മസ്‌കത്ത്: മസ്‌കത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി ഇബ്രാഹീംകുട്ടി ഷഹാൽ (63) ആണ് മരിച്ചത്. വാദികബീർ കേന്ദ്രമായുള്ള എൻജിൻ ഓയിൽ വിപണന സ്ഥാപനത്തിലെ സെയിൽസ്മാനായി ജോലി ചെയ്തുവരുകയായിരുന്നു. റൂട്ടിൽ പോയപ്പോൾ ഞായറാഴ്ച വൈകീട്ട് ലിവയിൽ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്.

ഇതേ തുടർന്ന് ലിവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സൊഹാർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് മസ്‌കത്തിലേക്ക് കൊണ്ടുവരും.

15 വർഷമായി ഇബ്രാഹീം കുട്ടി മസ്‌കത്തിലുണ്ട്. സലീനയാണ് ഭാര്യ. മൂത്തമകൻ ഷാലിൻ മസ്‌കത്തിലുണ്ട്. സനീഷ് മറ്റൊരു മകനാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി സഹപ്രവർത്തകർ അറിയിച്ചു.