അബുദാബി: ലിഫ്റ്റ് തകരാറിനെ തുടർന്ന് കണ്ണൂർ സ്വദേശി അബുദാബിയിൽ കൊല്ലപ്പെട്ടു. കണ്ണൂർ കുഞ്ഞിമംഗലം സ്വദേശി അഷ്‌റഫ് (25) ആണ് ബുധനാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ മരിച്ചത്. ഒരു പലചരക്കു കടയിൽ ജീവനക്കാരനായ അഷ്‌റഫ് തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് സാധനങ്ങളുമായി പോകവേയാണ് അപകടം സംഭവിക്കുന്നത്.

സാധനങ്ങൾ കൊടുത്ത ശേഷം അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് പോകുന്നതിനായി ലിഫ്റ്റ് അമർത്തിയപ്പോൾ വാതിൽ തുറന്നുവെങ്കിലും ലിഫ്റ്റ് എത്തിയിരുന്നില്ല. എന്നാൽ ഇതു ശ്രദ്ധിക്കാതെ അകത്തേക്ക് കടന്ന അഷ്‌റഫ് താഴേയ്ക്കു പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ മരണം സംഭവിച്ചിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും അഷ്‌റഫിനെ കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽ പെട്ട വിവരം അറിയുന്നത്. കെട്ടിടത്തിലെ രണ്ടു ലിഫ്റ്റുകളിൽ ഒന്ന് തകരാറിലായിരുന്നുവെന്നും ഇക്കാര്യം ഇവിടത്തെ ടെക്‌നീഷ്യന്മാരെ അറിയിച്ചിരുന്നതായും പറയപ്പെടുന്നു. ഇവരുടെ അശ്രദ്ധയാണ് യുവാവിന്റെ മരണത്തിന് വഴിവച്ചതെന്ന് ആരോപണമുണ്ട്.

പൊലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖലീഫ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നര വർഷം മുമ്പാണ് അഷ്‌റഫ് ഇവിടെ ജോലിക്കെത്തുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.