മനാമ: താമസസ്ഥലത്ത് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. ഇതൊടെ അപകടത്തിൽ പരിക്കേറ്റ് മരിക്കുന്നവരുടെ എണ്ണം രണ്ടായി. ഹിദ്ദിലെ താമസസ്ഥലത്തു വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സിയിലായിരുന്ന കൊല്ലം പരവൂർ സ്വദേശി അംബുജാക്ഷൻ (59) ആണു മരിച്ചത്. ഇതേ അപകടത്തിൽ പെട്ട് പരിക്കേറ്റ തമിഴ്‌നാട് ട്രിച്ചി സ്വദേശി ശിവനാഥ് കാർമേഘം (43) കഴിഞ്ഞ ഞായറാഴ്ച മരിച്ചിരുന്നു.

അൽ അമീൻ കാർഗോ ക്ലിയറൻസ് കമ്പനിയിൽ ഹെവി ഡ്രൈവറായിരുന്നു അംബുജാക്ഷൻ. ഇതേ കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നു ശിവനാഥ് കാർമേഘം. ഇവരുടെ താമസസ്ഥലത്ത് അംബുജാക്ഷൻ പാചകം ചെയ്യുകയായിരുന്നു. തൊട്ടടുത്ത് ശിവനാഥ് നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് സിലിണ്ടറിലേക്ക തീപടരുകയും സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നു.

ഗുരുതരമായ പൊള്ളലേറ്റ രണ്ടുപേരേയും ഉടൻ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ 70 ശതമാനവും പൊള്ളലേറ്റിരുന്ന ഇവരുടെ ജീവൻ രക്ഷിക്കാൻ ശ്രമം നടന്നെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ടു പേരുടെയും മൃതദേഹം സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്നും കമ്പനിയുടമ മുഹമ്മദ് അൽ അമീൻ പറഞ്ഞു. തമിഴ്‌നാട് ഘടകം ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ശിവനാഥന്റെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.