അബുദാബി: 12 കോടിയുടെ ലോട്ടറിയടിച്ച എറണാകുളം സ്വദേശിയെ കണ്ടെത്തി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 12.2 കോടി രൂപ(70 ലക്ഷം ദിർഹം) യുടെ സമ്മാനമാണ് പെരുമ്പാവുർ കുറുപ്പംപടി വേളൂർ സ്വദേശിയായ മാനേക്കുടി മാത്യു വർക്കിക്ക് ലഭിച്ചത്. ഫോൺ വെള്ളത്തിൽ പോയതിനാൽ ബിഗ് ടിക്കറ്റിന്റെ അധികൃതർ മാത്യുവിനെ ഫോണിൽ വിളിച്ച് കിട്ടിയിരുന്നില്ല. അതിനാൽ സമ്മാന തുക ചാരിറ്റി സംഘടനക്ക് നൽകാൻ ഒരുങ്ങുകയായിരുന്നു. ഇതിനിടയിലാണ് മാത്യു വിവരം അറിഞ്ഞത്. ഈ മാസം 17ന് യുഎഇയിൽ തിരിച്ചെത്തുന്ന ഇദ്ദേഹം തുടർന്ന് സമ്മാനം കൈപ്പറ്റും.

മാത്യു വർക്കിയെ കണ്ടെത്താനായില്ലെന്നും ആറ് മാസത്തിനകം സമ്മാന ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പണം ജീവകാരുണ്യ പ്രവർത്തനത്തിന് കൈമാറുമെന്നും ഇന്ന് രാവിലെ അധികൃതർ അറിയിച്ചിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട മാത്യു വർക്കിയുടെ ബന്ധുക്കൾ വീട്ടിലേയ്ക്ക് ഫോൺ വിളിച്ച് വിവരം കൈമാറി. തുടർന്ന് മാത്യു വർക്കി അൽഐനിലുള്ള കൂട്ടുകാരുമായി ബന്ധപ്പെടുകയും അവർ ബിഗ് ടിക്കറ്റ് അധികൃതർക്ക് നാട്ടിലെ ഫോൺ നമ്പർ നൽകുകയും ചെയ്തു. ഇന്ന് ഉച്ചയോടെ ബിഗ് ടിക്കറ്റ് അധികൃതർ മാത്യു വർക്കിയെ ഫോണിൽ ബന്ധപ്പെട്ടു.

കഴിഞ്ഞ 33 വർഷമായി യുഎഇയിലുള്ള മാത്യു വർക്കി അൽഐൻ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കൂടെ താമസിക്കുന്ന കർണാടക സ്വദേശി സിറിൾ ഡിസിൽവ, പാക്കിസ്ഥാൻ സ്വദേശി ദിൽ മുറാദ് എന്നിവരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. ബിഗ് ടിക്കറ്റ് ആരംഭിച്ചതു മുതൽ ഇവർ ടിക്കറ്റ് എടുക്കാറുണ്ട്. ആദ്യമായാണ് ഒരു ലോട്ടറിയിൽ സമ്മാനം ലഭിക്കുന്നത്. ദൈവം തന്ന സമ്മാനമാണ് ഇതെന്നാണ് മാത്യു വർക്കിയുടെ ആദ്യ പ്രതികരണം. ഇത്രയും കാലം ചെലവാക്കിയതെല്ലാം തിരിച്ചുകിട്ടിയിരിക്കുന്നു.

ടിക്കറ്റിന് പണം മുടക്കിയ കൂട്ടുകാർക്ക് പണം തുല്യമായി വീതിച്ചു നൽകുകയാണ് ആദ്യത്തെ കർത്തവ്യം. 500 ദിർഹമുള്ള ടിക്കറ്റിന് 250 ദിർഹം മാത്യു വർക്കിയും ബാക്കി 250 ദിർഹത്തിൽ 125 ദിർഹം വീതം കൂട്ടുകാരുമാണ് മുടക്കിയിരുന്നത്. എല്ലാം തീരുമാനിക്കുന്നത് ദൈവമാണ്. ഈ വർഷം അവസാനത്തോടെ നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്. കുടുംബത്തോട് ആലോചിച്ച് മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്ന് മാത്യു വർക്കി പറയുന്നു.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഭാഗ്യവാനെ ഇത്രയും നാൾ കണ്ടുകിട്ടാത്ത സംഭവമുണ്ടാകുന്നത്. ആറ് മാസത്തിനകം സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകണം എന്നതാണ് നിയമം. ബിഗ് ടിക്കറ്റ് വാങ്ങിക്കുമ്പോൾ പേരും ഫോൺ നമ്പരും പോസ്റ്റ് ബോക്‌സ് നമ്പരും മാത്രമേ നൽകാറുള്ളൂ. അൽഐനിലെ പോസ്റ്റ് ബോക്‌സ് നമ്പരാണ് മാത്യു വർക്കി നൽകിയിരുന്നത്. എന്നാൽ അധികൃതർ നടത്തിയ പരിശോധനയിൽ ഇദ്ദേഹം ഓഗസ്റ്റ് 24ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ടിക്കറ്റെടുത്ത ശേഷം കൊച്ചിയിലേയ്ക്ക് യാത്ര ചെയ്തതായി കണ്ടെത്തിയിരുന്നു.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഇതുവരെ 178 കോടിപതികളുണ്ടായിട്ടുണ്ട്. ഒട്ടേറെ ഇന്ത്യക്കാർ കോടിപതികളായി. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. ഈ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് നറുക്കെടുപ്പിൽ 12 കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം പരപ്പനങ്ങാടി സ്വദേശി നിഷിതാ രാധാകൃഷ്ണപിള്ളയ്ക്ക് 18 കോടിയോളം രൂപയും സമ്മാനമായി ലഭിച്ചിട്ടുണ്ട്്

മാത്യു വർക്കിയുടെ ഭാര്യ ചിന്നമ്മ മാത്യു അൽഐൻ ആശുപത്രിയിൽ നഴ്‌സാണ്. മകൻ ടോണി മാത്യു പഠനത്തിനായി അമേരിക്കയിലേയ്ക്ക് പോകാനൊരുങ്ങകയാണ്. പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു മകളുമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് 024039 എന്ന നമ്പരിലുള്ള മാത്യു വർക്കിയെടുത്ത ടിക്കറ്റിനെ ഭാഗ്യദേവത കടാക്ഷിച്ചത്.