മനാമ: ന്യൂമോണിയ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണത്തിന് കീഴടങ്ങി. കുടക് സ്വദേശിയും കാസർകോട് ബേക്കലിലെ താമസക്കാരനുമായ സൈനൂദ്ദീൻ ആണ് മരിച്ചത്. പരേതന് 26 വയസായിരുന്നു പ്രായം.

ന്യൂമോണിയ ബാധിച്ച് 10 ദിവസത്തോളമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു.മനാമ കാലിക്കറ്റ് മൊബൈൽസിൽ ടെക്നീഷനായി ജോലി നോക്കുകയായിരുന്നു.മുൻപും ബഹ്റൈനിൽ തന്നെ ജോലി ചെയ്തിരുന്ന സൈനുദ്ദീൻ അസുഖത്തെ തുടർന്ന് നാട്ടിലേയ്ക്ക് തിരിച്ചു പോയിരുന്നു. എന്നാൽ വീട്ടിലെ ദാരിദ്ര്യവും സ്വന്തമായി വീടെന്ന
സ്വപ്നവും കണക്കിലെടുത്ത് വീണ്ടും ബഹ്‌റൈനിലേയ്ക്ക് മടങ്ങുകയായിരുന്നു.

ബേക്കലിലെ വാടക ക്വർട്ടേഴ്സിൽ താമസിക്കുന്ന കുടുംബത്തിന്റെ ഏക ആത്താണിയാ  യിരുന്നു സൈനൂദ്ദീൻ.പിതാവ് അബ്ദുല്ല കൂലിപ്പണിയെടുത്താണ് കുടുംബത്തെ പോറ്റുന്നത്. ഹൃദ്രോഗിയായ മാതാവിന് മരുന്നിനും മറ്റുമായി നല്ലൊരു തുക മാസം ആവശ്യമായി വരും. അത്തരം ഒരു ഘട്ടത്തിലാണ് സൈനൂദ്ദീൻ വീണ്ടും ബഹ്‌റൈനിലേയ്ക്ക് വിമാനം കയറിയത്. ആഗ്രഹങ്ങൾ
എല്ലാം ബാക്കിവച്ചു കൊണ്ടാണ് സൈനുദ്ദീൻ ജീവിതത്തോട് വിടവാങ്ങിയത്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.