വാൽസിങ്ഹാം: യൂറോപ്പിലെ ഏറ്റവും പുരാതനമായ മരിയൻ പുണ്യ കേന്ദ്രവുമായ വാൽസിങ്ഹാമിൽ, സിറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒമ്പതാമത് മരിയൻ തീർത്ഥാടനം പൂർവ്വാധികം ഭക്തി സാന്ദ്രമായി ആഘോഷിക്കപ്പെടുന്നു. ഈസ്റ്റ് ആഗ്ലിയായിലെ പ്രമുഖ സീറോ മലബാർ കുർബ്ബാന കേന്ദ്രവും പ്രാർത്ഥനാ കൂട്ടായ്മയിലും ആത്മീയ നവോത്ഥാന പ്രവർത്തനങ്ങളിലും മാതൃകാപൂർവ്വം ചരിക്കുന്ന ഹണ്ടിങ്ഡൺ സീറോ മലബാർ കമ്മ്യൂണിറ്റിയാണ് (സെന്റ്.അൽഫോൻസാ ചർച്ച്) ഈ വർഷത്തെ തീർത്ഥാടനത്തിനു നേതൃത്വം വഹിക്കുക.

സീറോ മലബാർ സഭയുടെ തക്കല രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോർജ്ജ് രാജേന്ദ്രന്റെ സാന്നിദ്ധ്യം മരിയൻ തീർത്ഥാടനത്തിനു ആത്മീയ ശോഭ പകരും. മരിയൻ തീർത്ഥാടനത്തിൽ ഈ വർഷം പ്രതീക്ഷിക്കുന്ന പതിനായിരത്തോളം തീർത്ഥാടകരെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കൂടാതെ കമ്മ്യൂണിറ്റിക്കു ശക്തമായ പിന്തുണയും ആത്മീയ തീക്ഷ്ണത നിർലോഭം പകർന്നു നൽകി പോരുന്ന ഇടവക വികാരി ഫാ നിക്കോളാസ് കിയർനി, ഈസ്റ്റ് ആംഗ്ലിയാ ചാപ്ലൈന്മാരായ ഫാ ഫിലിഫ് ജോൺ, ഫാ ടെറിൻ മുല്ലക്കര എന്നിവരുടെ സാന്നിദ്ധ്യം ഹണ്ടിങ്ഡൺ സിറോ മലബാർ കമ്മ്യൂണിറ്റിക്ക് കൂടുതൽ കരുത്ത് പകരുന്നു.

പതിവ് പോലെ ജൂലൈയിലെ മൂന്നാം ഞായറാഴ്ചയായ 19 നു ഉച്ചക്ക് 12 :00 മണിക്ക് വാൽസിങ്ഹാമിലെ െ്രെഫഡേ മാർക്കറ്റിലുള്ള അനൗൺസിയേഷൻ ചാപ്പലിൽ ( NR22 6DB) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലൻ ഹോപ്പ്‌സ് നേതൃത്വം നൽകുന്ന വാൽസിങ്ഹാമിലെ സ്ലിപ്പർ ചാപ്പലിലേക്കുള്ള ( NR22 6AL) തീർത്ഥാടനം ആമുഖ പ്രാർത്ഥനയോടെ ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പരിശുദ്ധ ജപമാലയും അർപ്പിച്ചുകൊണ്ട് ,വാൽസിങ്ഹാം മാതാവിന്റെ രൂപവും ഏന്തി വർണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തർ തീർത്ഥാടനം നടത്തും.

തീർത്ഥാടനം സ്ലിപ്പർ ചാപ്പലിൽ എത്തിച്ചേർന്ന ശേഷം(13.15)തീർത്ഥാടന സന്ദേശം, അടിമ വെക്കൽ തുടർന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീർത്ഥാടന തിരുന്നാൾ സമൂഹ ബലിയിൽ ജോർജ്ജ് പിതാവും, അലൻ ഹോപ്‌സ് പിതാവും മുഖ്യ കാർമികത്വം വഹിക്കും. മാത്യു വണ്ടാലക്കുന്നെലച്ചന്റെ ആതിഥേയത്വത്തിൽ യു കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നുമെത്തുന്ന സിറോ മലബാർ വൈദികർ സഹ കാർമ്മികരായി പങ്കുചേരും. കുർബ്ബാന മദ്ധ്യേ ജോർജ്ജ് പിതാവ് തിരുന്നാൾ സന്ദേശം നൽകും. അടുത്ത വർഷത്തെ പ്രസുദേന്തിമാരെ വാഴിക്കുന്നതോടെ തീർത്ഥാടനം സമാപിക്കും.

മിതമായ നിരക്കിൽ കേരള ഭക്ഷണ വിതരണത്തിന് വിവിധ കൗണ്ടറുകൾ അന്നേ ദിവസം തുറുന്നു പ്രവർത്തിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്,
ജെനി ജോസ്  07828032662, ലീഡോ ജോർജ്  07838872223 ജീജോ ജോർജ്  07869126064