ഡബ്ലിൻ: ആർഡിയിൽ മലയാളി നഴ്‌സ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. ഒക്കൽ കൂനത്താൻ സെബാസ്റ്റ്യൻ വർഗീസിന്റെ ഭാര്യ റെജി സെബാസ്റ്റ്യനാണ് ചൊവ്വാഴ്ച അർധരാത്രി മരിച്ചത്. നാല്പതു വയസായിരുന്നു. ആർഡിയിലെ സെന്റ് ജോസഫ്‌സ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു റെജി.

രാത്രി പത്തോടെ കുളിക്കുന്നതിനായി വീടിന്റെ രണ്ടാം നിലയിലുള്ള കുളിമുറിയിൽ കയറിയ റെജി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും റെജിയെ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചു ചെന്ന സെബാസ്റ്റ്യൻ കാണുന്നത് അവശ നിലയിൽ കിടക്കുന്ന റെജിയെയാണ്. സുഹൃത്തുക്കളുടെ സഹായത്തോടെ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് മക്കളാണ് സെബാസ്റ്റ്യൻ- റെജി ദമ്പതികൾക്ക്. സഞ്ജു, ജോസഫ്, ജോയിസ്. അങ്കമാലി വളവിഴി റോഡിൽ പാറേക്കാട്ടിൽ കുടുംബാംഗമാണ് റെജി. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഇവരോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ഒരാഴ്ചയ്ക്കുള്ളിൽ അയർലണ്ടിൽ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. രക്താർബുദം ബാധിച്ച കോട്ടയം സ്വദേശിനി ജിനു ലൈജു ഞായറാഴ്ച മരിച്ചിരുന്നു. കോർക്കിൽ യോൾ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു കോട്ടയം തെള്ളകം പുളിമൂട്ടിൽ കുടുംബാംഗമായ ജിനു. കോർക്കിലെ മലയാളികൾക്കിടയിൽ സുപരിചിതയായിരുന്ന ജിനുവിന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നു അയർലണ്ട് മലയാളികൾ വിമുക്തരാകുന്നതിനു മുമ്പേയാണ് റെജിയുടെ വിയോഗ വാർത്ത എത്തിയിരിക്കുന്നത്.