അബുദാബി: ജോലി സ്ഥലത്ത് മലയാളി യുവാവ് കൊല്ലപ്പെട്ട കേസിൽ ആറ്റിങ്ങൽ സ്വദേശിക്ക് വധശിക്ഷ. കോട്ടയം കറുകച്ചാൽ പുത്തൻപുരയ്ക്കൽ ചമ്പക്കര സുബിൻ കൊല്ലപ്പെട്ട കേസിലാണ് ആറ്റിങ്ങൾ പുറമ്പച്ചാനി ഹൗസിൽ സന്തോഷിന് അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. അതേസമയം കൊല്ലപ്പെട്ട സുബിന്റെ കുടുംബം സന്തോഷിന് മാപ്പു നൽകിയാൽ വധശിക്ഷയിൽ ഇളവു ലഭിക്കും. എന്നാൽ മാപ്പു നൽകാൻ സുബിന്റെ കുടുംബം 50 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. നിർധന കുടുംബത്തിലെ അംഗമായ സന്തോഷിനോ ബന്ധുക്കൾക്കോ ഇത്രയും വലിയ തുക കണ്ടെത്താൻ സാധിക്കില്ലെന്നിരിക്കേ ഭാവിയെന്തെന്ന് അറിയാതെ കുഴങ്ങുകയാണ് സന്തോഷും കുടുംബവും.

2011 ജൂലൈ 29നാണ് കേസിനാസ്പദമായ സംഭവം. അബുദാബിയിൽ ഇലക്ട്രീഷ്യനായ ജോലി ചെയ്തുവരികയായിരുന്നു സന്തോഷ്. ജോലി കഴിഞ്ഞ് മുറിയിൽ എത്തിയ സന്തോഷ് അടുത്ത മുറിയിൽ നിന്ന് വഴക്കു കേട്ടാണ് അവിടേയ്ക്ക് എത്തുന്നത്. എന്നാൽ ഇതിനിടയിൽ സന്തോഷിനും മർദനമേൽക്കുകയായിരുന്നു. തിരിച്ച് സ്വന്തം മുറിയിലെത്തിയ സന്തോഷിനെ മറ്റുള്ളവർ പിന്നാലെയെത്തി വീണ്ടും മർദിച്ചുവത്രേ. ഇതിനിടെ സുബിന് അബദ്ധത്തിൽ കുത്തേൽക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതിൽ സന്തോഷ് നിരപരാധിയാണെന്നും നിരപരാധിത്വം കോടതിയിൽ ബോധിപ്പിക്കാൻ അഭിഭാഷകന് കഴിയാതെ വന്നതാണ് തിരിച്ചടിയായതെന്നും കുടുംബാംഗങ്ങൾ പറയുന്നു.

ഗൾഫിൻ വന്നതിന് നാട്ടിൽ ഏറെ കടബാധ്യതകൾ ഉള്ള സന്തോഷിന് സുബിന്റെ കുടുംബം ആവശ്യപ്പെടുന്ന തുക കണ്ടെത്താൻ സുമനസുകളുടെ സഹായം തേടിക്കൊണ്ടിരിക്കുകയാണ്.