റിയാദിൽ മലയാളി യുവാവിനെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ രാമൻകുഞ്ഞ് സ്വദേശി തണ്ടുപാറക്കൽ മുഹമ്മദ് ശരീഫിനെയാണ് താമസസ്ഥലത്തെ വർക്ക്‌ഷോപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ഭാര്യ കരുളായി സ്വദേശിനി അസ് ലിയയും ബന്ധുക്കളും റിയാദിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ജോലിക്ക് എത്തിയ തൊഴിലാളികളാണ് വർക്ക്‌ഷോപ്പിൽ
ശരീഫിന്റെ മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. കൈകാലുകൾ കൂട്ടിക്കെട്ടി വായിൽ തുണിതിരുകിയ നിലയിലാണ് ശരീഫിന്റെ മൃതദേഹം കണ്ടെതെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചതായി ബന്ധുക്കൾ പരാതിയിൽ പറയുന്നു. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഭർത്താവിന് ഇല്ലായിരുന്നെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും ഭാര്യ എംബസിക്ക് നൽകിയ പരാതിയിൽ പറയുന്നു.

പത്ത് ദിവസം മുമ്പ് ബംഗ്ലാദേശികളായ തൊഴിലാളികൾ ജോലി സ്ഥലത്ത് വച്ച് മർദ്ദിച്ചിരുന്നു. അബോധാവസ്ഥയിലായ ഷരീഫിനെ പിന്നീട് സൂലൈയിലെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റിയതായും ബന്ധുക്കൾ പറയുന്നു. അവിടെ വച്ച് വീണ്ടും മർദ്ദിച്ച് കെട്ടിത്തൂക്കി കൊല്ലുകയായിരുന്നുവെന്നാണ് അനുജൻ ജുനൈദ് അറിയിച്ചത്. സംഭവമറിഞ്ഞ് ഷരീഫിന്റെ മൂത്ത സഹോദരൻ ഫൈസൽ റിയാദിലെത്തി. മാതാവ് കൗലത്ത്, ഭാര്യ: അസ്ലിയ, മകൻ അൻഷിദ്.

ഏഴുവർഷമായി റിയാദിലെ ഒരു കരാർ കമ്പനിക്ക് കീഴിൽ സ്വിമ്മിങ് പൂൾ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ശരീഫ്. മൃതദേഹം ഇപ്പോൾ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.