ജൂബൈൽ: ജുബൈലിൽ വ്യാപാരിയായിരുന്ന കണ്ണൂർ സ്വദേശി പി കെ സലാഹുദ്ദീൻ (44) വാഹനാപകടത്തിൽ മരിച്ചു. സൗദിയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈലിലെ മലയാളികൾക്ക് ഒരു പതിറ്റാണ്ടിലേറെയായി സുപരിചിതനായ സലാഹുദ്ദീന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കൾ. 

ദമ്മാമിലുള്ള സഹോദരൻ ഇബ്രാഹിമിനെ സന്ദർശിച്ച ശേഷം മടങ്ങി വരവേ ജുബൈൽ നേവൽ ബേസിന് സമീപം സലാഹുദീനും പാർട്ണർ ജമാലിന്റെ മകൻ സിജാസും സഞ്ചരിച്ച ഫോർച്യൂണർ അപകടത്തിൽപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം വലതു വശത്തുള്ള വൃക്ഷത്തിലേക്ക് ഇടിച്ചുകയറിയാണ് ദുരന്തം.

ഇടിയുടെ ആഘാതത്തിൽ തലയ്ക്കു ഗുരുതരമായ പരിക്കേറ്റ സലാഹുദ്ദീനെ ഉടൻ അടുത്തുള്ള നേവൽ ബേസ് പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജുബൈലിലെ മലയാളി സംഘടനകളുടെ മിക്ക സംരംഭങ്ങൾക്കും നിർലോഭം സഹായം നൽകിയിരുന്ന സലാഹുദ്ദീൻ തിളക്കമാർന്ന വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് സുഹൃത്തുകൾ ഓർമിക്കുന്നു.

ഉളിയിൽ സ്വദേശിയായ റസീന ബീവിയാണ് ഭാര്യ. മക്കൾ സൻഹാൻ, റിദ, ഷിസ ഇബ്രാഹിമിനെ കൂടാതെ യഹിയ (ദമ്മാം), സക്കറിയ (ഖത്തർ), റഹ്മത്ത്, നുസൈബ എന്നീ സഹോദരങ്ങൾ കൂടിയുണ്ട്. നേവൽ ബേസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും.