റിയാദ്: സൗദിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ റോഡിൽ നിന്ന് തെന്നിമാറി കേടായ വാഹനത്തിനുള്ളിൽ മലയാളി ഡ്രൈവർ തണുത്ത് മരിച്ചതായി റിപ്പോർട്ട്. മലപ്പുറം കരുവാരകുണ്ട് പുന്നക്കാട് സ്വദേശി എഴുത്തച്ചൻ കണ്ടി ശിഹാബ് (32) ആണ് റിയാദിൽ നിന്ന് 165 കി.മീറ്റർ അകലെ മറാത്തിന് സമീപം അൽഖുവയ്യ റോഡിൽ മരിച്ചതായി കണ്ടെത്തിയത്.

മറാത്ത് എത്തുന്നതിന് ഏകദേശം 20 കി.മീറ്റർ അകലെ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. റിയാദിലെ സ്വകാര്യ ടെക്‌സ്‌റ്റൈൽസിൽ സെയിൽസ്മാനായിരുന്ന ശിഹാബ് തുണിത്തരങ്ങൾ മറ്റു കടകളിൽ വിതരണം ചെയ്യുന്നതിനാണ് മിനി വാനിൽ മറാത്തിലേക്ക് പോയത്. ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ യുവാവ് ഓടിച്ച വാഹനം റോഡിൽ നിന്ന് അൽപം തെന്നിമാറി ഓഫായി. ചുറ്റും വെള്ളവും കടുത്ത തണുപ്പും ഇരുട്ടുമായിരുന്നതിനാൽ ഇരുവർക്കും വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങാനായില്ല.

മൊബൈലിൽ റെയ്ഞ്ചുമില്ലായിരുന്നു. ശിഹാബിന്റെ കൈയിൽ തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ വസ്ത്രങ്ങളുണ്ടായിരുന്നില്ല. വാഹനത്തിൽ തന്നെ കിടന്ന ശിഹാബിന് തണുപ്പ് കാരണം ഹൃദയ സ്തംഭനമുണ്ടായതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ സുഹൃത്തുക്കളെ അറിയിച്ചു.

വാനിൽ മറ്റൊരാൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന് ശ്രദ്ധയിൽ പെടുത്തിയപ്പോൾ സൗദി പൗരൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാലു വർഷമായി ശിഹാബ് സൗദിയിൽ ജോലി ചെയ്യുന്നു. റിയാദിൽ നിന്ന് സ്ഥിരമായി വാഹനമോടിച്ച് പോകുന്ന റൂട്ടാണിത്. സാധാരണ മറാത്തിലാണ് ഇയാൾ താമസിക്കാറുള്ളത്. അവിടെ എത്തുന്നതിന് മുമ്പാണ് ദുരന്തമുണ്ടായത്. ഭാര്യ: സലീന. രണ്ടു മക്കളുണ്ട്. മൃതദേഹം മറാത്ത് ആശുപത്രി മോർച്ചറിയിൽ

സൗദിയിലെ വിവിധ പ്രവിശ്യകളിൽ മഴയും അതിശൈത്യവും തുടരുകയാണ്. അസീർ പ്രവിശ്യയുടെ വടക്കൻ പ്രദേശങ്ങളിലും ബശാഇർ, ഖസ്അം, ശവാസ് എന്നിവിടങ്ങളിലും കനത്ത മഴയിൽ ജനജീവിതം ദുസ്സഹമായി. വാഹനങ്ങളിൽ സഞ്ചരിച്ചവർ അപ്രതീക്ഷിതമായി ഉയർന്ന വെള്ളത്തിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. ശവാസ് പ്രദേശങ്ങളിലേക്കുള്ള സഞ്ചാരം പൂർണ്ണമായും ദുഷ്‌കരമായി.താഴ്‌വരകളിൽ വിനോദത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും ജലപ്രവാഹമുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,