ദുബായ്: കൂട്ടുകാർക്കൊപ്പം ബീച്ചിൽ കുളിക്കാൻ പോയ മലയാളി യുവാവ് മുങ്ങിമരിച്ചു. ജുമൈറ ബീച്ചിൽ കൂട്ടുകാർക്കൊപ്പം പോയ മലപ്പുറം പുത്തനത്താണി തവളംചിന ചങ്ങനക്കാട്ടിൽ നൗഷാദ് (28) ആണ് മുങ്ങിമരിച്ചത്. ദുബായ് അൽ ബർഷ ഒന്നിലുള്ള റസാഫ ഗ്രോസറിയിൽ ജീവനക്കാരനായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ 3.30നാണ് അത്യാഹിതം നടക്കുന്നത്. എട്ടുപേർക്കൊപ്പം കടലിൽ കുളിക്കുമ്പോഴാണ് നൗഷാദ് മുങ്ങിപ്പോകുന്നത്. അവശ നിലയിലായ നൗഷാദിനെ സുഹൃത്തുക്കൾ കരയ്ക്കു കയറ്റി ആംബുലൻസിൽ ബർഷയിലുള്ള സൗദി ജർമൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എട്ട് വർഷമായി അൽ റസാഫ ഗ്രോസറിയിൽ ജോലി ചെയ്തുവരികയായിരുന്നു നൗഷാദ്. ഫെബ്രുവരി നാലിന് നാട്ടിൽ പോകാനിരിക്കുകയായിരുന്നു. കോമുവാണ് നൗഷാദിന്റെ പിതാവ്. മാതാവ്: ആസിയ. മൂന്ന് സഹോദരങ്ങളുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവർത്തകർ അറിയിച്ചു.