ദോഹ: കിടപ്പാടം വിറ്റും കുടുംബാംഗങ്ങളുടെ സ്വർണം പണയം വച്ചും നല്ലൊരു ഭാവി സ്വപ്‌നം കണ്ട് ഗൾഫ് രാജ്യങ്ങളിലെത്തുന്ന മലയാളികളുടെ ദുരിതജിവിതത്തിന് മറ്റൊരു ബലിയാട് കൂടി. സ്‌പോൺസറുടെയും ബന്ധുവിന്റെയും ക്രൂര പീഡനം മൂലം ഒളിച്ചോടി ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ് പാലക്കാട് കള്ളിക്കാട് സ്വദേശിയായ നജീബ് ഹിലാനി(23) എന്ന ചെറുപ്പക്കാരൻ.

2014 ഏപ്രിലിൽ കർത്തിയാത്തിൽ ഹൗസ് ഡ്രൈവറായിട്ടാണ് നജീവ് ജോലിക്കെത്തിയത്.സ്‌പോൺസറായ സ്വദേശി വനിതയുടെയും ബന്ധുവിന്റെയും മർദനവും ഭക്ഷണം നിഷേധിക്കുന്നതുൾപ്പെടെയുള്ള പീഡനവും സഹിക്കാനാവാതെയാണ് വീട് വിട്ടിറങ്ങേണ്ടി വന്നതെന്ന് നജീബ് ഹിലാനി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.ആദ്യം മുതൽ തന്നെ തൊഴിലുടമയിൽ നിന്ന് മോശമായ പെരുമാറ്റമാണുണ്ടായതെന്ന് നജീബ് പരാതിയിൽ പറയുന്നു

നിസ്സാരകാര്യത്തിനു സ്‌പോൺസർ ചീത്തവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണു പരാതി. അഞ്ചു മാസത്തെ ശമ്പളം നൽകിയിട്ടില്ലെന്നും പറയുന്നു. ഇതിനിടെ മറ്റൊരു മലയാളി നാലായിരം റിയാൽ നൽകിയാൽ സ്‌പോൺസർഷിപ് മാറ്റി നൽകാമെന്നു വാഗ്ദാനം നൽകി കബളിപ്പിച്ചതായും നജിബ് പറയുന്നു. നാട്ടിലുള്ള പെങ്ങളുടെ സ്വർണം വിറ്റു പണം നൽകിയെങ്കിലും ഇയാൾ മുങ്ങിയെന്നാണ് നജീബിന്റെ പരാതി.

പരാതി ഡീപ്പോർട്ടേഷൻ കേന്ദ്രത്തിലേക്ക് കൈമാറിയിട്ടുണ്ടെന്നും ഉടൻ നാട്ടിലേക്കയക്കാനും മറ്റ് നിയമ നടപടികൾക്കും ശ്രമിക്കുമെന്നും ഇന്ത്യൻ എംബസി ലേബർ വിഭാഗം അറിയിച്ചിട്ടുണ്ട്