിയാഴ്ച രാത്രി തുമാമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ട്രെയിലറുകൾക്കിടയിൽപ്പെട്ട് വാഹനം ഞെരിഞ്ഞമർന്നാണ് കൊല്ലം കാവനാട് മുക്കാട് ധന്യ നിവാകിൽ ജോസഫിന്റെ മകൻ പ്രജോ (26) മരിച്ചത്. രാത്രി പതിനൊന്നോടെയായിരുന്നു അപകടം.

പ്രജോ സഞ്ചരിച്ചിരുന്ന കാർ രണ്ടു ട്രെയിലറുകൾക്കിടയിൽപ്പെട്ടതിനെത്തുടർന്ന് ഞെരിഞ്ഞമരുകയാിരുന്നു. പ്രജോ തത്ക്ഷണം മരിച്ചു. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ട്രയിലറുകൾ നീക്കി വാഹനത്തിൽനിന്ന് പ്രജോയെ പുറത്തെടുത്തത്. മുന്നിൽ പോയ ട്രെയിലർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് പിന്നിൽ വന്ന ട്രെയിലർ പ്രജോയുടെ കാറും ചേർത്ത് മുന്നിലെ ട്രെയിലറിൽ ഇടിച്ചമർത്തുകയായിരുന്നു.

ദോഹയിലെ ബൂം ജനറൽ കൺസ്ട്രക്ഷൻ കമ്പനിയിൽ സേഫ്റ്റി ഓഫീസറായ പ്രിജോ ഏഴു വർഷമായി ഖത്തറിലുണ്ട്. കഴിഞ്ഞ വർഷമായിരുന്നു വിവാഹം. ഭാര്യ ജാനറ്റ്. ഭാര്യയെ 23ന് ദോഹയിലേക്ക് കൊണ്ടുവരാനായി ടിക്കറ്റ് എടുത്തിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാത്രിയിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ പത്തിന് മുക്കാട് ഹോളി ഫാമിലി പള്ളിയിൽ. ഇന്ന് രണ്ടിന് ഹമദ് മോർച്ചറിയിൽ പ്രാർത്ഥന നടത്തുന്നുണ്ട്.