ആലപ്പുഴ: താക്കോൽ നഷ്ടപ്പെട്ടതിനെ തുടർന്ന് വീട്ടിൽ കയറാനാകാതെ പുറത്തുനിന്ന പാക്കിസ്ഥാനികളായ അയൽവാസികളെ സഹായിക്കാൻ സന്തോഷ് എത്തി. തന്റെ പക്കലുണ്ടായിരുന്ന ഇരുമ്പുകട്ടർ മെഷിൻ അവർക്കു നൽകി സന്തോഷ് സ്വന്തം വീട്ടിലേക്കു മടങ്ങി. കട്ടർ കൈയിൽ കിട്ടിയ പാക്കിസ്ഥാനികൾ തൊട്ടരുകിലുള്ള ബാങ്ക് കുത്തിത്തുറക്കാൻ ശ്രമിച്ചു. മോഷണശ്രമം കണ്ട സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടഞ്ഞു. പാക്കിസ്ഥാനികൾ രണ്ടു കാവൽക്കാരെയും തൽക്ഷണം വധിച്ചു. ജയിലിൽ ആയ പാക്കിസ്ഥാനികൾ തങ്ങൾക്ക് ആയുധം നൽകിയത് സന്തോഷാണെന്ന് മൊഴി നൽകി. അങ്ങനെ സന്തോഷും അകത്തായി. മകനെ ജയിലിൽ അടച്ച വിവരം അറിഞ്ഞ് അമ്മ ഹൃദയം പൊട്ടി മരിച്ചു.

കഴിഞ്ഞ 20 വർഷമായി ഒമാനിലെ ജയിലിൽ കഴിയുന്ന മലയാളിയായ സന്തോഷിന്റെ ദുരിതകഥ ഇങ്ങനെ. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്കു പഞ്ചായത്ത് വടക്കെ വെള്ളൂർ വീട്ടിൽ പരേതരായ തങ്കപ്പൻ - ഭാരതി അമ്മ ദമ്പതികളുടെ മകനാണ് സന്തോഷ് (47). 1992 ൽ ആണ് സന്തോഷ് ഒമാനിൽ ജോലിക്കായി എത്തിയത്. ഏറെ ദുരിതത്തിലായ കുടുംബത്തെ കരകയറ്റാനാണ് സന്തോഷ് മരുഭൂമിയിലെത്തിയത്.

ഒമാനിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിയിൽ് പ്രവേശിച്ച സന്തോഷ് നാലു വർഷത്തിനു ശേഷം നാട്ടിലെത്തിയിരുന്നു. രണ്ടു മാസത്തെ അവധിക്കു ശേഷം തിരികെ ഒമാനിലെത്തിയപ്പോഴാണ് ദുരന്തം സന്തോഷിനെ പിടികൂടിയത്. ഇയാളുടെ ക്വാർട്ടേഴ്സിനു സമീപം താമസിക്കുന്ന നാലു പാക്കിസ്ഥാൻ സ്വദേശികൾ വീടു തുറക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് സന്തോഷിനെ സമീപിച്ചു. പൂട്ടു തുറക്കാൻ കട്ടർ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  അയൽവാസികളുടെ നിസഹായാവസ്ഥ മനസിലാക്കിയ സന്തോഷ് തന്റെ പണിയായുധമായ കട്ടർ അയൽവാസികൾക്ക് എത്തിച്ചു കൊടുത്തു.

കട്ടറുമായി പോയ പാക്കിസ്ഥാൻകാർ പിന്നീട് പ്രദേശത്തെ ബാങ്കിന്റെ ഷട്ടർ മുറിച്ച് പണം കൊള്ളയടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ബാങ്ക് സുരക്ഷാ ഭടന്മാരായ രണ്ടുപേരെ വധിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഒമാൻ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ചോദ്യം ചെയ്യലിൽ നിന്നും തങ്ങൾക്കു കട്ടർ നൽകിയത് സന്തോഷ് ആണെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. സന്തോഷിനോടൊപ്പം കൊല്ലം സ്വദേശിയായ ഷാജഹാനെയും അറസ്റ്റു ചെയ്തിരുന്നു. എന്നാൽ ഒമാൻ കോടതി ഇരുവർക്കും ജീവപര്യന്തം തടവിന് വിധിച്ചു.

ഈ വിവരമറിഞ്ഞ സന്തോഷിന്റെ മാതാവ് ഭാരതിയമ്മ ഹൃദയം പൊട്ടി മരിച്ചു. സന്തോഷിന്റെ മോചനത്തിനായി ബന്ധുക്കൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകിയെങ്കിലും മോചിപ്പിക്കുന്നതിന് പകരം ഒമാൻ കോടതി ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു. ഇനിയും ഇരുസർക്കാരുകളും കാര്യമായ ഇടപെടൽ നടത്തിയാൽ മാത്രമേ സന്തോഷിന് മോചനം സാധ്യമാകു. ഇപ്പോൾ അയൽവാസിയും ഒമാനിലെ ബിസിനസുകാരനുമായ ഹബീബ് റഹ്മാൻ തന്റെ സ്പോൺസറുമായി സംസാരിച്ച് സന്തോഷിന്റെ മോചനത്തിനായി അശ്രാന്ത പരിശ്രമം നടത്തുകയാണ്. ജയിൽവാസത്തിനിടയിൽ അച്ഛനും അമ്മയും സന്തോഷിന് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. അവിവാഹിതനായ സന്തോഷിന് ഇനി ശേഷിക്കുന്നത് ബന്ധുക്കൾ മാത്രമാണ്. സന്തോഷ് ഉടൻ ജയിൽ മോചിതനായി നാട്ടിൽ തിരിച്ചെത്തുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.