ഡബ്ലിൻ: മാറ്റർ പ്രൈവറ്റ് ആശുപത്രിയിലെ നഴ്‌സും ഫിങ്ലിസിലെ പ്രീമിയർ സ്‌ക്വയറിൽ താമസിക്കാരിയുമായിരുന്ന നിർമല രാജേഷ് (29) കേരളത്തിൽ വച്ച് നിര്യാതയായി. അർബുദ ബാധയെത്തുടർന്ന് ഏറെ നാളായി അയർലണ്ടിൽ തന്നെ ചികിത്സയിലായിരുന്നു. തുടർ ചികിത്സയ്ക്കായി കേരളത്തിൽ എത്തിയ നിർമല തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മരിക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ എരുമേലി സ്വദേശിനിയാണ് നിർമല.

ഭർത്താവ് രാജേഷിന്റെ സ്വദേശമായ മുക്കൂട്ടുതറയിലാണ് സംസ്‌കാരം നടത്തുക. വ്യാഴാഴ്ച രാവിലെ പത്തിന് മുക്കൂട്ടുതറയിലെ കുടുംബവീട്ടിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. 11ന് മുക്കൂട്ടുതറ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ സംസ്‌കരിക്കും.

ഒന്നര വർഷം മുമ്പാണ് നിർമലയ്ക്ക് അർബുദമാണെന്ന് തിരിച്ചറിഞ്ഞത്. തുടർച്ചയായി ശല്യം ചെയ്തുകൊണ്ടിരുന്ന തലവേദനയാണ് അവസാനം വില്ലനായി മാറിയത്. ബൂമോണ്ട് ആശുപത്രിയിൽ സർജറിക്ക് വിധേയായെങ്കിലും പിന്നീട് അസുഖം മൂർഛിക്കുകയായിരുന്നു. തുടർ ചികിത്സയ്ക്ക് നാട്ടിലെത്തി കൊച്ചി അമൃത ആശുപത്രിയിൽ കുറെ നാളുകൾ ചികിത്സിച്ചുവെങ്കിലും പിന്നീട് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അയർലണ്ടിൽ  സീറോ മലങ്കര കത്തോലിക്കാ സഭയുടെ രൂപീകരണം നടന്ന കാലം മുതൽ സൺഡേ സ്‌കൂളിന്റെ ഹെഡ്‌മിസ്ട്രസ് കൂടിയായിരുന്നു നിർമല. കുട്ടികളുടെ ആധ്യാത്മിക പരിശീലനത്തിൽ ഉത്തമ മാതൃക കാട്ടിയിരുന്ന നിർമല പള്ളിക്കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മൂന്നു മക്കളാണിവർക്ക്. റെനിൽ, ലയ, മരിയ.

നിർമലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനും പരേതയുടെ ആത്മശാന്തിക്കുള്ള ശുശ്രൂഷകൾക്കുമായി ഡബ്ലിനിലെ മലയാളി സുഹൃത്തുക്കൾ ഇന്ന് അനുസ്മരണ സമ്മേളനം നടത്തും. വൈകുന്നേരം അഞ്ചിന് ക്ലോൺഡാൽക്കിനിലെ റൗളയിലുള്ള (ഡബ്ലിൻ 22) ചർച്ച് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരിയിലാണ് ശുശ്രൂഷകൾ നടക്കുക. മലങ്കര കത്തോലിക്ക് സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവയുടെ നേതൃത്വത്തിൽ ധൂപപ്രാർത്ഥനയും അനുസ്മരണ ശുശ്രൂഷകളും നടത്തും.