മനാമ: ബഹ്‌റൈനിൽ സുഹൃത്തിനെ കാണാൻ പോകുന്നെന്ന് പറഞ്ഞു താമസ സ്ഥലത്തു നിന്നും പുറപ്പെട്ട മലയാളി യുവാവിനെ കാണാതായതായി പരാതി. ഗുദൈബിയയിൽ താമസിക്കുന്ന കൊല്ലം സ്വദേശി അലിയാർ കുഞ്ഞു നിസാറുദ്ദീൻ (36) എന്ന യുവാവിനെയാണ് ബുധനാഴ്ച മുതൽ കാണാതായിരിക്കുന്നത്. ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അലിയാർ.

ബുധനാഴ്ച രാത്രി ഹമദ് ടൗണിൽ ഉള്ള സുഹൃത്തിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ നിസാർ പിന്നീട് തിരിച്ചു വന്നിട്ടില്ലെന്ന് ബഹ്‌റിനിൽ തന്നെയുള്ള സഹോദരൻ നൗഷാദ് പറഞ്ഞു. ഏറെ വൈകിയിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബുധനാഴ്ച ഉച്ചവരെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നുവത്രെ. പിന്നീട് മൊബൈലും സ്വിച്ച ഓഫ് ആക്കിയ നിലയിലാണ്.

നാട്ടിലുള്ള ഭാര്യയെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്ന ഇദ്ദേഹം കഴിഞ്ഞ രണ്ടു ദിവസമായി നാട്ടിലും ബന്ധപ്പെട്ടിട്ടില്ല. ഇദ്ദേഹത്തെ പരിചയമുള്ള സുഹൃത്തുക്കളും സഹോദരൻ നൗഷാദും ഹമദ് ടൗൺ അടക്കമുള്ള എല്ലായിടത്തും തിരഞ്ഞുവെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാണാതായത് സംബന്ധിച്ച് നൗഷാദ് ഹൂറ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ എവിടെ വച്ചെങ്കിലും കാണുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവർ 39076367 എന്ന നമ്പറിലോ അടുത്ത പൊലീസ് സ്റ്റേഷനിലോ വിവരം കൈമാറേണ്ടതാണെന്ന് ബന്ധുക്കൾ അറിയിച്ചു.