ദോഹ: ഹൃദയാഘാതം മൂലം മലയാളി യുവാവ് ദോഹയിൽ നിര്യാതനായി. കൊല്ലം തട്ടാമല കല്ലുവിള വീട്ടിൽ സഹിൽ ഇബ്രാഹിംകുട്ടി(33)യാണ് മരിച്ചത്. ഖത്തർ ഓട്ടോപെയ്ന്റ്‌സ് എന്ന സ്ഥാപനത്തിലെ പെയിന്റിങ് ടെക്‌നീഷ്യനായിരുന്നു. ഇൻഡസ്ട്രിയൽ ഏരിയ 12ലെ താമസസ്ഥലത്ത് വ്യാഴാഴ്ച രാത്രി ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയും തുടർന്ന് റുമൈല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹം ഇന്നലെ രാവിലെ മരണമടയുകയുമായിരുന്നു.

ഏഴു വർഷമായി പ്രവാസിയാണ്. നേരത്തെ രണ്ടുവർഷം ഖത്തറിലും പിന്നീട് രണ്ടുവർഷത്തോളം സൗദിയിലുമായിരുന്നു. ഖത്തറിൽ രണ്ടാമതെത്തിയിട്ട് മൂന്നുവർഷമായി. ഭാര്യ നിസ. മക്കൾ: ബിലാൽ, തസ്‌നി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെങ്കിലും സഹിലിന്റെ ഒസ്യത്ത് പ്രകാരം ദോഹയിൽ ഖബറടക്കാൻ തീരുമാനിക്കുകയായിരുന്നു.

മരിക്കുന്ന സ്ഥലത്ത് അടക്കണമെന്ന സഹിലിന്റെ ആഗ്രഹം ഭാര്യയാണ് അറിയിച്ചത്. ഇതുപ്രകാരം ഇവിടത്തെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി. ഇന്നു പുലർച്ചെയോടെ അബുഹമൂറിൽ ഖബറടക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.