തൊഴിലുടമയുടെ പീഡനത്തിനെതിരെ ശബ്ദിച്ചതിന് മലയാളി യുവതിയുടെ പേരിൽ റൺഎവേ കേസ് നല്കി ജയിൽ അടച്ച സംഭവത്തിൽ തൊഴിലുടമ നലകിയ പരാതി വ്യാജമെന്ന് കോടതി കണ്ടെത്തി.കഴിഞ്ഞ അഞ്ച് മാസമായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ശമ്പളം ലഭിക്കാത്തിനെ തുടർന്ന് യുവതിയും അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലയാളി ഡ്രൈവറും ചേർന്ന് ലേബർ കോടതിയിൽ പരാതി നല്കുക യായിരുന്നു.

തുടർന്ന് ലേബർ ഓഫീസിൽ നിന്ന് ഇന്ത്യൻ എംബസിയിലും പൊലീസ് സ്‌റ്റേഷനിലും പരാതി നല്കാൻ നിർദ്ദേശിക്കുകയും പരാതി നല്കാനായി പൊലീസ് സ്‌റ്റേഷനിലെത്തിയ യുവതിയുടെ സിപി ആർ പരിശോധി്ക്കുകയും കമ്പനിയിൽ നിന്ന് ചാടിപ്പോയതായി പരാതി ഉണ്ടെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.രണ്ട് ദിവസം ജയിലിൽ കിടന്ന യുവതിയെ സഹോദരൻ അഭിഭാഷകൻ മുഖേന പുറത്തിറക്കുകയുമായിരുന്നു.

പരാതിക്കാരിയായ യുവതി സ്ഥാപനത്തിൽ നിന്നും 5000 ദിനാർ എടുത്ത് സ്ഥാപനം വിട്ട് പോയെന്നാണ് തൊഴിലുടമ പരാതി നല്കിയത്. ഇതിനെ തുടർന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തൊഴിലുടമയുടെ പരാതിക്ക് യാതൊരുവിധ അടിസ്ഥാനമില്ലെന്ന് കണ്ടെത്തി. ഇതോടെ കോടതി യുവതിക്ക് ശമ്പളവപം പാസ്‌പോർട്ടും തിരികെ നല്കി.