കൊല്ലം:  ദക്ഷിണാഫ്രിക്കയിൽ മോഷ്ടാക്കളുടെ വെടിയേറ്റു മലയാളി യുവാവ് മരിച്ചു. കൊട്ടാരക്കര വള്ളക്കടവ് ചെക്കാലയം വീട്ടിൽ അജേഷ് ജോൺ (27) ആണ് ദക്ഷിണാഫ്രിക്കയിലെ ജൊഹനസ്ബർഗിൽ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചത്. ജോൺ-അമ്മിണി ദമ്പതികളുടെ മകനാണ്. ജൊഹനസ്ബർഗിലെ കീ വെസ്റ്റ് ബൻജാര റെസ്‌റ്റോറന്റ് ഇൻ ചാർജായി ജോലി ചെയ്യുകയായിരുന്നു അജേഷ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് റാണ്ടണ്ടൽ സെസിൽ നൈറ്റ് സ്ട്രീറ്റിൽ വച്ച്  അജേഷ് ജോൺ ആക്രമണത്തിന് ഇരയായത്.

രാജസ്ഥാനിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥനാണ് അജേഷ്. ലീവെടുത്താണ് വിദേശത്തു ജോലിക്കു പോയത്. നാട്ടിലെത്തിയ അജേഷ് കഴിഞ്ഞ മാർച്ച് 16നാണ് മടങ്ങിപ്പോയത്. അവിവാഹിതനാണ്. സഹോദരി: ടീന.

അക്രമികളെ കണ്ടെത്താൻ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനും ശ്രമം നടക്കുകയാണ്. എന്ന് എത്തിക്കാനാവുമെന്ന് ഇന്ത്യൻ എംബസി അധികൃതർ ഇതുവരെ പറഞ്ഞിട്ടില്ല.