- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവരോടൊപ്പം പോയത് മരണം മുന്നിൽക്കണ്ട്; എങ്ങനെ കൊല്ലുന്നതെന്ന് മാത്രമേ അറിയാൻ ബാക്കിയുണ്ടായിരുന്നുള്ളു; താലിബാന്റെ പിടിയിൽ നിന്നും രക്ഷപ്പെടില്ലെന്ന് കരുതി'; അഫ്ഗാനിലെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് തിരിച്ചെത്തിയ മലയാളി യുവാവ്
കണ്ണൂർ: അഫ്ഗാനിസ്ഥാനിൽ മരണത്തെ മുഖാമുഖം കണ്ടശേഷം നാട്ടിൽ തിരിച്ചെത്തിയതിന്റെ ആശ്വാസവും ആഹ്ലാദവും പങ്കുവച്ച് മലയാളിയായ ദലീൽ. താലിബാന്റെ പിടിയിൽ നിന്നും ഒരിക്കലും രക്ഷപ്പെടില്ലെന്നാണ് കരുതിയിരുന്നതെന്നും അഫ്ഗാനിലെ ആ ദിവസങ്ങൾ ഇപ്പോഴും തന്റെ കൺമുന്നിലുണ്ടെന്നും കണ്ണൂർവിമാനത്താവളത്തിൽ വെച്ച് ദീദിൽ പറഞ്ഞു.
ഒമ്പത് വർഷമായി അഫ്ഗാനിൽ ഒരു യു.എസ് കമ്പനിക്കുവേണ്ടി ജോലി ചെയ്തുവരികയായിരുന്നു ദീദിൽ. മലയാളികളായ മിക്കവരും തിരിച്ചെത്തിയിട്ടുണ്ടെന്നാണ് താൻ കരുതുന്നതെന്ന് ദീദിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഭാഗത്തുനിന്നും മികച്ച ഇടപെടലുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അവസാന ദിവസം പ്രതീക്ഷ മുഴുവൻ പോയിരുന്നു. മരണം മുന്നിൽക്കണ്ടു തന്നെയാണ് അവരോടൊപ്പം പോയത്. എങ്ങനെയാണ് കൊല്ലുന്നതെന്ന് മാത്രമേ അറിയാൻ ബാക്കിയുണ്ടായിരുന്നുള്ളു. താലിബാനിലെ ഒരാളോട് 'എന്നെ സഹായിക്കാനാരുമില്ല' എന്ന് പറഞ്ഞു,' കണ്ണുകൾ നിറഞ്ഞും തൊണ്ടയിടറിയും ദീദിൽ പറഞ്ഞു.
കാബൂളിലെ വിമാനത്താവളത്തിലേക്ക് താലിബാൻ അന്നെത്തുമെന്നോ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോകുമെന്നോ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 21നായിരുന്നു ഇന്ത്യയിലേക്ക് വരാനിരുന്ന സംഘത്തെ വിമാനത്താവളത്തിന് മുന്നിൽ നിന്നും താലിബാൻ കൊണ്ടുപോയത്. ഇതിൽ അഫ്ഗാനിലെ ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്കാരായിരുന്നു കൂടുതൽ.
ആദ്യം തട്ടിക്കൊണ്ടുപോകലാണെന്നായിരുന്നു അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത്. ഇത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ചില വിവരങ്ങൾ അന്വേഷിക്കാനായി ഈ സംഘത്തെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതാണെന്ന് താലിബാൻ അറിയിക്കുകയായിരുന്നു. ഇന്ത്യൻ സർക്കാരിന്റെ ഇടപെടൽ ശക്തമായതിന് പിന്നാലെ താലിബാൻ ഇവരെ വിട്ടയക്കുകയായിരുന്നു.
താലിബാന്റെ പിടിയിൽ കഴിഞ്ഞ മണിക്കൂറുകളെ ഏറെ ഭയത്തോടെയാണ് ദീദിൽ ഓർക്കുന്നത്. 'അവർ സാധാരണ പോകുന്ന വഴിയിൽ നിന്നും മാറിയപ്പോൾ തന്നെ പേടിയായി. കണ്ണുകൾകൊണ്ടും ആംഗ്യം കാണിച്ചുമായിരുന്നു അപ്പോൾ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്തിരുന്നത്. തീരും എന്നുതന്നെ എല്ലാവരും ഉറപ്പിച്ചു.
അവസാനം എല്ലാം കഴിഞ്ഞ് ഈ അഞ്ച് ബസും ഇന്ത്യൻ പ്രതിനിധികളുടെയും യു.എസ് സേനയുടെയും അടുത്തെത്തിയതായിരുന്നു ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം. ബസിൽ നിന്നിറങ്ങിയതും എല്ലാവരും ഭാരത് മാതാ കീ ജയ് വിളിച്ചു. എല്ലാവരും ദൈവത്തോട് കൈകൂപ്പി നന്ദി പറയുന്നതും കാണാമായിരുന്നു,' ദീദിൽ പറഞ്ഞു.
'ഇന്ത്യൻ സർക്കാർ ഏറെ സഹായിച്ചു. എനിക്ക് അതിനേക്കാൾ കംഫർട്ട് തോന്നിയത് സംസ്ഥാന സർക്കാർ പ്രതിനിധികളോട് സംസാരിക്കുമ്പോഴായിരുന്നു. ആ അവസ്ഥയിൽ മലയാളത്തിൽ സംസാരിക്കാൻ സാധിച്ചത് ഭാഗ്യമായിരുന്നു. ഇന്റലിജൻസ്, പൊലീസ് ഉദ്യോഗസ്ഥരെല്ലാം ദിവസവും എന്നെ വിളിക്കുന്നുണ്ടായിരുന്നു. ആവശ്യങ്ങൾ ചോദിക്കുമായിരുന്നു.
നോർക സിഇഒ സാറിനെ ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ഇപ്പോൾ ഇവിടെ എത്തിയ ശേഷവും വീട്ടിലെത്താൻ വാഹനമോ മറ്റോ വേണമോ എന്ന് ചോദിച്ച് അന്വേഷിച്ചിരുന്നു. ഡൽഹിയിലെത്തിയാലും എനിക്ക് ആരുമില്ലെന്ന് അറിയാവുന്നതുകൊണ്ട് കേരള ഹൗസിൽ താമസിക്കാൻ സൗകര്യമൊരുക്കിയിരുന്നു,' ദീദിൽ പറഞ്ഞു.
അഫ്ഗാനിലെ നിലവിലെ സ്ഥിതിയെ കുറിച്ചും ദിലീൽ സംസാരിച്ചു. സ്ത്രീകൾ പഠിക്കാനോ ആധുനിക ജീവിതം നയിക്കാനോ പാടില്ലെന്ന് തന്നെയാണ് താലിബാൻ പറയുന്നതെന്നും ഇത് സംബന്ധിച്ച് അഫ്ഗാനിൽ നിന്നും വരുന്ന വാർത്തകൾ സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാനിലെ കോളേജുകളിൽ പഠിപ്പിച്ചിരുന്ന ഇന്ത്യക്കാരായ വനിതാ അദ്ധ്യാപകരും തിരിച്ചുവന്നിരിക്കുകയാണെന്നും ദീദിൽ പറഞ്ഞു. അഫ്ഗാനിൽ വിമാനത്തിലേക്ക് ആളുകൾ കൂട്ടമായി കയറാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളെല്ലാം അവിടെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും ദിലീൽ പറഞ്ഞു.
'3000 4000 അഫ്ഗാൻകാർ വിമാനത്താവളത്തിന് പുറത്തുണ്ട്. അപ്പോൾ നമുക്ക് മാത്രമായി യു.എസ് സേനക്ക് ഗേറ്റ് തുറന്നുതരാൻ പറ്റില്ല. ഇവരെല്ലാവരും അകത്തു കയറും. അതുകൊണ്ട് ഇന്ത്യൻ സർക്കാർ ഒരു തന്ത്രം പ്രയോഗിച്ചു. അതെന്താണെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. എല്ലാവരും സുരക്ഷിതമായി തിരിച്ചെത്തട്ടെ,' ദീദിൽ പറയുന്നു.
ഭാവിയെ കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും എന്തെങ്കിലും ചെയ്യാമെന്നാണ് കരുതുന്നതെന്നും ദീദിൽ പറയുന്നു. വീട്ടിൽ അമ്മ കാത്തിരിക്കുകയാണെന്നും അങ്ങോട്ട് എത്തണമെന്ന് മാത്രമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് ദീദിൽ വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ