റിയാദ്; മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ചു. കാസർകോട് ചെമ്മനാട് പരവനടുക്കം സ്വദേശി എ ബി മുഹമ്മദ് (56) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

ദമ്മാമിൽ ഓട്ടോ വേൾഡ് എന്ന കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു. ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം എന്ന സംഘടനയുടെ മുഖ്യഭാരവാഹിയായിരുന്നു. ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. ഭാര്യ: നസീബ മുഹമ്മദ്. മക്കൾ: ഹിബ, നിദ, ആസ്യ. മൃതദേഹം ദമ്മാമിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനൽ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റർ, കാസർകോട് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ അറിയിച്ചു.