മനാമ: കുടുംബം പുലർത്താൻ ജോലി തേടി മണലാരണ്യങ്ങളിലേക്കു പോകുന്ന ഒരു വീട്ടമ്മയുടെ കഥയാണ് ഗദ്ദാമ എന്ന ചിത്രത്തിലൂടെ സംവിധായകൻ കമൽ പറഞ്ഞത്. കാവ്യ മാധവൻ അവതരിപ്പിച്ച വീട്ടമ്മയുടെ ദുരിതാനുഭവങ്ങൾ ചിത്രം കണ്ടവരുടെ മനസിൽ നിന്നു മാഞ്ഞിട്ടുണ്ടാകില്ല. വീട്ടുടമസ്ഥരുടെ പീഡനം സഹിച്ചു കഴിഞ്ഞ ഈ വീട്ടമ്മ ഒടുവിൽ ഏറെ സാഹസികത നിറഞ്ഞ നീക്കങ്ങൡൂടെ രക്ഷപ്പെട്ടു നാട്ടിലെത്തുന്നു.

ഈ സിനിമാക്കഥയെ പോലും വെല്ലുന്ന തരത്തിലാണ് ബഹ്‌റൈനിൽ നടന്ന സംഭവം. ജോലി സ്ഥലത്തു ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന കണ്ണൂർ സ്വദേശിനി ഒടുവിൽ സാഹസികമായി രക്ഷപ്പെടുകയായിരുന്നു. സാമൂഹ പ്രവർത്തകൻ സലാം അമ്പാട്ടിന്റെ സഹായത്തോടെയാണ് കുടുംബം പുലർത്താൻ അന്യനാട്ടിൽ ഏറെ കഷ്ടപ്പാടുകൾ അനുഭവിച്ച ഈ വീട്ടമ്മ രക്ഷപ്പെട്ടത്.

സംഭവിച്ച കാര്യങ്ങൾ ഓർമ്മിച്ച് എടുക്കുമ്പോൾ ഇപ്പോഴും സലാം അമ്പാട്ടിന് ഞെട്ടൽ മാറുന്നില്ല. തന്റെ മകൾ ഷീബ ബഹ്‌റൈനിൽ ജോലി സ്ഥലത്ത് പീഡനം അനുഭവിക്കുകയാണെന്നു കാട്ടി രണ്ടു ദിവസം മുമ്പ് കണ്ണൂർ കേളകം പൂക്കുന്നേൽ സെലിൻ എന്ന വയോധിക മാതാവ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പരാതി നൽകിയിരുന്നു. മകൾ വീട്ടു തടങ്കലിൽ ആണെന്നും അവരെ രക്ഷിക്കണം എന്നും ഈ അമ്മ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

മാദ്ധ്യമങ്ങളിൽ വന്ന വാർത്തളിലൂടെയാണ് ഈ വിവരം സലിം അറിഞ്ഞത്. തുടർന്ന് ഈ സ്ത്രീ ജോലി ചെയ്യുന്ന വീട് കണ്ടെത്തുവാനുള്ള ശ്രമം സലാം ആരംഭിച്ചു. ബഹ്‌റൈനിൽ വലിയ സുഹൃത്ത് വലയമുള്ള സലാം അവരുടെ സഹായത്തോടെ ഇവർ താമസിക്കുന്ന കർബാബാദിലെ വീട് കണ്ടെത്തി.

തുടർന്നു സുഹൃത്തുക്കളുടെ സഹായത്തോടെ അവരുടെ മൊബൈൽ നമ്പർ കണ്ടെത്തുകയും ചെയ്തു. പരാതിയിൽ പറഞ്ഞിരിക്കുന്നതിലും ഭീകരമാണ് അവരുടെ ജീവിതം എന്നും സലിം മനസിലാക്കി.

വീട്ട് തടങ്കലിൽ ആയ ഈ യുവതിക്കു ദിവസവും 18 മണിക്കൂറോളം ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ആവശ്യത്തിന് ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ലഭിക്കാറുമില്ല. ഇതെല്ലാം മനസിലാക്കിയ സലാം ഏത് വിധേയനെയും യുവതിയെ രക്ഷിക്കുവാൻ തന്നെ തീരുമാനിച്ചു.

തുടർന്നു സിനിമയെ വെല്ലുന്ന രീതിയിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വീട്ടുടമസ്ഥൻ ഉറങ്ങിയ ശേഷം മാത്രമേ അവരെ രക്ഷിക്കുവാൻ സാധിക്കു എന്ന് മനസിലാക്കിയ സലാം ചൊവ്വാഴ്‌ച്ച രാത്രി മുതൽ അവരെ രക്ഷിക്കുവാൻ വേണ്ടി വീടിന് മുന്നിൽ ഉറക്കമിളച്ച് കാത്ത് നിന്നു. പൊലീസ് പട്രോളിങ് ഉള്ള ഏരിയ ആയതുകൊണ്ട് രക്ഷപെടുത്തൽ ഏറെ ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു.

വീട്ടുകാർ ഉറങ്ങിയ ശേഷം രണ്ടാം നിലയിൽ നിന്നും അവരെ താഴെ എത്തിക്കുവാൻ തീരുമാനിച്ചു. പുലർച്ചെ നാലുവരെ കാത്തിരുന്ന ശേഷമാണ് പാളികൾ ഇല്ലാത്ത ജനലിലൂടെ ഷീബയൊട് താഴേക്കു ചാടുവാൻ ആവശ്യപ്പെത്. ഭിത്തിയോട് ചേർന്ന് നിന്ന് തന്റെ പുറത്തേക്ക് ചാടിയ ഷീബയെയും കൊണ്ട് അതിസാഹസികമായി തന്റെ കാറിൽ ഇന്ത്യൻ എംബസിയിൽ എത്തിക്കുകയാണ് സലാം ചെയ്ത്.

വീഴ്ചയിൽ ഷീബയുടെ കാലിന് ചെറുതായി പരിക്കു പറ്റിയിരുന്നു. എംബസിയിൽ വീട്ട് ജോലിക്കാരിയെയും രക്ഷിച്ച ആളെയും തിരഞ്ഞ് വീട്ടുടമസ്ഥന്റെ ആളുകളും പിന്നാലെ എത്തി. എംബസ്സി ഉദ്യോഗസ്ഥർ തൊഴിൽ ഉടമയെ വിളിച്ച് വരുത്തി എത്രയും വേഗം ഷീബയെ നാട്ടിൽ എത്തിക്കുവാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.

തൊഴിലുടമയുമായി സംസാരിച്ച് ഒത്തുതീർപ്പിൽ എത്തി. വിസ ക്യാൻസൽ ചെയ്ത് ഇവരെ നാട്ടിൽ അയക്കാമെന്ന് തൊഴിലുടമ അറിയിച്ചു. അതിന് ശേഷം ഷീബയെ എംബസിയുടെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

വീട്ടു തടങ്കലിൽ നിന്നു രക്ഷപെടുവാൻ സാധിച്ചതിൽ ആശ്വാസത്തിലാണു ഷീബ. ജനൽ വഴി താഴേക്ക് ചാടിയപ്പോൾ കാലിന് ചെറുതായി പരിക്ക് പറ്റിയ ഷീബയെ ആശുപത്രിയിൽ കൊണ്ടുപോയതും സലാം തന്നെയാണ്. ഇന്നലെ വൈകിട്ടത്തെ ഇത്തിഹാദ് എയർലൈൻസിൽ ഷീബ നാട്ടിലേക്ക് തിരിച്ചു.

രണ്ട് ലക്ഷം രൂപ ഏജന്റിനു നൽകിയാണ് വീട്ടുജോലിക്കായി ഇവർ ബഹ്‌റൈനിൽ എത്തിയത്. 30,000 രൂപ ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നു എങ്കിലും ലഭിച്ചിരുന്നത് 10,000 രൂപ മാത്രമാണ്. ഭർത്താവ് മരിച്ച ശേഷം കുട്ടികളെയും വയോധികയായ മാതാവിനെയും മക്കളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്താണു ഷീബ ബഹ്‌റൈനിൽ എത്തിയത്.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ